Published: January 05, 2026 03:47 PM IST Updated: January 05, 2026 05:36 PM IST
1 minute Read
മുംബൈ∙ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കു തിരിച്ചടികളുടെ വർഷമായിരുന്നു 2025. രോഹിത് ശർമയും വിരാട് കോലിയും ടെസ്റ്റിൽനിന്നു വിരമിച്ചതിനു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 0–2ന് സമ്പൂർണ പരമ്പര തോൽവിയും ഇന്ത്യ ഏറ്റുവാങ്ങി. 13 മാസത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യ സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങുന്നത്. 2024 നവംബറിൽ ന്യൂസിലൻഡിനെതിരെ 0-3നാണ് ഇന്ത്യൻ തോറ്റത്. 2027ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെത്താൻ 2026ൽ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവച്ചേ മതിയാകൂ.
ഇതിനായി ബിസിസിഐക്കു മുന്നിൽ ഒരു നിർദേശം വച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ടീമംഗങ്ങൾക്ക് 15 ദിവസത്തെ പരിശീലന ക്യാംപ് സംഘടിപ്പിക്കണമെന്നാണ് ഗില്ലിന്റെ നിർദേശം. ‘‘ടെസ്റ്റ് പരമ്പരയിലേക്ക് കടക്കുന്നതിന് മുൻപ് ടീമിന് മികച്ച തയാറെടുപ്പ് ആവശ്യമാണെന്ന് ഗിൽ വ്യക്തമാക്കി. 2025ലെ ഷെഡ്യൂളിൽ ഒരു പ്രശ്നമുണ്ടായിരുന്നു. അതിനാൽ ടീമിന് തയാറെടുക്കാൻ ആവശ്യമായ സമയമില്ലായിരുന്നു. ഒരു ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് 15 ദിവസത്തെ റെഡ്-ബോൾ ക്യാംപുകൾ ഉണ്ടെങ്കിൽ അത് അനുയോജ്യമാണെന്ന് ഗിൽ ബോർഡിനോട് ശുപാർശ ചെയ്തു.’’– ബിസിസിഐ വൃത്തങ്ങൾ ദേശീയ മാധ്യമത്തോടു പറഞ്ഞു.
‘‘ഗിൽ ഇപ്പോൾ മികച്ച നിർദേശങ്ങൾ നൽകുന്നുണ്ട്. സെലക്ടർമാർക്കും ബിസിസിഐക്കും മുന്നിൽ കൂടുതൽ വ്യക്തതയോടെ അദ്ദേഹം തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. രോഹിത് ശർമയ്ക്കു ടീമിനു ശേഷം ശക്തനായ ഒരു ക്യാപ്റ്റന്റെ ആവശ്യകതയുള്ളതിനാൽ ഇത് ഇന്ത്യൻ ക്രിക്കറ്റിന് ശുഭസൂചനയാണ്. ടെസ്റ്റ്, ഏകദിന ടീമുകൾ ഗില്ലിന്റേതാണ്; അദ്ദേഹത്തിൽനിന്നു കൂടുതൽ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.’’– ബിസിസിഐ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
2025ൽ ഇന്ത്യയുടെ ടെസ്റ്റ് ഷെഡ്യൂൾ വളരെ തിരക്കേറിയതായിരുന്നു. ദുബായിൽ ഏഷ്യാ കപ്പ് നേടി നാല് ദിവസത്തിന് ശേഷം വെസ്റ്റിൻഡീസിനെതിരെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ടീം കളിച്ചു. പിന്നീട്, ഓസ്‌ട്രേലിയയുമായിട്ടുള്ള അഞ്ചാം ട്വന്റി20ക്കും ദക്ഷിണാഫ്രിക്കയുമായിട്ടുള്ള ആദ്യ ടെസ്റ്റിനും ഇടയിൽ വെറും ആറു ദിവസത്തെ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ.
2026ലും കാര്യങ്ങൾ വ്യത്യസ്തമല്ല. അതിനാൽ ഓരോ പരമ്പരയ്ക്കും മുൻപ് 15 ദിവസത്തെ ക്യാംപ് സംഘടിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയായിരിക്കും. ക്യാംപ് സംഘടിപ്പിച്ചാൽ, സിഒഇ ക്രിക്കറ്റ് മേധാവി വിവിഎസ് ലക്ഷ്മണിന്റെ സേവനം ഉപയോഗപ്പെടുത്തുമെന്നും വിവരമുണ്ട്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ വൈറ്റ്-ബോൾ ടീമിന്റെ തിരക്കിലായതിനാലാണ് ഇത്.
English Summary:








English (US) ·