11 May 2025, 12:02 PM IST

ശുഭ്മാൻ ഗിൽ |ഫോട്ടോ:AFP
മുംബൈ: രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് ശുഭ്മാന്‍ ഗില്‍. ഉപനായകനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനേയും നിയോഗിക്കാന്‍ ബിസിസിഐ തീരുമാനമെടുത്തതായാണ് വിവരം.
വിദേശ സാഹചര്യങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്‍മാന്‍ എന്ന പരിഗണനയാണ് പന്തിന് ലഭിച്ചിരിക്കുന്നത്. ഫിറ്റ്‌നസാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ നിന്ന് ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നടന്ന മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് പന്ത് കാഴ്ചവെച്ചിട്ടുള്ളത്. 'ബുംറ ക്യാപ്റ്റനല്ലെങ്കില്‍ അദ്ദേഹത്തെ വൈസ് ക്യാപ്റ്റനായി പരിഗണിക്കുന്നതില്‍ അര്‍ത്ഥമില്ല' ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള വിരാട് കോലിയുടെ ആഗ്രഹം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നുണ്ടെങ്കിലും, ഗില്ലിന് കൂടുതല്‍ സമയം ലഭിക്കുന്നതിനായി ഇംഗ്ലണ്ട് പര്യടനത്തില്‍ കോലിക്ക് ക്യാപ്റ്റന്‍ സ്ഥാനം കൈമാറുന്നതിനെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ആലോചിച്ചിരുന്നതായും വിവരമുണ്ട്.
നിലവില്‍, കോലി ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. രോഹിത് ശര്‍മ്മയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനവും കോലിയുടെ വിരമിക്കാനുള്ള ആഗ്രഹവും ടീമിനെ വെല്ലുവിളിയിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കോലിയോട് ഇംഗ്ലണ്ട് പര്യടനത്തില്‍ കൂടി തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടതായാണ് വിവരം.
Content Highlights: Shubman Gill Set to Captain India's Test Team Following Rohit Sharma's Retirement








English (US) ·