ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന നാഴികക്കല്ലിന് വെറും 770 റണ്‍സ് മാത്രം അകലെനില്‍ക്കേ മേയ് 12-ാം തീയതി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് വിരാട് കോലി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയായിരുന്നു. തീരുമാനം ദിവസങ്ങള്‍ക്കു മുമ്പേ തന്നെ എടുത്തിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴും ബിസിസിഐയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് പറഞ്ഞപ്പോഴും ഇംഗ്ലണ്ട് പര്യടനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട വിരാട് ഉണ്ടാകുമെന്നു തന്നെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കരുതിയിരുന്നത്. അത്ര പരിചയസമ്പന്നരല്ലാത്ത ബാറ്റിങ് നിരയെ ഇംഗ്ലണ്ടില്‍ നയിക്കാന്‍ കോലി ഇറങ്ങുമെന്നുതന്നെയായിരുന്നു എല്ലാവരും കരുതിയിരുന്നത്.
തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകാന്‍ ബിസിസിഐ ഉന്നതര്‍ നടത്തിയ ചര്‍ച്ചകളും ബ്രയാന്‍ ലാറയടക്കമുള്ള പ്രഗത്ഭരുടെ വാക്കുകളും കോലി ടെസ്റ്റില്‍ തുടര്‍ന്നേക്കുമെന്നുള്ള പ്രതീക്ഷ നല്‍കിയിരുന്നു. കോലിക്ക് ഈ ഫോര്‍മാറ്റിനായി ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നായിരുന്നു ലാറയുടെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍. കരിയറില്‍ ശേഷിക്കുന്ന കാലയളവില്‍ 60-ന് മുകളിലുള്ള ശരാശരിയിലേക്ക് കോലിക്ക് എത്താന്‍ സാധിക്കുമെന്ന പ്രവചനം പോലും ലാറ നടത്തി. പക്ഷേ കോലി തീരുമാനം മാറ്റിയില്ല.
'ഈ ഫോര്‍മാറ്റില്‍ നിന്ന് മാറിനില്‍ക്കുക എന്നത് എളുപ്പമല്ല. പക്ഷേ അത് ശരിയാണെന്ന് തോന്നുന്നു. എനിക്കുള്ളതെല്ലാം ഞാന്‍ ടെസ്റ്റിനായി നല്‍കിയിട്ടുണ്ട്. എനിക്ക് പ്രതീക്ഷിക്കാവുന്നതിലും കൂടുതല്‍ അത് എനിക്ക് തിരികെ നല്‍കി.' - വിടവാങ്ങല്‍ കുറിപ്പില്‍ കോലി എഴുതി.

ടെസ്റ്റ് ക്രിക്കറ്റിന്റെ വലിയ ആരാധകനായിരുന്നു കോലി. ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാര്‍ക്കും കാണികള്‍ക്കും താത്പര്യം കുറയുകയും ക്രിക്കറ്റ് ഒന്നാകെ ടി20 എന്ന അതിവേഗ ഫോര്‍മാറ്റിലേക്ക് പരിവര്‍ത്തനപ്പെടുകയും ചെയ്ത് 'ടെസ്റ്റ് ക്രിക്കറ്റ് മരിക്കുകയാണ്' എന്ന് എല്ലാവരും പറഞ്ഞിരുന്ന കാലം. ആ സമയത്താണ് കോലി ആ ഫോര്‍മാറ്റിന്റെ ഏറ്റവും അഭിനിവേശമുള്ള ആധുനിക കാലത്തെ പതാകവാഹകരില്‍ ഒരാളായി ഉറച്ചുനില്‍ക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത പുതിയ തലമുറയിലെ കളിക്കാരെയും പ്രചോദിപ്പിച്ചു. ഇന്ത്യയ്ക്കായി ബാഗി ബ്ലൂ തൊപ്പി ധരിക്കുന്നതും വെളുത്ത വസ്ത്രം ധരിക്കുന്നതുമാണ് പരമമായ ബഹുമതിയെന്ന് പതിയെ അവര്‍ തിരിച്ചറിഞ്ഞു. വിടവാങ്ങല്‍ കുറിപ്പിലും 'ബാഗി ബ്ലൂ' എന്ന വാക്ക് കോലി ഉപയോഗിച്ചിരുന്നു. ആദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരാള്‍ ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്പിനെ ബാഗി ബ്ലൂ എന്ന് വിശേഷിപ്പിക്കുന്നത്.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് അവരുടെ ടെസ്റ്റിന്റെ ബാഗി ഗ്രീന്‍ തൊപ്പി എന്നത് ഒരു ആദരവാണ്. അന്തസ്സിന്റെ പ്രതീകമാണ്. ടീം ഇന്ത്യയുടെ നീലത്തൊപ്പിയെ കോലി എത്രമാത്രം വിലമതിക്കുന്നുവെന്ന് ആ പ്രയോഗത്തിലൂടെ തന്നെ വ്യക്തം. ടെസ്റ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മൈതാനത്ത് ചെലഴിച്ച ഓരോ നിമിഷവും കോലി എത്രമാത്രം വിലമതിച്ചുവെന്ന് ഇതിലൂടെ മനസിലാക്കാം.
വെളുത്ത വസ്ത്രം ശരീരത്തിലണിയുമ്പോള്‍ കോലി ഒരു പോരാളിയായി മാറുന്നു. 2006-ല്‍ രഞ്ജി ട്രോഫി മത്സരത്തിനിടെ അച്ഛന്‍ മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം കളിക്കാനിറങ്ങിയതും 2014-ല്‍ ക്യാപ്റ്റനായ ആദ്യ ടെസ്റ്റില്‍ അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 364 റണ്‍സ് ലക്ഷ്യംവെച്ച് വിജയത്തിനായി ശ്രമിക്കാന്‍ ആഹ്വാനം ചെയ്തതുമെല്ലാം ഇതിന് ഉദാഹരണമാണ്. ഓരോ തവണയും തന്റെയും ടീമിന്റെയും പരിമിതികള്‍ മറികടക്കാനുള്ള പോരാട്ടത്തിലായിരുന്നു കോലി. അതുകൊണ്ടാണ് 36 വയസുള്ളപ്പോള്‍ ടെസ്റ്റ് കരിയര്‍ ഉപേക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ആശ്ചര്യപ്പെടുത്തുന്നത്. അതും ടീമിനെ ഏറ്റവും ഫിറ്റായ താരമായി തുടരുന്ന സമയത്ത്.
.jpg?$p=54aa50a&w=852&q=0.8)
ബിസിസിഐ നിര്‍ദേശമനുസരിച്ച് ഡല്‍ഹിക്കായി രഞ്ജി ട്രോഫി കളിക്കാന്‍ കോലി തിരിച്ചെത്തിയപ്പോള്‍ മാസങ്ങള്‍ക്കപ്പുറമുള്ള ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കാനുള്ള താത്പര്യം അദ്ദേഹം പങ്കുവെച്ചതായി മുന്‍ ഇന്ത്യന്‍ സ്പിന്നറും ഡല്‍ഹി രഞ്ജി ടീം പരിശീലകനുമായ ശരണ്‍ദീപ് സിങ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ എ ടീമിനൊപ്പം പരിശീലന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോലും കോലി തയ്യാറായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന് പിന്നാലെ 13 വര്‍ഷങ്ങള്‍ക്കു ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ കോലി തയ്യാറായതുതന്നെ അത്ര പെട്ടെന്ന് വിരമിക്കാന്‍ കോലി തയ്യാറല്ല എന്നതിന്റെ സൂചനയായാണ് എല്ലാവരും കരുതിയത്.
അങ്ങനെയുള്ളപ്പോള്‍ ഈ മൂന്ന് മാസത്തിനുള്ളില്‍ എന്ത് മാറ്റമാണ് സംഭവിച്ചത്. കോലി സ്വയം ഈ തീരുമാനമെടുത്തതാണോ അതോ മറ്റെന്തെങ്കിലും പ്രേരണ ഈ തീരുമാനത്തിനു പിന്നിലുണ്ടോ?
2024 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയ ശേഷം ടി20-യില്‍ നിന്ന് വിരമിച്ച കോലി ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 2027-ലെ ഏകദിന ലോകകപ്പും അതേ വര്‍ഷം തന്നെയുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും കോലിയുടെ ലക്ഷ്യങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഫോമിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ആത്മവിശ്വാസക്കുറവ് അനുഭവപ്പെട്ടിരിക്കാം.
2016-നും 2021-നും ഇടയില്‍ ഫോമിന്റെ ഉന്നതിയിലായിരുന്നു കോലി. ടെസ്റ്റില്‍ 62 ശരാശരിയില്‍ 4324 റണ്‍സാണ് താരം നേടിയത്. 65 ശരാശരിയുമായി സ്റ്റീവ് സ്മിത്ത് മാത്രമായിരുന്നു മുന്നില്‍. 16 സെഞ്ചുറികളാണ് ഇക്കാലയളവില്‍ പിറന്നത്. ഈ കാലയളവില്‍ അതില്‍ കൂടുതല്‍ സെഞ്ചുറികള്‍ നേടിയ മറ്റ് താരങ്ങളാരുമില്ല. പക്ഷേ 2021-ന് ശേഷം മറ്റൊരു കോലിയെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. അതിനു ശേഷം ഗ്രാഫ് കുത്തനെ ഇടിഞ്ഞു. മൂന്ന് സെഞ്ചുറികള്‍ മാത്രമേ പിന്നീട് ആ ബാറ്റില്‍ നിന്ന് പിറന്നുള്ളൂ. ഇതേകാലയളവില്‍ കോലിയുടെ സമകാലികരായ സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ മികച്ച ശരാശരിയോടെ റണ്‍സ് സ്‌കോര്‍ ചെയ്യുന്നുണ്ടായിരുന്നു. റെഡ് ബോള്‍ ക്രിക്കറ്റില്‍ കോലി പിന്നാക്കം പോയതോടെ പ്രശസ്തമായ 'ഫാബുലസ് ഫോര്‍' ഫാബുലസ് ത്രീ ആയി ചുരുങ്ങി.
.jpg?$p=3719656&w=852&q=0.8)
2024-25 ഹോം ടെസ്റ്റ് സീസണും കോലിക്ക് ആശാവഹമായിരുന്നില്ല. ഉയര്‍ന്ന നിലവാരമുള്ള സ്പിന്നും പേസും നേരിടുന്നതിലുള്ള താരത്തിന്റെ ദൗര്‍ബല്യം വെളിപ്പെട്ടു തുടങ്ങിയിരുന്നു. നാട്ടില്‍ ന്യൂസീലന്‍ഡിനെതിരായ സമ്പൂര്‍ണ തോല്‍വിയിലും പിന്നാലെ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ ടീമിന്റെ ദയനീയ പ്രകടനത്തിലും രോഹിത് - കോലി എന്നിവരുടെ ബാറ്റിങ് പരാജയങ്ങള്‍ നിര്‍ണായകമായി. അതോടെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലെന്ന ഇന്ത്യയുടെ മോഹവും ഇല്ലാതായി.
ഓസീസ് പര്യടനത്തില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കോലി നേടിയ സെഞ്ചുറി ഇന്ത്യയ്ക്കും ആരാധകര്‍ക്കും പ്രതീക്ഷയായിരുന്നു. പക്ഷേ പരമ്പരയില്‍ പിന്നീട് കണ്ടത് ഓര്‍ക്കാന്‍ ആരാധകര്‍ ഇന്നും ഇഷ്ടപ്പെടുന്നില്ല. ശേഷിക്കുന്ന നാല് ടെസ്റ്റുകളില്‍ നിന്ന് കോലിക്ക് നേടാനായത് 85 റണ്‍സ് മാത്രം. ഓഫ് സ്റ്റമ്പിന് പുറത്തുള്ള അദ്ദേഹത്തിന്റെ സ്ഥിരം ബലഹീനത ഓസീസ് ബൗളര്‍മാര്‍ ഇത്തവണയും ഉപയോഗപ്പെടുത്തി. പരമ്പരയില്‍ കോലിയുടെ 10 പുറത്താകലുകളില്‍ ഏഴും ഇത്തരത്തില്‍ ഓഫ് സ്റ്റമ്പിന് പുറത്ത് ബാറ്റ് വെച്ചിട്ടുള്ളതായിരുന്നു. സിഡ്‌നിയിലെ അവസാന ടെസ്റ്റിലെ അവസാന ഇന്നിങ്‌സില്‍ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ പുറത്തായ ശേഷമുള്ള കോലിയുടെ അലര്‍ച്ചയിലുണ്ടായിരുന്നു അയാള്‍ എത്രത്തോളം നിരാശനാണെന്നത്.
ബോട്ടം ഹാന്‍ഡ് പ്ലെയറായ കോലി, അദ്ദേഹത്തിന്റെ മികച്ച ഫിറ്റ്‌നസ് കാരണമാണ് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതെന്നും എന്നാല്‍ കരിയറില്‍ ഒരു തകര്‍ച്ച നേരിടേണ്ടിവരുന്ന നിമിഷം അദ്ദേഹത്തിന് തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് മുന്‍ പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആസിഫ് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണം സത്യമായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു.
2014-ലെ ഇംഗ്ലണ്ട് പര്യടനത്തിലെ പരാജയത്തിനു ശേഷം കോലി തന്റെ ടെക്‌നിക്കില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഫോര്‍വേഡ് പ്രസ്സും ക്രീസിന് പുറത്തുനിന്ന് ബാറ്റ് ചെയ്യുന്ന ശീലവും വര്‍ഷങ്ങളോളം അദ്ദേഹത്തെ ബാറ്റിങ്ങില്‍ സഹായിച്ചു. പക്ഷേ റിഫ്‌ളക്‌സ് കുറഞ്ഞുതുടങ്ങിയതോടെ അവ തന്നെ കോലിക്ക് വിനയായും മാറി. സഞ്ജയ് മഞ്ജരേക്കറെ പോലെയുള്ളവര്‍ കോലിയോട് ബാക്ക് ഫൂട്ട് ഗെയിം മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ചെങ്കിലും അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിനെ സമാനതകളില്ലാത്ത തീവ്രതയോടെ സമീപിച്ചയാളാണ് കോലി. ആദ്യ ഓസീസ് പര്യടനത്തിനിടയിലെ കാണികളെ നോക്കിയുള്ള വിവാദ നടുവിരല്‍ ഉയര്‍ത്തലില്‍ നിന്ന് തുടങ്ങി അവസാന ടെസ്റ്റില്‍ പോലും സ്ലെഡ്ജിങ്ങിന് മുതിരുകയും കാണികളോട് ആക്രോശിക്കുകയും ചെയ്യുന്ന കോലിയെ നാം കണ്ടു. കോലി ക്യാപ്റ്റനായിരുന്ന സമയത്ത് ഇന്ത്യയ്‌ക്കെതിരേ മനസമാധാനത്തോടെ ഒരാളും ബാറ്റ് ചെയ്തിരുന്നില്ല. അതായിരുന്നു കോലിയുടെ ടീം ഇന്ത്യ. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയേണ്ടി വന്നത് കോലിയെ മാനസികമായി ബാധിച്ചിരുന്നിരിക്കാം. പ്രായവും ഇതിന് ഒരു ഘടകമായിരുന്നിരിക്കണം. ടീമിനോടും തന്റെ കളിയോടുമുള്ള അമിത പ്രതിബദ്ധതയും കോലിയെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ ആതര്‍ട്ടന്റെ നിരീക്ഷണം.
ഇംഗ്ലണ്ട് പര്യടനത്തിലെ കോലിയുടെ പ്രകടനം സൂക്ഷ്മമായി പരിശോധിക്കുമെന്ന് സെലക്ടര്‍മാര്‍ താരത്തിന് മുന്നിറിയിപ്പ് കൊടുത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ടീമില്‍ പിന്നീടുള്ള സ്ഥാനം പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അത്തരത്തില്‍ ഒരു ഔദാര്യത്തിന് കാത്തിരിക്കേണ്ടെന്ന് കോലിയിലെ പോരാളിക്ക് തോന്നിയിരിക്കാം. ടീമില്‍ നിന്ന് പുറത്താക്കപ്പെടേണ്ടിവരുന്ന അപമാനത്തിന് കാത്തുനില്‍ക്കേണ്ടെന്നും തോന്നിയിരിക്കാം.
കോലിയും രോഹിത്തും അരങ്ങോഴിയുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് പരിവര്‍ത്തനത്തിലാണ്. ഇരുവരുമില്ലാതെ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിനും തുടക്കമാകുകയാണ്. ഇരുവര്‍ക്കും മാന്യമായ വിരമിക്കല്‍ സെലക്ഷന്‍ കമ്മിറ്റി മുന്നില്‍ കണ്ടിരുന്നോ എന്ന് അറിയില്ല. അതിനൊന്നും കാത്തുനില്‍ക്കേണ്ടെന്ന് ഇരുവരും തീരുമാനിച്ചിരിക്കാം. ഒരു ഔദാര്യത്തിനും കാക്കാതെ തല ഉയര്‍ത്തി തന്നെ മടങ്ങാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.
Content Highlights: Virat Kohli`s daze Test status astatine 36. Was it the close decision? Analyze his career








English (US) ·