ടൊവിനോയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് കാണാനാകുന്ന ചിത്രമാണ് നരിവേട്ട- ജേക്‌സ് ബിജോയ്

8 months ago 8

tovino thomas jakes bejoy

ടൊവിനോ തോമസ് ട്രെയ്‌ലറിൽ, ജേക്‌സ് ബിജോയ്‌ | Photo: Screen grab/ YouTube: Sony Music South, Facebook/ Jakes Bejoy

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുകയാണ്. മേയ് 16 ആഗോള റിലീസായി എത്താന്‍ തയാറാകുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത് എന്നും ടൊവിനോ തോമസിന്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തില്‍ ഉള്ളതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവിധായകനായ ജേക്സ് ബിജോയ്. 'ടൊവിനോ തോമസിന്റെ മികച്ച പ്രകടനം കാണാകുന്ന, വളരെ പ്രസക്തമായ ഒരു വിഷയം പറയുന്ന സിനിമയാണ് നരിവേട്ട', എന്നായിരുന്നു ജേക്‌സ് ബിജോയിയുടെ വാക്കുകള്‍. 'തുടരും' എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ജേക്‌സ് സംഗീത സംവിധാനത്തില്‍ ഇനി പുറത്ത് വരുന്ന ചിത്രം കൂടിയാണിത്.

ഇതിനോടകം പുറത്ത് വന്ന ചിത്രത്തിലെ ഒരു ഗാനവും, ട്രെയ്ലര്‍, ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള പോസ്റ്ററുകള്‍ എന്നിവയും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യുഎഇയിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് 'നരിവേട്ട' നിര്‍മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

പ്രേക്ഷകരില്‍ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. കേരള ചരിത്രത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്ലര്‍ സൂചിപ്പിക്കുന്നു. മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് 'നരിവേട്ട' എന്നാണ് ടൊവിനോ തോമസ് അഭിപ്രായപ്പെട്ടത്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകര്‍ച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ടൊവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവര്‍ത്തകര്‍.

വലിയ കാന്‍വാസില്‍ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ 'നരിവേട്ട'യിലൂടെ പ്രശസ്ത തമിഴ് നടനായ ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു. ടൊവിനോ തോമസ്, ചേരന്‍ എന്നിവര്‍ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. എന്‍.എം. ബാദുഷയാണ് നരിവേട്ടയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ഛായാഗ്രഹണം: വിജയ്, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്: ബാവ, കോസ്റ്റും: അരുണ്‍ മനോഹര്‍, മേക്കപ്പ്: അമല്‍ സി. ചന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സക്കീര്‍ ഹുസൈന്‍, പ്രതാപന്‍ കല്ലിയൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍: ഷെമി ബഷീര്‍, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Jakes Bejoy astir Tovino Thomas and Jakes Bejoy

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article