23 September 2025, 11:16 AM IST
.jpg?%24p=ffa7131&f=16x10&w=852&q=0.8)
ശ്രേയസ് അയ്യർ | ഫോട്ടോ - പിടിഐ
ലഖ്‌നൗ: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഇന്ത്യ എ ടീമില്‍നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. അസൗകര്യം ബിസിസിഐയെ അറിയിച്ചതായാണ് കരുതുന്നത്. അയ്യരുടെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍ ക്യാപ്റ്റന്റെ ചുമതലയേല്‍ക്കും. അതേസമയം, ടീമില്‍ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.
നാലുദിവസത്തെ ടെസ്റ്റില്‍ കളിക്കാനുള്ള അസൗകര്യം സെലക്ടര്‍മാരെ അറിയിച്ചാണ് അദ്ദേഹം മുംബൈയിലേക്ക് മടങ്ങിയത്. എങ്കിലും അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന മത്സരത്തില്‍ മധ്യനിരയില്‍ ശ്രേയസിനെ പരിഗണിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
നാലുദിവസം നീണ്ട അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രേയസ് 13 പന്തുകളില്‍നിന്ന് എട്ട് റണ്‍സാണ് നേടിയിരുന്നത്. ഈമാസം ബെംഗളൂരുവില്‍ നടന്ന ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിനായും താരം കളിച്ചിരുന്നു. 25,12 എന്നിങ്ങനെയായിരുന്നു ഇന്നിങ്‌സുകളിലെ സ്‌കോര്‍നില. എങ്കിലും ഒക്ടോബര്‍ രണ്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ അയ്യരെ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
Content Highlights: Shreyas Iyer Withdraws from India A Test, West Indies Series Spot Still Possible








English (US) ·