Published: June 22 , 2025 09:53 AM IST
1 minute Read
-
ടെസ്റ്റ് ജഴ്സി അണിയാനുള്ള അഭിമന്യു ഈശ്വരന്റെ കാത്തിരിപ്പ് നീളുന്നു
1613 ദിവസങ്ങൾ. ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തിയിട്ടും അന്തിമ ഇലവനിൽ ഇടംപിടിക്കാനുള്ള അഭിമന്യു ഈശ്വരന്റെ കാത്തിരിപ്പ് നീളുകയാണ്. 2021 ജനുവരി 19നാണ് ഇന്ത്യൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീമിനെതിരായ ടെസ്റ്റ് പരമ്പരയിൽ സ്റ്റാൻഡ് ബൈ ഓപ്പണറായി അഭിമന്യുവിനെ ഉൾപ്പെടുത്തുന്നത്. അന്നുമുതൽ ഇന്നുവരെ പലതവണ ടീമിനൊപ്പം ‘ലോകം ചുറ്റുന്നതല്ലാതെ’ ഒരു മത്സരം പോലും കളിക്കാൻ അഭിമന്യുവിന് സാധിച്ചിട്ടില്ല. ഇക്കാലയളവിൽ 16 പേർ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറി.
ആദ്യ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ മത്സരിച്ച ടീമിനൊപ്പവും തൊട്ടുമുൻപത്തെ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിനൊപ്പവും അഭിമന്യു ഉണ്ടായിരുന്നു. ഇന്ത്യ എ ടീമിനൊപ്പമുള്ള പര്യടനങ്ങൾ വേറെ. 2022 ഡിസംബറിൽ സ്റ്റാൻഡ് ബൈയിൽ നിന്നു മാറി ടീം അംഗമായി തന്നെ അദ്ദേഹത്തെ ചേർത്തെങ്കിലും കാര്യമുണ്ടായില്ല.
ആരാണ് അഭിമന്യു
2013 മുതൽ ബംഗാളിനു വേണ്ടി കളിക്കുന്ന ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പർ താരമാണ് അഭിമന്യു ഈശ്വരൻ. 103 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 7841 റൺസാണ് ഈ വലംകൈ ഓപ്പണറുടെ സമ്പാദ്യം. 48.70 റൺസ് ശരാശരി. 27 സെഞ്ചറികളുമുണ്ട്. 89 ലിസ്റ്റ് എ മത്സരങ്ങളിൽനിന്ന് 47.03 റൺസ് ശരാശരിയിൽ 3857 റൺസ് നേടി. 9 സെഞ്ചറികളും. ബംഗാളിനെയും ഇന്ത്യ എ, ബി ടീമുകളെയും നയിച്ച പരിചയസമ്പത്തുമുണ്ട്.
ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനത്തിനു മുൻപ് ഇംഗ്ലണ്ട് ലയൺസിനെതിരെ നടന്ന ഇന്ത്യ എയുടെ മത്സരങ്ങളിൽ 68, 80 എന്നീ സ്കോറുകൾ പിറന്നതോടെ അഭിമന്യു ‘ചക്രവ്യൂഹം’ ഭേദിച്ച് ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചതാണ്. ഇംഗ്ലണ്ടിലെ സാഹചര്യവുമായുള്ള പരിചയവും പ്രകടനത്തിലെ സ്ഥിരതയും പരിഗണിച്ച് മൂന്നാം നമ്പറിൽ ഇറങ്ങുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ അതുണ്ടായില്ല.
തമിഴ്നാട് സ്വദേശിയായ അച്ഛന്റെയും പഞ്ചാബിയായ അമ്മയുടെയും മകനായി പിറന്ന അഭിമന്യുവിന്റെ ക്രിക്കറ്റ് കരിയറിനുവേണ്ടിയാണ് കുടുംബം കൊൽക്കത്തയിലേക്കു മാറിയത്. ചാർട്ടേഡ് അക്കൗണ്ടന്റും ക്രിക്കറ്റ് ആരാധകനുമായ അച്ഛൻ എൽ.ആർ.ഈശ്വരൻ തുടങ്ങിവച്ച അഭിമന്യു ക്രിക്കറ്റ് അക്കാദമിയിലായിരുന്നു പരിശീലനം.
English Summary:









English (US) ·