Published: November 28, 2025 12:44 PM IST Updated: November 28, 2025 12:52 PM IST
1 minute Read
ലക്നൗ ∙ സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ കേരളത്തിനു തോൽവി. റെയിൽവേസിനെതിരെ 32 റൺസിനാണ് കേരളത്തിന്റെ തോൽവി. ആദ്യം ബാറ്റു ചെയ്ത റെയിൽവേസ് ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന്റെ ഇന്നിങ്സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 117 റൺസിൽ അവസാനിച്ചു. മൂന്നു വിക്കറ്റ് വീഴ്ത്തിയ അടൽ ബിഹാരി റായ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ ശിവം ചൗധരി, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ആകാശ് പാണ്ഡെ, രാജ് ചൗധരി, ക്യാപ്റ്റൻ കാൺ ശർമ എന്നിവരാണ് കേരളത്തെ തകർത്തത്. ആദ്യ മത്സരത്തിൽ ഒഡീഷയെ കേരളം 10 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. 30നു ഛത്തീസ്ഗഡിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
റെയിൽവേസിനെതിരെ ചേസിങ്ങിൽ കേരള ബാറ്റിങ് നിരയിൽ ആർക്കും പിടിച്ചനിൽക്കാനായില്ല. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസൺ (25 പന്തിൽ 19) ആണ് കേരളത്തിന്റെ ടോപ് സ്കോറർ. ഒരു സിക്സും രണ്ടു ഫോറും സഞ്ജുവിന്റെ ബാറ്റിൽനിന്നു പിറന്നെങ്കിലും റൺസ് കണ്ടെത്താൻ താരം ബുദ്ധിമുട്ടി. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് സെഞ്ചറി നേടിയ രോഹൻ കുന്നുമ്മൽ 14 പന്തിൽ എട്ടു റൺസുമായി മടങ്ങി. ഒന്നാം വിക്കറ്റിൽ സഞ്ജുവും രോഹനും ചേർന്ന് 25 റൺസാണ് കൂട്ടിച്ചേർത്തത്.
പിന്നീട് ആറാം വിക്കറ്റിൽ ഒന്നിച്ച സൽമാൻ നിസാർ (14 പന്തിൽ 18), അഖിൽ സ്കറിയ (18 പന്തിൽ 16) സഖ്യം മാത്രമാണ് 20 റൺസിനു മുകളിൽ കൂട്ടുകെട്ടുണ്ടാക്കിയത്. ഇരുവരും ചേർന്ന് 27 റൺസാണ് സ്കോർബോർഡിൽ ചേർത്തത്. അഹമ്മദ് ഇമ്രാൻ (15 പന്തിൽ 12), വിഷ്ണു വിനോദ് (7 പന്തിൽ 7), അബ്ദുൽ ബാസിത് (10 പന്തിൽ 7), അങ്കിത് ശർമ (11 പന്തിൽ 15*), എം.ഡി.നിധീഷ് (5 പന്തിൽ 4*) എന്നിങ്ങനെയാണ് കേരളത്തിന്റെ മറ്റു ബാറ്റർമാരുടെ സ്കോറുകൾ. പുറത്താകാതെ നിന്ന അങ്കിതിന്റെ ബാറ്റിങ്ങാണ് കേരളത്തിന്റെ സ്കോർ നൂറു കടത്തിയത്.
നേരത്തെ, ടോസ് നേടിയ കേരളത്തിന്റെ ക്യാപ്റ്റൻ സഞ്ജു സാംസൺ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തി കെ.എം.ആസിഫ്, രണ്ടു വീതം വിക്കറ്റ് വീഴ്ത്തി അഖിൽ സ്കറിയ, എൻ.എം.ഷറഫുദ്ദീൻ എന്നിവരുടെ ബോളിങ്ങാണ് റെയിൽവേസിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത്. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് അവർ 149 റൺസെടുത്തത്. 29 പന്തിൽ 32 റൺസെടുത്ത നവനീത് വിർക്കാണ് അവരുടെ ടോപ് സ്കോറർ. ഓപ്പണർ ശിവം ചൗധരി 16 പന്തിൽ 24 റൺസെടുത്തു.
English Summary:








English (US) ·