ലഫ്ബറോ∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശുഭ്മൻ ഗില്ലും സംഘവും തകർപ്പൻ ബാറ്റിങ് പ്രകടനത്തിനിടയിലും തോൽവിയിലേക്കു വഴുതിയതിന്റെ നിരാശയ്‌ക്കിടെ, ഇംഗ്ലണ്ടിന്റെ യുവനിരയ്‌ക്കെതിരെ ആധികാരിക വിജയവുമായി ഇന്ത്യൻ യുവതാരങ്ങൾ. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 19 ടീമാണ്, ഐതിഹാസിക പ്രകടനവുമായി പരിശീലന മത്സരത്തിൽ ഇംഗ്ലണ്ട് യങ് ലയൺസിനെ തകർത്തുവിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 442 റൺസ്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് യങ് ലയൺസ് 41.1 ഓവറിൽ 211 റൺസിന് ഓൾഔട്ടായി. ഇതോടെ ഇന്ത്യൻ യുവനിര സ്വന്തമാക്കിയത് 231 റൺസിന്റെ കൂറ്റൻ വിജയം.
ഐപിഎൽ 18–ാം സീസണിലെ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധ കവർന്ന യുവതാരങ്ങളായ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ഉൾപ്പെടുന്ന ടീമിൽ, താരമായത് പക്ഷേ മറ്റൊരു യുവതാരമാണ്. ഒൻപതാമനായി ക്രീസിലെത്തി തകർപ്പൻ സെഞ്ചറിയുമായി കരുത്തുകാട്ടിയ ഹർവംശ് പംഗാളിയ. 52 പന്തുകൾ നേരിട്ട താരം പുറത്താകാതെ അടിച്ചുകൂട്ടിയത് 103 റൺസാണ്. ഇതിൽ എട്ടു ഫോറുകളും ഒൻപതു പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടുന്നു.
മുൻനിര കൂട്ടത്തോടെ നിരാശപ്പെടുത്തിയ മത്സരത്തിൽ, മധ്യനിരയുടെ ‘നട്ടെല്ലു’ള്ള പ്രകടനമാണ് ഇന്ത്യയ്‌ക്ക് കരുത്തായത്. ഇന്ത്യയ്ക്കായി രാഹുൽ കുമാർ, കനിഷ്ക് ചൗഹാൻ, അംബരീഷ് എന്നിവർ അർധസെഞ്ചറി നേടി. രാഹുൽ 60 പന്തിൽ നാലു ഫോറും അഞ്ച് സിക്സും സഹിതം അടിച്ചുകൂട്ടിയത് 73 റൺസ്. കനിഷ്ക് 67 പന്തിൽ അഞ്ച് വീതം സിക്സും ഫോറും സഹിതം 79 റൺസെടുത്തു. അംബരീഷ് 47 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം നേടിയത് 72 റൺസ്.
ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ആയുഷ് മാത്രെ മൂന്നു പന്തിൽ ഒറ്റ റണ്ണെടുത്ത് പുറത്തായി. ആയുഷ് മാത്രെയ്‌ക്കൊപ്പം ഓപ്പണറായി എത്തിയ വൈഭവ് സൂര്യവംശി 13 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 17 റൺസെടുത്തു. വിഹാൻ മൽഹോത്ര (31 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 39), മൗല്യരാജ് സിംഹ് പന്തിൽ അഞ്ച് ഫോറുകളോടെ 23) എന്നിവരും തിളങ്ങി. വിക്കറ്റ് കീപ്പർ ബാറ്റർ അഭിഗ്യാൻ കുണ്ഡു എട്ടു പന്തിൽ ആറു റൺസെടുത്തും മലയാളി താരം മുഹമ്മദ് ഇനാൻ ആറു പന്തിൽ നാലു റൺസെടുത്തും പുറത്തായി.
ഇംഗ്ലണ്ടിനായി മന്നി ലുംസ്ഡൻ 10 ഓവറിൽ 101 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. മാത്യു ഫിർബാങ്ക് 10 ഓവറിൽ 66 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ജയ് സിങ്, ജോയ് ഹെയ്‌വുഡ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് യങ് ലയൺസിനായി വിൽ ബെനിസൻ സെഞ്ചറി നേടി. 105 പന്തുകൾ നേരിട്ട ബെനിസൻ 14 ഫോറും ഒരു സിക്സും സഹിതം 103 റൺസെടത്ത് പുറത്തായി. ഓവൻ സ്മിത്ത് 30 പന്തിൽ നാലു ഫോറുകളോടെ 28 റൺസെടുത്തു. സേത് എസൻഹയ് (13 പന്തിൽ 11), ജോ ഹോകിൻസ് (13 പന്തിൽ 15), മന്നി ലുംസ്ഡൻ (36 പന്തിൽ 25), ഹൈദർ ഹുസൈൻ (17 പന്തിൽ 10) എന്നിവരും രണ്ടക്കത്തിലെത്തി.
ഇന്ത്യയ്‌ക്കായി ദീപേഷ് ദേവേന്ദ്രൻ 5.1 ഓവറിൽ 33 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. നമാൻ പുഷ്പക് ആറ് ഓവറിൽ 31 റൺസ് വഴങ്ങിയും വിഹാൻ മൽഹോത്ര 3 ഓവറിൽ 9 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. യുദ്ധജിത് ഗുഹ, അംബരീഷ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. മലയാളി താരം മുഹമ്മദ് ഇനാൻ ആറ് ഓവറിൽ 18 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
English Summary:








English (US) ·