ഹരാരെ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ വിജയത്തോടെ പടിക്കൽ കലമുടയ്ക്കുന്നവരെന്ന ചീത്തപ്പേര് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ വിട്ടുപോയെന്ന് വിശ്വസിക്കുന്നവരെ ഞെട്ടിച്ച്, അവിശ്വസനീയമായ കൂട്ടത്തകർച്ചയുമായി ദക്ഷിണാഫ്രിക്കയ്‌ക്ക് മറ്റൊരു ഫൈനൽ തോൽവി. സിംബാബ്‌വെ കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റ് ഫൈനലിൽ, ന്യൂസീലൻഡിനോടാണ് ദക്ഷിണാഫ്രിക്ക അവിശ്വസനീയമായി തോൽവി വഴങ്ങിയത്. അവസാന ഓവറിൽ ആറു വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്ക് ഏഴു റൺസ് മാത്രം വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക, രണ്ടു വിക്കറ്റ് നഷ്ടമാക്കി മൂന്നു റൺസ് മാത്രം നേടിയാണ് തോൽവിയിലേക്ക് കൂപ്പുകുത്തിയത്. ഇതോടെ മൂന്നു റൺസ് വിജയവുമായി ന്യൂസീലൻഡ് ചാംപ്യൻമാരുമായി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 180 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാർ തകർപ്പൻ തുടക്കം സമ്മാനിച്ചതോടെ വിജയത്തിന്റെ വക്കിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാൽ അവസാന ഓവറിലെ അവിശ്വസനീയ തകർച്ചയോടെ അവരുടെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 177 റൺസിൽ ഒതുങ്ങി.
ആറു വിക്കറ്റ് കയ്യിലിരിക്കെ അവസാന ഓവറിൽ 7 റൺസ് അകലെയുള്ള വിജയലക്ഷ്യത്തിനു മുന്നിൽ ദക്ഷിണാഫ്രിക്ക ഇടറിവീഴുന്ന കാഴ്ച ഞെട്ടലോടെയാണ് ആരാധകർ കണ്ടത്. ന്യൂസീലൻഡിനായി അവസാന ഓവർ എറിയാനെത്തിയത് മാറ്റ് ഹെൻറി. ക്രീസിൽ 14 പന്തിൽ 31 റൺസുമായി ഡിവാൾഡ് ബ്രെവിസും ഒൻപതു പന്തിൽ 10 റൺസുമായി ജോർജ് ലിൻഡെയും.
തകർത്തടിച്ചു നിൽക്കുന്ന ബ്രെവിസ് ആദ്യ 2 പന്തിൽത്തന്നെ മത്സരം ഫിനിഷ് ചെയ്യും എന്ന് പ്രതീക്ഷിച്ചിരിക്കെ ഷോർട്ട് പിച്ചായെത്തിയ ആദ്യ പന്തിൽ താരത്തിന് റണ്ണെടുക്കാനായില്ല. രണ്ടാം പന്തിൽ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ബ്രെവിസ് പുറത്ത്. ഡീപ് മിഡ്‌വിക്കറ്റിൽ മൈക്കൽ ബ്രേസ്‌വെലിന്റെ തകർപ്പൻ ക്യാച്ചിൽ 16 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 31 റൺസുമായി ബ്രെവിസിന് മടക്കം.
പകരമെത്തിയത് യുവതാരങ്ങളിൽ ശ്രദ്ധേയനായ കോർബിൻ ബോഷ്. ആദ്യ പന്തിൽ ഡീപ് മിഡ്‌വിക്കറ്റിൽ ബ്രേസ്‌വെൽ ക്യാച്ച് കൈവിട്ടതോടെ രണ്ടു റൺസ് ഓടിയെടുത്തു. വിജയലക്ഷ്യം മൂന്നു പന്തിൽ 5 റൺസ്. നാലാം പന്തിൽ കോർബിൻ ബോഷിന്റെ വക സിംഗിൾ. വിജയലക്ഷ്യം 2 പന്തിൽ 4 റൺസായി ചുരുങ്ങി.
അഞ്ചാം പന്തിൽ ദക്ഷിണാഫ്രിക്ക വീണ്ടും ഞെട്ടി. ബൗണ്ടറിക്കുള്ള ലിൻഡെയുടെ ശ്രമം ലോങ് ഓണിൽ ഡാരിൽ മിച്ചലിന്റെ തകർപ്പൻ ക്യാച്ചിൽ അവസാനിച്ചു. വലതുവശത്തേക്ക് ഓടി മിച്ചലെടുത്ത ഡൈവിങ് ക്യാച്ചോടെ അവസാന പന്തിൽ വിജയത്തിലേക്ക് 4 റൺസ് എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. എട്ടാമനായി എത്തിയ സെനുരൻ മുത്തുസാമിക്ക് അവസാന പന്തിൽ തൊടാനാകാതെ പോയതോടെ ന്യൂസീലൻഡിന് 3 റൺസിന്റെ അവിശ്വസനീയ വിജയവും കിരീടവും. ദക്ഷിണാഫ്രിക്കയ്‍ക്ക് വീണ്ടും പടിക്കൽ കലമുടയ്ക്കുന്നവരെന്ന ചീത്തപ്പേരും.
നേരത്തെ ഓപ്പണർമാരായ ലോൻഡ്രെ പ്രിട്ടോറിയസ് (35 പന്തിൽ 51), റീസ ഹെൻഡ്രിക്സ് (31 പന്തിൽ 37), റാസ്സി വാൻഡർ ദസൻ (17 പന്തിൽ 18), റൂബിൻ ഹെർമൻ (എട്ടു പന്തിൽ 11) എന്നിവരുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. കിവീസിനായി മാറ്റ് ഹെൻറി 3 ഓവറിൽ 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത് കളിയിലെ കേമനായി. ജേക്കബ് ഡുഫി, സാകറി ഫോൽക്സ്, ആദം മിൽനെ, മൈക്കൽ ബ്രേസ്‌വെൽ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഓപ്പണർമാരായ ടിം സീഫർട്ട് (28 പന്തിൽ 30), ഡിവോൺ കോൺവേ (31 പന്തിൽ 47), രചിൻ രവീന്ദ്ര (27 പന്തിൽ 47) എന്നിവരുടെ മികവിലാണ് 180 റൺസെടുത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കായി ലുങ്കി എൻഗിഡി രണ്ടും നാന്ദ്രെ ബർഗർ, ക്വേന മഫാക, സെനുരൻ മുത്തുസാമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
English Summary:








English (US) ·