ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ തോൽവിക്കു പിന്നാലെ വിൻഡീസിലും ഓസീസിന് കൂട്ടത്തകർച്ച; ഒന്നാം ഇന്നിങ്സിൽ 180 റൺസിന് ഓൾഔട്ട്!

6 months ago 7

ഓൺലൈൻ ഡെ‌സ്‌ക്

Published: June 26 , 2025 02:13 PM IST

1 minute Read

വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ബൗൺസറിൽനിന്ന് ഒഴിഞ്ഞുമാറുന്ന ഓസീസ് താരം ജോഷ് ഹെയ്‌സൽവുഡ് (എക്സിൽ പങ്കുവച്ച ചിത്രം)
വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ബൗൺസറിൽനിന്ന് ഒഴിഞ്ഞുമാറുന്ന ഓസീസ് താരം ജോഷ് ഹെയ്‌സൽവുഡ് (എക്സിൽ പങ്കുവച്ച ചിത്രം)

ബ്രിജ്ടൗൺ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തോൽവിയുടെ മുറിവ് ഉണങ്ങും മുൻപേ, വെസ്റ്റിൻഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റിലും ഓസ്ട്രേലിയയ‌്ക്ക് ബാറ്റിങ് തകർച്ച. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസ് 180 റൺസിന് ഓൾഔട്ടായി. 56.5 ഓവറിലാണ് ഓസ്ട്രേലിയ 180 റൺസെടുത്തത്. 78 പന്തിൽ ഒൻപതു ഫോറുകൾ സഹിതം 59 റൺസെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് ആദ്യ ദിനം കളി നിർത്തുമ്പോൾ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് എന്ന നിലയിലാണ്. ആറു വിക്കറ്റ് കയ്യിലിരിക്കെ ഓസീസിനേക്കാൾ 123 റൺസ് പിന്നിൽ.

ബ്രണ്ടൻ കിങ് 23 റൺസോടെയും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് ഒരു  റണ്ണോടെയും ക്രീസിലുണ്ട്. 31 പന്തുകൾ നേരിട്ട കിങ് നാലു ഫോറുകളോടെയാണ് 23 റൺസെടുത്തത്. ഓപ്പണർമാരായ ക്രെയ്ഗ് ബ്രാത്‌വയ്റ്റ് (15 പന്തിൽ നാല്), ജോൺ കാംബൽ (22 പന്തിൽ ഏഴ്), കീസി കാർട്ടി (40 പന്തിൽ 20), ജോമൽ വറീകൻ (0) എന്നിവരാണ് വിൻഡീസ് നിരയിൽ പുറത്തായത്. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് രണ്ടും ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമിൻസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജയ്ഡൻ സീൽസ്, നാലു വിക്കറ്റെടുത്ത ഷമാർ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് വിൻഡീസ് ഓസീസിനെ തകർത്തത്. 15.5 ഓവറിൽ 60 റൺസ് വഴങ്ങിയാണ് ജയ്ഡൻ സീൽസ് അഞ്ച് വിക്കറ്റെടുത്തത്. ഷമാർ ജോസഫ് 16 ഓവറിൽ 46 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. ശേഷിക്കുന്ന ഒരു വിക്കറ്റ് ജസ്റ്റിൻ ഗ്രീവ്സിനാണ്.

ട്രാവിസ് ഹെഡിന്റെ അർധസെഞ്ചറി പുറമേ, ഓപ്പണർ ഉസ്മാൻ ഖവാജ 128 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 47 റൺസെടുത്തും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇവർക്കു പുറമേ രണ്ടക്കത്തിലെത്തിയത് 24 പന്തിൽ 11 റൺസെടുത്ത ബ്യൂ വെബ്സ്റ്റർ, 18 പന്തിൽ 28 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമിൻസ് എന്നിവർ മാത്രം. യുവ ഓപ്പണർ സാം കോൺസ്റ്റാസ് (14 പന്തിൽ മൂന്ന്), കാമറോൺ ഗ്രീൻ (21 പന്തിൽ മൂന്ന്), ജോഷ് ഇംഗ്ലിസ് (15 പന്തിൽ അഞ്ച്), അലക്സ് ക്യാരി (15 പന്തിൽ എട്ട്), മിച്ചൽ സ്റ്റാർക്ക് (0), ഹെയ്സൽവുഡ് (ഏഴു പന്തിൽ നാല്) എന്നിവർ നിരാശപ്പെടുത്തി. നേഥൻ ലയൺ 17 പന്തിൽ ഒൻപതു റൺസുമായി പുറത്താകാതെ നിന്നു.

English Summary:

West Indies Batters Fail To Capitalize After Pacers Jayden Seales, Shamar Joseph Bundle Australia Out For 180

Read Entire Article