ന്യൂഡല്‍ഹി: 2027-29 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചെറിയ രാജ്യങ്ങള്‍ക്ക് നാലുദിവസ ടെസ്റ്റിന് അനുമതി നല്‍കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). എന്നാല്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ അഞ്ചുദിവസ ടെസ്റ്റ് കളിക്കുന്നത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമ്പരാഗത രീതിയായ അഞ്ചുദിവസ ടെസ്റ്റില്‍നിന്ന് ഒരുദിവസം കുറച്ചുകൊണ്ടുള്ള ഈ സുപ്രധാന മാറ്റം ചെറിയ ടീമുകള്‍ക്ക് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍. കുറഞ്ഞ ദിവസംകൊണ്ട് കൂടുതല്‍ ടെസ്റ്റുകളും ദീര്‍ഘമായ പരമ്പരകളും കളിക്കാന്‍ ഇതുവഴി ഉപകാരപ്പെടും.
നിലവിലെ അവസ്ഥയില്‍ ഒരുദിവസം 90 ഓവറുകളാണ് എറിയുന്നത്. എന്നാല്‍ നാലുദിവസമാക്കി ചുരുക്കുന്നതോടെ പ്രതിദിനം 98 ഓവര്‍ എന്ന കണക്കിലേക്ക് കളിസമയം നീട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ വിധത്തിലായിരിക്കും ഐസിസിയുടെ പരിഷ്‌കരണമെന്നാണ് സൂചന. പര്യടനം നടത്തുന്ന രാജ്യങ്ങളുടെ നീണ്ട യാത്രാ പദ്ധതി, ഭാരിച്ച ചെലവ് എന്നിവയെല്ലാം കണക്കിലെടുത്താണ് പുതിയ മാറ്റം ആലോചിക്കുന്നത്.
കഴിഞ്ഞദിവസം ലോര്‍ഡ്‌സില്‍ നടന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനിടെ നടന്ന ചര്‍ച്ചയില്‍ ജയ്ഷാ ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ സമീപനം സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് 2027-29 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ പ്രയോഗവത്കരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ അവസ്ഥതന്നെ തുടരും. അതേസമയം ആഷസ്, ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി, ആന്‍ഡേഴ്‌സണ്‍ - ടെണ്ടുല്‍ക്കര്‍ ട്രോഫി (ഈ പേരില്‍ തുടങ്ങുന്ന ആദ്യ പരമ്പര. ആദ്യമത്സരം വെള്ളിയാഴ്ച തുടങ്ങും) തുടങ്ങിയ പരമ്പരകളിലെല്ലാം അഞ്ചുദിവസം എന്ന പരമ്പരാഗത രീതിതന്നെ തുടരും.
2017-ലാണ് ഐസിസി ആദ്യമായി നാലുദിവസത്തെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് അനുമതി നല്‍കിയത്. 2019-ലും 2023-ലും അയര്‍ലന്‍ഡിനെതിരേ ഇംഗ്ലണ്ട് നാലുദിവസത്തെ ടെസ്റ്റ് കളിച്ചിരുന്നു. കഴിഞ്ഞമാസം ട്രെന്റ് ബ്രിജില്‍ സിംബാബ്‌വെയ്‌ക്കെതിരേയും നാലുദിവസത്തെ ടെസ്റ്റ് കളിച്ചു. ഭാരിച്ച ചെലവ് ഉള്‍പ്പെടെയുള്ള കാരണങ്ങളാലാണ് ചെറിയ രാജ്യങ്ങള്‍ ടെസ്റ്റുകള്‍ നടത്താന്‍ മടിക്കുന്നത്. നാലുദിവസമാകുന്നതോടെ മൂന്നാഴ്ചയ്ക്കുള്ളില്‍ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര നടത്താനാകും.
Content Highlights: icc acceptable for 4 time tests exemption india england australia








English (US) ·