'ടൈറ്റില്‍ ഡിസൈന്‍: മോഹന്‍ലാല്‍'; ആ 'ഹൃദയപൂര്‍വ്വം' കൈയ്യക്ഷരം മോഹന്‍ലാലിന്റേത്‌

8 months ago 10

22 May 2025, 09:31 AM IST

hridayapoorvam mohanlal title

ഹൃദയപൂർവ്വം ഫസ്റ്റ്‌ലുക്ക് പോസ്റ്റർ, അനൂപ് സത്യൻ പങ്കുവെച്ച മോഹൻലാലിന്റെ കൈയ്യക്ഷരം | Photo: Facebook/ Anoop Sathyan

ആശിര്‍വാദ് സിനിമാസിന്റെ നിര്‍മാണത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനംചെയ്യുന്ന ചിത്രമാണ് 'ഹൃദയപൂര്‍വ്വം'. മെഗാഹിറ്റുകളായ 'എമ്പുരാന്‍', 'തുടരും' എന്നീ ചിത്രങ്ങള്‍ക്കുശേഷം മോഹന്‍ലാലിന്റേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തെ പ്രതീക്ഷയോടെയാണ് മലയാളസിനിമാ പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒത്തുചേരുന്ന 20-ാമത്തെ ചിത്രമെന്ന പ്രത്യേകതയും 'ഹൃദയപൂര്‍വ്വ'ത്തിനുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമായ ബുധനാഴ്ച പുറത്തുവന്നിരുന്നു. ഫസ്റ്റ്ലുക്ക് പോസ്റ്ററിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റ കഥയെഴുതിയ അനൂപ് സത്യന്‍.

ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് മോഹന്‍ലാല്‍ ആണെന്നാണ് അനൂപ് സത്യന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനൊപ്പം മോഹന്‍ലാലിന്റെ കൈയ്യക്ഷരത്തിലുള്ള 'ഹൃദയപൂര്‍വ്വം മോഹന്‍ലാല്‍' എന്ന ഓട്ടോഗ്രാഫ് കൂടി പങ്കുവെച്ചാണ് അനൂപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തിന്റെ ഡിസൈന്‍ വിഭാഗം കൈകാര്യംചെയ്യുന്ന യെല്ലോ ടൂത്ത്‌സും സ്ഥിരീകരിച്ചു. മോഹന്‍ലാലിന്റെ കൈയ്യക്ഷരത്തിലുള്ള 'ഹൃദയപൂര്‍വ്വ'വും അതിന്റെ വകഭേദങ്ങളും യെല്ലോ ടൂത്ത്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടു.

ടൈറ്റില്‍ മോഹന്‍ലാലിന്റെ ഓട്ടോഗ്രാഫില്‍നിന്ന് സ്വാധീനം ഉള്‍ക്കൊണ്ടതാണെന്ന ഒരു സാമൂഹികമാധ്യമ കുറിപ്പും യെല്ലോ ടൂത്ത്‌സ് ഷെയര്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ കുത്തിക്കുറിച്ച് നല്‍കിയത് ഡിസൈനര്‍മാര്‍ ഇപ്പോള്‍ കാണുന്ന ടൈറ്റിലിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ഹൃദയത്തില്‍നിന്ന് നേരിട്ട്, അരികെ പ്രിയപ്പെട്ടവര്‍ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ എഴുതിയത്.

Content Highlights: Hridayapoorvam First Look: Mohanlal`s Title Design

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article