Published: July 22 , 2025 11:20 PM IST
1 minute Read
മിർപുർ∙ ബാബർ അസം, മുഹമ്മദ് റിസ്‍വാൻ, ഷഹീൻ അഫ്രീദി തുടങ്ങിയ പ്രധാന താരങ്ങളെ ഒഴിവാക്കി ബംഗ്ലദേശിലേക്കു പരമ്പര കളിക്കാൻ പോയ പാക്കിസ്ഥാന്റെ കഷ്ടകാലം തുടരുന്നു. രണ്ടാം ട്വന്റി20 മത്സരത്തിലും പാക്കിസ്ഥാനെ തോൽപിച്ച് ബംഗ്ലദേശ് പരമ്പര സ്വന്തമാക്കി. എട്ട് റൺസ് വിജയമാണ് രണ്ടാം മത്സരത്തിൽ ബംഗ്ലദേശ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 20 ഓവറിൽ 133 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 19.2 ഓവറിൽ 125 റൺസിന് പാക്കിസ്ഥാൻ ഓൾഔട്ടായി.
ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗ ബംഗ്ലദേശിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. പാക്കിസ്ഥാൻ ബോളർമാർ തകർത്തെറിഞ്ഞതോടെ ബംഗ്ലദേശിനെ ചെറിയ സ്കോറിൽ ഒതുക്കാൻ സാധിച്ചു. മധ്യനിരയിൽ ജേക്കർ അലിയുടേയും മെഹ്ദി ഹസന്റെയും ചെറുത്തുനിൽപാണു ബംഗ്ലദേശിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 48 പന്തുകൾ നേരിട്ട ജേക്കർ അലി 55 റൺസടിച്ചു പുറത്തായി. മെഹ്ദി ഹസൻ 25 പന്തുകളിൽ 33 റൺസ് സ്വന്തമാക്കി. പാക്കിസ്ഥാനു വേണ്ടി സൽമാൻ ആഗ, അഹമ്മദ് ദനിയാൽ, അബ്ബാസ് അഫ്രീദി എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഫഹീം അഷറഫ് പാക്കിസ്ഥാനു വേണ്ടി അർധ സെഞ്ചറി നേടിയെങ്കിലും വിജയത്തിലെത്താൻ സാധിച്ചില്ല. 32 പന്തിൽ 51 റൺസാണ് ഫഹീം അടിച്ചെടുത്തത്. വാലറ്റത്ത് ബാറ്റർമാർ നടത്തിയ പ്രകടനം പോലും പുറത്തെടുക്കാൻ സാധിക്കാതിരുന്ന മുൻനിരയാണ് പാക്കിസ്ഥാനെ തോൽവിയിലേക്കു തള്ളിവിട്ടത്. ടോപ് ഓർഡർ ബാറ്റർമാരായ ഫഖർ സമാൻ (എട്ട്), സയിം അയൂബ് (ഒന്ന്), മുഹമ്മദ് ഹാരിസ് (പൂജ്യം), സൽമാൻ ആഗ (ഒൻപത്), ഹസൻ നവാസ് (പൂജ്യം), മുഹമ്മദ് നവാസ് (പൂജ്യം) എന്നിവരെല്ലാം നിരാശപ്പെടുത്തി.
വാലറ്റത്ത് അബ്ബാസ് അഫ്രീദിയും (19), അഹമ്മദ് ദനിയാലും (17) പൊരുതിനോക്കിയെങ്കിലും 19.2 ഓവറില്‍ പാക്കിസ്ഥാന്‍ ഓൾഔട്ടായി. ബംഗ്ലദേശ് താരങ്ങളായ ഷൊരീഫുൾ ഇസ്‍ലാം മൂന്നു വിക്കറ്റും മെഹ്ദി ഹസന്‍, തൻസിം ഹസന്‍ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും സ്വന്തമാക്കി. പരമ്പരയിലെ മൂന്നാം മത്സരം വ്യാഴാഴ്ച നടക്കും.
English Summary:








English (US) ·