ടൊവിനോയുടെ പേര് വലിച്ചിഴച്ചത് ശ്രദ്ധപിടിച്ചുപറ്റാന്‍ ; മാനേജരെ മര്‍ദിച്ച കേസില്‍ ഉണ്ണിമുകുന്ദന്‍

7 months ago 7

കൊച്ചി: മുന്‍ മാനേജരെ മര്‍ദിച്ചുവെന്ന പരാതിയില്‍ വിശദീകരണവുമായി നടന്‍ ഉണ്ണിമുകുന്ദന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് വിപിന്‍ കുമാര്‍ എന്ന വ്യക്തി തനിക്കെതിരെ ഉന്നയിച്ചതെന്ന് ഉണ്ണിമുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനേജര്‍ എന്ന നിലയില്‍ വിപിനുമായി തനിക്ക് ഔദ്യോഗികമായ ബന്ധം ഉണ്ടായിരുന്നില്ലെന്നും അനേകം സുഹൃത്തുക്കളില്‍ ഒരാളായിരുന്നുവെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

വിപിന്‍ കുമാറില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ പറഞ്ഞ് ചിലര്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ഉണ്ണിമുകുന്ദന്‍ പറയുന്നു. വിളിച്ചത് രണ്ട് പേരും സ്ത്രീകളായിരുന്നുവെന്നും അതിലൊരാള്‍ ഒരു മുതിര്‍ന്ന നടിയാണെന്നും ഉണ്ണി പറഞ്ഞു. ഈ ഫോണ്‍കോളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിജിപിക്കും എഡിജിപിയ്ക്കും കൈമാറിയിട്ടുണ്ടെന്നും ഉണ്ണി പറഞ്ഞു. കൂടാതെ, തന്നെ കുറിച്ച് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത മോശം കാര്യങ്ങള്‍ വിപിന്‍ പറഞ്ഞതായും അറിഞ്ഞു.

ഇക്കാര്യം സുഹൃത്തായ മറ്റൊരു സംവിധായകനുമായി ചര്‍ച്ച ചെയ്തിരുന്നു. അയാള്‍ വിപിനെ ബന്ധപ്പെട്ട് സംസാരിക്കുകയും വിപിന്‍ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചതായും സംവിധായക സുഹൃത്ത് പറഞ്ഞു. തന്നോട് വിപിനിനെ നേരിട്ട് കണ്ട് സംസാരിക്കാനും സംവിധായകന്‍ നിര്‍ദേശിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിപിനെ നേരിട്ട് കണ്ടത്. എന്നെ പറ്റി എന്ത് അടിസ്ഥാനത്തിലാണ് മോശപ്പെട്ട കാര്യങ്ങള്‍ പറഞ്ഞതെന്ന് എനിക്ക് അറിയേണ്ടിയിരുന്നു. സുഹൃത്തായ സംവിധായകന്‍ പറഞ്ഞത് വിപിന് ഖേദം പ്രകടിപ്പിച്ചു എന്നാണ്. എന്നാല്‍ സംസാരം വാക്ക് തര്‍ക്കമുണ്ടാവുകയും അതിനിടയില്‍ ആയാളുടെ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞു. അയാള്‍ കുറച്ച് നേരം അവിടെ നിന്ന് കരഞ്ഞു. ശേഷം മാപ്പ് പറഞ്ഞു പോയി.

താന്‍ അയാളെ മര്‍ദിച്ചിട്ടില്ലെന്ന് ഉണ്ണി ആവര്‍ത്തിച്ച് പറഞ്ഞു. വൈകാരികമായി സംസാരിച്ചു എന്നതും കണ്ണട എറിഞ്ഞുപൊട്ടിച്ചു എന്നുള്ളതും ശരിയാണ്. ഈ സംഭവത്തിന് ശേഷം വിപിന്‍ കുറച്ച് നേരം അവിടെ നിന്ന് കരഞ്ഞുവെന്നും ശേഷം ക്ഷമാപണം നടത്തി അവിടെ നിന്ന് പോയെന്നും ഉണ്ണി പറഞ്ഞു.

പിന്നീട് വിപിന്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. ടോവിനോയുടെ പേര് ഇതിലേക്ക് അനാവശ്യമായി വലിച്ചിഴച്ചു. മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുറ്റാന്‍ വേണ്ടിയാണ് ടൊവിനോയുടെ പേര് ഇയാള്‍ എടുത്തിട്ടതെന്ന് ഉണ്ണി പറഞ്ഞു. ഇയാള്‍ക്കെതിരെ സിനിമാ സംഘടനകളില്‍ നേരത്തെ പരാതി പോയിട്ടുണ്ടെന്നും ഉണ്ണി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ സംഘടനകളോട് വിളിച്ച് ചോദിക്കാമെന്നും ഉണ്ണി പറഞ്ഞു. ടൊവിനോയുടെ വിഷയത്തിലൂടെ യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് മാറ്റാനുള്ള ശ്രമമാണ് അയാള്‍ നടത്തിയതെന്നും. ആ പ്രശ്‌നം ആരും ചര്‍ച്ച ചെയ്തില്ലെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.

Content Highlights: Actor Unni Mukundan addressed battle allegations, stating they are baseless

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article