Published: July 04 , 2025 07:01 PM IST
1 minute Read
ബർമിങ്ങാം∙ എജ്ബാസ്റ്റനിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പാതിവഴി പിന്നിടുന്നതിനു മുൻപേ അംപയർമാർക്ക് തലവേദനയായി പരാതിയുടെ കെട്ടഴിച്ച് ഇന്ത്യയും ഇംഗ്ലണ്ടും. മത്സരത്തിനിടെ പലതവണയായി ഇരു ടീമുകളും എതിർ ടീമിലെ താരങ്ങൾക്കെതിരെ പരാതികളുമായി രംഗത്തെത്തിയതോടെ കുഴഞ്ഞുപോയത് അംപയർമാരാണ്. ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ബാറ്റിങ്ങിനിടെ പിച്ചിൽ മനഃപൂർവം കേടുപാടുകൾ വരുത്തുന്നുവെന്ന് ഇംഗ്ലിഷ് താരങ്ങൾ ആരോപിച്ചപ്പോൾ, ഇംഗ്ലിഷ് താരം ഹാരി ബ്രൂക്ക് അനാവശ്യമായി സമയം പാഴാക്കുന്നുവെന്ന് പിന്നീട് ഇന്ത്യയും പരാതി ഉന്നയിച്ചു.
മത്സരത്തിന്റെ രണ്ടാം ദിനം അഞ്ചിന് 310 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ, തുടക്കം മുതൽ ഇംഗ്ലിഷ് ബോളർമാരെ കടന്നാക്രമിച്ചാണ് സ്കോറുയർത്തിയത്. ആദ്യ സെഷനിൽ 25 ഓവറിൽ നേടിയത് 119 റൺസ്. ഇതിനിടെ ജഡേജ അനാവശ്യമായി പിച്ചിൽ കേടുപാടു വരുത്താൻ ശ്രമിക്കുന്നുവെന്ന് ഇംഗ്ലിഷ് പേസ് ബോളർ ക്രിസ് വോക്സാണ് ആദ്യം പരാതി ഉന്നയിച്ചത്. ജഡേജ ഇടയ്‌ക്കിടെ ഇല്ലാത്ത റണ്ണിനുപോലും ക്രീസ് വിട്ട് അൽപം മുന്നോട്ടിറങ്ങി തിരികെ കയറുന്നത് മനഃപൂർവാണെന്നായിരുന്നു വോക്സിന്റെ പരാതി.
ഇതുവഴി പിച്ചിൽ കേടുപാടുകൾ വരുത്തുകയും പിന്നീട് ബോൾ ചെയ്യുമ്പോൾ പന്തിന് കൂടുതൽ ടേൺ ഉറപ്പാക്കുകയുമാണ് ജഡേജയുടെ ഉദ്ദേശ്യമെന്നായിരുന്നു ഇംഗ്ലിഷ് താരങ്ങളുടെ ആക്ഷേപം. ഇക്കാര്യം വോക്സ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇരുവരും പരാതിയുമായി അംപയറിനെ സമീപിക്കുകയും ചെയ്തു. ഇതോടെ അംപയർ ജഡേജയുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചു.
എന്നാൽ, പിന്നീടും ജഡേജ പിച്ചിന് കേടു വരുത്തുന്നുവെന്ന ആരോപണവുമായി വോക്സ് രംഗത്തെത്തി. ജഡേജ അനാവശ്യമായി പിച്ചിലൂടെ ഓടുന്നുവെന്നായിരുന്നു പരാതി. പിച്ചിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടിയ ഇരുവരും ഇക്കാര്യം അംപയറുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, ഇംഗ്ലിഷ് താരങ്ങളുടെ പരാതി തള്ളിയ ജഡേജ, താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് വാദിച്ചു. ഗില്ലിനൊപ്പം ആറാം വിക്കറ്റിൽ 203 റൺസിന്റെ ഉജ്വല കൂട്ടുകെട്ടുണ്ടാക്കിയ രവീന്ദ്ര ജഡേജ, ഒടുവിൽ അർഹിച്ച സെഞ്ചറിക്ക് 11 റൺസ് അകലെ വീഴുകയും ചെയ്തു.
ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587 റൺസിന് പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചപ്പോഴാണ് ഇന്ത്യൻ താരങ്ങൾ പരാതിയുമായി തിരിച്ചടിച്ചത്. ഇംഗ്ലിഷ് താരം ഹാരി ബ്രൂക്ക് അനാവശ്യമായി സമയം കളയുന്നുവെന്ന പരാതിയുമായി അംപയറിനെ സമീപിച്ചത് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. ജഡേജ എറിഞ്ഞ 19–ാം ഓവറോടെ രണ്ടാം ദിനത്തിലെ മത്സരം പൂർത്തിയാകുന്നുവെന്ന് ഉറപ്പാക്കാനായിരുന്നു ബ്രൂക്കിന്റെ ശ്രമം. ഇടയ്ക്കിടെ ക്രീസിൽനിന്ന് മാറിനിന്ന് ഗ്ലൗസ് ശരിയാക്കുന്ന വ്യാജേനയാണ് ബ്രൂക്ക് സമയം കളഞ്ഞത്. ഇത് ഇടയ്‍ക്കിടെ ആവർത്തിച്ചതോടെ ഗിൽ പരാതിയുമായി രംഗത്തെത്തി. ഇതിനിടെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും വിക്കറ്റിനു പിന്നിൽ നിന്ന് പരാതി ഉന്നയിച്ചു. ഒടുവിൽ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 20–ാം ഓവറോടെയാണ് അംപയർമാർ രണ്ടാം ദിനത്തിലെ മത്സരം നിർത്തിയത്.
English Summary:








English (US) ·