Published: May 11 , 2025 09:59 AM IST
1 minute Read
മുംബൈ∙ വിരമിക്കൽ ചിന്ത മാറ്റിവച്ച് ടീമിൽ തുടരാൻ തീരുമാനിച്ചാലും കോലി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തില്ല. ഇന്ത്യൻ ടീമിന്റെയും ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെയും ക്യാപ്റ്റനെന്ന ഉത്തരവാദിത്തം തനിക്കു നൽകിയ മാനസിക സമ്മർദത്തെക്കുറിച്ച് കഴിഞ്ഞ ദിവസം കോലി ഒരു പോഡ്കാസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. വീണ്ടും അത്തരമൊരു അവസ്ഥയിലേക്കു പോകാൻ കോലി തയാറാകില്ല. രോഹിത്തിനു മുൻപ് ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിച്ച കോലി 68 മത്സരങ്ങളിൽ 40 എണ്ണത്തിലും ടീമിനെ വിജയത്തിലെത്തിച്ചിരുന്നു.
ഇന്ത്യൻ ടീമിനെ കൂടുതൽ ടെസ്റ്റ് വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റൻ എന്ന റെക്കോർഡും കോലിയുടെ പേരിൽത്തന്നെയാണ്. എം.എസ്.ധോണി (27), സൗരവ് ഗാംഗുലി (21) എന്നിവരാണ് പിന്നിലുള്ളത്. ടെസ്റ്റ് വിജയങ്ങളുടെ എണ്ണത്തിൽ ലോക ക്രിക്കറ്റിൽ 4–ാം സ്ഥാനത്തുമുണ്ട് ക്യാപ്റ്റൻ കോലി. ഗ്രെയിം സ്മിത്ത് (ദക്ഷിണാഫ്രിക്ക– 53), റിക്കി പോണ്ടിങ് (ഓസ്ട്രേലിയ–48), സ്റ്റീവ് വോ (ഓസ്ട്രേലിയ–41) എന്നിവർ മാത്രമാണ് മുന്നിൽ. കണക്കുകൾ അനുകൂലമായിട്ടും ക്യാപ്റ്റൻസി സമ്മർദം തന്റെ ബാറ്റിങ്ങിനെ ബാധിച്ചപ്പോഴാണ് 2022ൽ കോലി സ്ഥാനം വിട്ടൊഴിഞ്ഞത്.
സീനിയർ താരമെന്ന നിലയിൽ പുതിയൊരു ക്യാപ്റ്റനു മാർഗനിർദേശവും പിന്തുണയുമായി നിൽക്കുക എന്നതാകും കോലി താൽപര്യപ്പെടുന്ന ദൗത്യം. ഇഷ്ട ഫോർമാറ്റായ ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുക എന്നതാണ് തന്റെ വലിയ സ്വപ്നങ്ങളിലൊന്ന് എന്ന് വിരാട് കോലി മുൻപു പറഞ്ഞിരുന്നു. ആ ലക്ഷ്യത്തിലേക്ക് കോലിക്ക് ഇനി വേണ്ടത് 770 റൺസ് മാത്രം. 123 ടെസ്റ്റുകളിൽ നിന്നായി 9230 റൺസാണ് ഇപ്പോൾ കോലിയുടെ പേരിലുള്ളത്. സച്ചിൻ തെൻഡുൽക്കർ (15921 റൺസ്), രാഹുൽ ദ്രാവിഡ് (13265), സുനിൽ ഗാവസ്കർ (10122) എന്നിവർ മാത്രമാണ് ടെസ്റ്റിൽ 10,000 റൺസ് പിന്നിട്ട ഇന്ത്യക്കാർ.
English Summary:








English (US) ·