Published: September 22, 2025 07:28 AM IST Updated: September 22, 2025 09:29 AM IST
1 minute Read
ലിവർപൂൾ ∙ ഈ സീസണിലെ റെക്കോർഡ് ട്രാൻസ്ഫർ സൈനിങ് താരങ്ങളെ സൈഡ് ബെഞ്ചിലിരുത്തി കളി തുടങ്ങിയിട്ടും ലിവർപൂളിന് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ എവർട്ടനെതിരെ 2–1 വിജയം. ക്ലബ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുകയ്ക്കു ടീമിലെത്തിയ ജർമൻ ഫുട്ബോളർ ഫ്ലോറിയൻ വിറ്റ്സ്, ബ്രിട്ടിഷ് റെക്കോർഡ് തുകയ്ക്കു ടീമിലേക്കു വന്ന അലക്സാണ്ടർ ഇസാക്ക് എന്നിവരെ പകരക്കാരായി ഇരുത്തിയാണ് ലിവർപൂൾ കളി തുടങ്ങിയത്.
10–ാം മിനിറ്റിൽ മുഹമ്മദ് സലായുടെ അസിസ്റ്റിൽനിന്ന് റയാൻ ഗ്രാവൻബെർച്ച് ലിവർപൂളിന്റെ ആദ്യ ഗോൾ നേടി. 29–ാം മിനിറ്റിൽ ഹ്യൂഗോ എകിറ്റിക്കെയും ഗോൾ നേടിയതോടെ ലിവർപൂൾ അരമണിക്കൂറിനകം 2–0ന് മുന്നിൽ. 58–ാം മിനിറ്റിൽ ഇദ്രിസെ ഗുയെ എവർട്ടനായി ഒരു ഗോൾ മടക്കി. 5 കളിയിൽ അഞ്ചും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതാണു ലിവർപൂൾ.
2–0ന് പിന്നിൽനിന്ന ശേഷം 2 ഗോൾ തിരിച്ചടിച്ച ടോട്ടനം ഹോട്സ്പർ, ബ്രൈട്ടനെതിരെ സമനിലയുമായി പട്ടികയിൽ 2–ാം സ്ഥാനക്കാരായി. ചെൽസിക്കെതിരെ 2–1 വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആശ്വാസനിശ്വാസമുതിർത്തു.
റയൽ വീണ്ടും റോയൽ
മഡ്രിഡ് ∙ സ്പാനിഷ് ലാലിഗ ഫുട്ബോളിൽ റയൽ മഡ്രിഡിന്റെ വിജയക്കുതിപ്പ് തുടരുന്നു. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ എസ്പന്യോളിനെ 2–0നാണ് റയൽ വീഴ്ത്തിയത്. ബ്രസീലിയൻ യുവതാരം എഡർ മിലിറ്റാവോ (22–ാം മിനിറ്റ്), ഫ്രഞ്ച് താരം കിലിയൻ എംബപെ (47) എന്നിവരാണ് റയലിനായി ലക്ഷ്യം കണ്ടത്. സീസണിൽ റയലിന്റെ തുടർച്ചയായ 5–ാം ജയമാണിത്. ഇതോടെ 15 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്തു തുടരുന്നു.
English Summary:








English (US) ·