ടെസ്റ്റില്‍ സ്റ്റോപ് ക്ലോക്ക്, ഡിആര്‍എസ്സില്‍ മാറ്റം; നിയമങ്ങള്‍ അടിമുടി പൊളിച്ചെഴുതി ഐസിസി

6 months ago 6

gill pant

ഋഷഭ് പന്തും ശുഭ്മാൻ ​ഗില്ലും | AP

ന്യൂഡല്‍ഹി; അന്താരാഷ്ട്ര ക്രിക്കറ്റില്‍ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഡിസിഷന്‍ റിവ്യൂ സിസ്റ്റം (ഡിആര്‍എസ്), സ്‌റ്റോപ് ക്ലോക്ക്, പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് എന്നിവയിലെല്ലാം നിലവിലുള്ള ചട്ടങ്ങളെ പൊളിച്ചെഴുതുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ മത്സരങ്ങളില്‍ പുതിയ നിയമങ്ങളില്‍ ചിലത് ഇതിനോടകം നിലവില്‍ വന്നുകഴിഞ്ഞു. അതേസമയം ജൂലൈ 2 മുതല്‍ വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ഈ നിയമങ്ങള്‍ ബാധകമാകും.

ടെസ്റ്റ് ക്രിക്കറ്റിലും സ്‌റ്റോപ് ക്ലോക്ക്

പരിമിത ഓവര്‍ ക്രിക്കറ്റിന് പുറമേ റെഡ്‌ബോള്‍ ക്രിക്കറ്റിലും സ്‌റ്റോപ് ക്ലോക്ക് സംവിധാനവും കൊണ്ടുവരികയാണ് ഐസിസി. കുറഞ്ഞ ഓവര്‍നിരക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് സ്റ്റോപ് ക്ലോക്കിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ നിയമപ്രകാരം ഫീല്‍ഡിങ് ടീം ഒരു മിനിറ്റിനുള്ളില്‍ പുതിയ ഓവര്‍ ആരംഭിച്ചിരിക്കണം. ഇത് നടപ്പാക്കിയില്ലെങ്കില്‍ അമ്പയര്‍മാര്‍ രണ്ട് മുന്നറിയിപ്പുകള്‍ നല്‍കും. അതിന് ശേഷവും ഇത് തുടര്‍ന്നാല്‍ അഞ്ച് റൺസ് പെനാല്‍റ്റി വിധിക്കും. ഓരോ 80 ഓവറിന് ശേഷവും ഈ മുന്നറിയിപ്പുകള്‍ പുതുക്കുന്നതായിരിക്കും.

ഉമിനീര്‍ ഉപയോഗിച്ചാലും പന്ത് മാറ്റേണ്ടതില്ല

പന്തില്‍ ഉമിനീര്‍ പുരട്ടുന്നതിന് ഐസിസി വിലക്കുണ്ടെങ്കിലും പന്തില്‍ ഉമിനീര്‍ കണ്ടെത്തിയാല്‍ അമ്പയര്‍മാര്‍ പന്ത് മാറ്റണമെന്ന് നിര്‍ബന്ധമില്ലെന്നാണ് പുതിയ നിയമം. പന്ത് മാറ്റാനായി ടീമുകള്‍ മനപൂര്‍വ്വം ഉമിനീര്‍ പുരട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ തീരുമാനം. അതായത് പന്തില്‍ വലിയ മാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ മാത്രമേ അമ്പയര്‍മാര്‍ പുതിയ പന്ത് ഉപയോഗിക്കേണ്ടതുള്ളൂ. (പന്ത് കൂടുതല്‍ നനഞ്ഞിരിക്കുകയോ, കൂടുതല്‍ തിളക്കം വരുകയോ ചെയ്താല്‍) ഉമിനീര്‍ പുരട്ടിയിട്ടും പന്തില്‍ മാറ്റമൊന്നും വന്നില്ലെങ്കില്‍ ഉപയോഗിക്കുന്നത് തുടരാം. എന്നാല്‍ ബാറ്റിങ് ടീമിന് അഞ്ച് റണ്‍സ് നല്‍കും.

ഡിആര്‍എസ്

ഡിആര്‍എസ് സംവിധാനത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരു ബാറ്റര്‍, വിക്കറ്റ് കീപ്പര്‍ ക്യാച്ച് ചെയ്ത് പുറത്താകുന്ന സാഹചര്യം പരിഗണിക്കുന്നു. അമ്പയര്‍ ഔട്ട് വിധിക്കുകയും ബാറ്റര്‍ ഡിആര്‍എസ്സ് നല്‍കുകയും ചെയ്യുന്നു. പുതിയ നിയമപ്രകാരം ബാറ്റില്‍ പന്ത് കൊണ്ടിട്ടില്ലെന്ന് തെളിഞ്ഞാലും പാഡില്‍ തട്ടിയാല്‍ എല്‍ബിഡബ്ല്യു ഔട്ട് പരിശോധിക്കും.

എല്‍ബിഡബ്ല്യു ബോള്‍ ട്രാക്കിങ് പരിശോധനയില്‍ അമ്പയേഴ്‌സ് കോള്‍ ആണെങ്കില്‍ നേരത്തേ അമ്പയര്‍ ഔട്ട് നല്‍കിയത് പരിഗണിച്ച് ബാറ്റര്‍ ഔട്ടാകും.

നോബോൾ - ക്യാച്ചില്‍ സംശയമുണ്ടായാലും കൂടുതല്‍ പരിശോധന

സാധാരണഗതിയില്‍ ഒരു നോബോളിലാണ് ബാറ്റര്‍ ക്യാച്ച് ചെയ്യപ്പെടുന്നതെങ്കില്‍, ഫീല്‍ഡര്‍ എടുത്ത ക്യാച്ചില്‍ സംശയമുണ്ടായാലും കൂടുതല്‍ പരിശോധന നടത്താറില്ല. എന്നാല്‍ പുതിയ നിയമപ്രകാരം ക്യാച്ച് എടുത്തോ എന്ന് കൃത്യമായി പരിശോധിക്കും. അതിന് ശേഷം ക്ലീന്‍ ക്യാച്ചാണെന്ന് തെളിഞ്ഞാല്‍ ബാറ്റിങ് ടീമിന് നോബോളിന്റെ എക്‌സ്ട്രാ റണ്‍ മാത്രമേ ലഭിക്കൂ. മറിച്ചാണെങ്കില്‍ ബാറ്റര്‍മാര്‍ പൂര്‍ത്തിയാക്കിയ റണ്ണും ലഭിക്കും.

മറ്റു പരിഷ്കരണങ്ങൾ

ഒരു പന്തില്‍ ഒന്നിലധികം ഔട്ട് അപ്പീലുകള്‍ ഉയര്‍ന്നാല്‍ തേര്‍ഡ് അമ്പയര്‍ അത് നടന്ന ക്രമപ്രകാരമായിരിക്കും ഔട്ട് ആണോ എന്ന് പരിശോധിക്കേണ്ടത്.

ആഭ്യന്തര ക്രിക്കറ്റില്‍ താരങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റാല്‍ ടീമുകള്‍ക്ക് മുഴുവന്‍ സമയ പകരക്കാരെ കളിപ്പിക്കാം. ഗുരുതരമായി പരിക്കേറ്റുവെന്ന് മാച്ച് ഒഫീഷ്യലുകള്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്.

ഷോര്‍ട്ട് റണ്‍ സാഹചര്യത്തില്‍ നിയമം കടുപ്പിക്കുകയാണ് ഐസിസി. റണ്ണിനായി ഓടുന്നതിനിടെ ബാറ്റര്‍ മനപൂര്‍വ്വം ക്രീസില്‍ ബാറ്റ് കുത്താതിരുന്നതായി അമ്പയര്‍മാര്‍ കണ്ടെത്തിയാല്‍ അടുത്ത പന്ത് ആര് ബാറ്റ് ചെയ്യണമെന്ന് ഫീല്‍ഡിങ് ടീമിന്റെ ക്യാപ്റ്റന് തീരുമാനിക്കാം. അഞ്ച് റണ്‍സ് പെനാല്‍റ്റിയുമുണ്ടാകും.

പുതിയ നിയമപ്രകാരം ഏകദിനത്തില്‍ 35-ാം ഓവറിന് ശേഷം ഒരു ബോള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.

Content Highlights: icc caller regularisation changes drs halt timepiece successful tests

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article