
കരുൺ നായർ, ശുഭ്മാൻ ഗിൽ | PTI
ന്യൂഡല്‍ഹി: രോഹിത്തും കോലിയും പടിയിറങ്ങിയ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തലമുറമാറ്റം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനെട്ടംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനത്തിലൂടെ വിദര്‍ഭയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം കരുണ്‍ നായര്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. ഐപിഎല്‍ സീസണില്‍ മിന്നും ഫോമിലുള്ള സായ് സുദര്‍ശനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടിനെതിരേ നടക്കുക. സീനിയര്‍ താരം ജസ്പ്രീത് ബുംറ ടീമിന്റെ ഭാഗമാണെങ്കിലും നേതൃനിരയിലുണ്ടാവില്ല. രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്ക്കുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്ന കരുണ്‍ നായര്‍ 33-ാം വയസ്സില്‍ വീണ്ടും ടീമില്‍ തിരിച്ചെത്തി. 2017 മാര്‍ച്ചിലാണ് കരുണ്‍ ഇന്ത്യക്കായി അവസാന ടെസ്റ്റ് കളിച്ചത്. എട്ടുവര്‍ഷങ്ങള്‍ക്കുശേഷമാണ് താരത്തിന്റെ തിരിച്ചുവരവ്.
അതേസമയം പേസര്‍ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ജോലിഭാരം കണക്കിലെടുത്താണ് ഷമിയെ ഉള്‍പ്പെടുത്താതിരുന്നത്. 25-ാം വയസ്സിലാണ് ഗില്ലിനെത്തേടി ഇന്ത്യയുടെ നായകസ്ഥാനമെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ജൂണ്‍ - ഓഗസ്റ്റ് മാസങ്ങളിലായി അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ടില്‍ നടക്കുക.
ടീം സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഢി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍ ബാറ്റര്‍), വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.
Content Highlights: shubman gill led squad india are acceptable for england tour








English (US) ·