Published: September 24, 2026 07:02 PM IST Updated: September 24, 2026 08:07 PM IST
3 minute Read
നഗോയ ∙ ഏഷ്യൻ ഗെയിംസിലെ അഞ്ചാം ദിനം ഇന്ത്യൻ ‘ഫൈവ് സ്റ്റാർ’ ഡേ. രണ്ടു വെള്ളിയും മൂന്നു വെങ്കലവുമടക്കം അഞ്ച് മെഡലുകളാണ് ഇന്ത്യ വ്യാഴാഴ്ച സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 17 ആയി. എന്നാൽ റാങ്കിങ്ങിൽ ഇന്ത്യ 15–ാം സ്ഥാനത്തേയ്ക്കു വീണു. സ്വർണ മെഡലുകൾ അകന്നു നിൽക്കുന്നതാണ് ഇന്ത്യയ്ക്കു തിരിച്ചടിയാകുന്നത്. വനിതാ ക്രിക്കറ്റിലാണ് ഇന്ത്യയുടെ ഏക സ്വർണം. വ്യാഴാഴ്ച, ഷൂട്ടിങ്ങിൽ സ്കീറ്റ് താരങ്ങൾ ഒരിക്കൽക്കൂടി ഇന്ത്യയ്ക്ക് രക്ഷകരായപ്പോൾ, പ്രതിസന്ധികളിലൂടെ കടന്നുപോയ റോവിങ് താരങ്ങൾ വെങ്കല മെഡൽ നേടി രാജ്യത്തിന്റെ അഭിമാനം കാത്തു. വുഷു താരം റോഷിബിന ദേവി വെള്ളി നേടിയപ്പോൾ, ട്രാക്കിലും മെഡൽ വേട്ട തുടങ്ങി. 4x 400 മീറ്റർ മിക്സ്ഡ് റിലേയിൽ ഇന്ത്യ വെള്ളി നേടിയപ്പോൾ വനിതകളുടെ 10,000 മീറ്ററിൽ ഇന്ത്യയുടെ സീമ വെങ്കലം നേടി.
What you should work next
വുഷുവിൽ വനിതകളുടെ 60 കിലോഗ്രാം സാൻദ വിഭാഗം ഫൈനലിൽ ചൈനീസ് താരം ഷാങ് സിയാവോയുവിനോട് 0-2ന് പരാജയപ്പെട്ടതോടെയാണ് റോഷിബിന വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെട്ടത്. ഫൈനലിൽ പൂർണ ആധിപത്യം പുലർത്തിയ ഷാങ്, രണ്ടു റൗണ്ടുകളും 5-0 ന് (ആകെ 10-0) വിജയിക്കുകയായിരുന്നു. ഏഷ്യൻ ഗെയിംസിൽ റോഷിബിനയുടെ മൂന്നാമത്തെ മെഡലാണിത്. കഴിഞ്ഞ 2 ഏഷ്യൻ ഗെയിംസിലും ചൈനീസ് ആയോധനകലയായ വുഷുവിൽ റോഷിബിന യഥാക്രമം വെള്ളിയും വെങ്കലവും നേടിയിരുന്നു. ഏഷ്യൻ ഗെയിംസിനുള്ള ദേശീയ ടീമിൽ റോഷിബിനയെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കൊടുവിലാണ് ഈ നേട്ടം. സിലക്ഷൻ ട്രയൽസിൽ യുവതാരം ദിവ്യാൻഷി ചൗധരിയോട് റോഷിബിന പരാജയപ്പെട്ടിരുന്നുവെങ്കിലും, ദിവ്യാൻഷിക്ക് പരുക്കേറ്റതിനെ തുടർന്നാണ് റോഷിബിനയ്ക്ക് ടീമിൽ ഇടം ലഭിച്ചത്. ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ദിവ്യാൻഷി, റോഷിബിനയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങളെയെല്ലാം മറികടന്നാണ് 25 വയസ്സുകാരിയായ റോഷിബിന ഇന്ത്യയ്ക്ക് മെഡൽ ഉറപ്പാക്കിയത്.
റോവിങ്ങിലും മെഡൽ നേടി ഇന്ത്യ ചരിത്രം കുറിച്ചു. പുരുഷന്മാരുടെ ഡബിൾ സ്കൾസ് ഫൈനലിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് സത്നാം സിങ്ങും സൽമാൻ ഖാനുമാണ് വെങ്കല മെഡൽ നേടിയത്. റോവിങ്ങിൽ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ മെഡലാണിത്. ഫൈനലിൽ 6:13.25 മിനിറ്റിലാണ് ഇന്ത്യൻ സഖ്യം ഫിനിഷ് ചെയ്തത്. 1,500 മീറ്റർ വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ ജോഡി അവസാന 500 മീറ്ററിലാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസ് ക്വാഡ്രുപൾ സ്‌കൾസിൽ വെങ്കലം നേടിയ സത്നാം സിങ്ങിന്റെ കരിയറിലെ രണ്ടാമത്തെ ഏഷ്യൻ ഗെയിംസ് മെഡലാണിത്. അതേസമയം, പുരുഷന്മാരുടെ സിംഗിൾ സ്കൾസ് ഫൈനലിൽ ഇന്ത്യയുടെ ബൽരാജ് പൻവാർ നാലാം സ്ഥാനത്തായി ഫിനിഷ് ചെയ്തതോടെ നേരിയ വ്യത്യാസത്തിലാണ് ഇന്ത്യക്ക് മറ്റൊരു മെഡൽ നഷ്ടമായത്. 6:54.80 മിനിറ്റിലായിരുന്നു ബൽരാജ് മത്സരം പൂർത്തിയാക്കിയത്. 500 മീറ്റർ, 1,000 മീറ്റർ, 1,500 മീറ്റർ മാർക്കുകൾ വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബൽരാജിന് അവസാന 500 മീറ്ററിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടി വന്നു.
ഷൂട്ടിങ്ങിൽ നിരാശ ഇന്നും തുടർന്നു കഴിഞ്ഞ ദിവസം വനിതകളുടെ എയർ പിസ്റ്റൾ സംഘം നിരാശപ്പെടുത്തിയതിന് പിന്നാലെ, പുരുഷ ടീമും പരാജയപ്പെട്ടു. ടീം ഇനത്തിൽ നാലാം സ്ഥാനത്തായ അവർക്ക് ആർക്കും തന്നെ വ്യക്തിഗത ഫൈനലിലേക്കും യോഗ്യത നേടാനായില്ല. മിക്സഡ് ടീം സ്കീറ്റിൽ പരിനാസ് ധലിവാൽ - അനന്ത്ജീത് സിങ്് നരുക സഖ്യം നേടിയ വെങ്കല മെഡലാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. ഇരുവരും നേരത്തെ യഥാക്രമം വനിതാ, പുരുഷ ടീം ഇനങ്ങളിലും വെങ്കലം നേടിയിരുന്നു. അത്‌ലറ്റീക്സിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്കു രണ്ടു മെഡലുണ്ട് മിക്സഡ് 4x400 മീറ്റർ റിലേയിൽ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കിയപ്പോൾ, വനിതകളുടെ 10,000 മീറ്റർ ഫൈനലിൽ സീമ കുമാരി വെങ്കലം നേടി. 32:50.05 മിനിറ്റിൽ ഫിനിഷ് ചെയ്താണ് സീമ ഈ നേട്ടം കൈവരിച്ചത്. 16 വർഷങ്ങൾക്ക് ശേഷമാണ് ഈ ഇനത്തിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ നേടുന്നത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഈ ഇനത്തിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മാത്രം മെഡലാണിത്. പൂവമ്മ രാജു, വിശാൽ തെന്നരശ്, വിത്യ രാംരാജ്, മനു ടി.എസ് എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യമാണ് മിക്സഡ് 4x400 മീറ്റർ റിലേയിൽ 3:14.46 മിനിറ്റിൽ ഫിനിഷ് ചെയ്ത് വെള്ളി മെഡൽ സ്വന്തമാക്കിയത്.
പുരുഷ-വനിതാ കബഡി ടീമുകൾ അപരാജിത കുതിപ്പ് തുടർന്ന് സ്വർണ മെഡൽ നിലനിർത്താനുള്ള പാതയിലാണ്. പുരുഷന്മാർ ചൈനീസ് തായ്‌പേയിയെ 37-21 ന് തോൽപ്പിച്ചപ്പോൾ, വനിതകൾ ജപ്പാനെ 50-25 ന് പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിക്കുകയും മെഡൽ ഉറപ്പിക്കുകയും ചെയ്തു. സ്ക്വാഷിലും ഇന്ത്യയ്ക്ക് മികച്ച ദിവസമായിരുന്നു. അനാഹത് സിങ്, തൻവി ഖന്ന, അഭയ് സിങ്, വീർ ചോട്രാനി എന്നിവർ സിംഗിൾസ് ക്വാർട്ടർ ഫൈനലിലും, ജോഷ്ന ചിന്നപ്പ - വേലവൻ സെന്തിൽകുമാർ സഖ്യം മിക്സഡ് ഡബിൾസ് അവസാന എട്ടിലും കടന്നു. ജൂനിയർ ലോക ചാംപ്യനും മെഡൽ പ്രതീക്ഷയുമായ അനാഹത് സിങ്, വനിതാ സിംഗിൾസിന്റെ ആദ്യ മത്സരത്തിൽ സിംഗപ്പൂരിന്റെ വായ് ഇന്നിനെ വെറും 19 മിനിറ്റിനുള്ളിൽ 3-0 (11-4, 11-5, 11-7) ന് പരാജയപ്പെടുത്തി.
ടേബിൾ ടെന്നിസിൽ വനിതാ ഡബിൾസ് സഖ്യങ്ങളായ ശ്രീജ അകുല - സിൻഡ്രെല ദാസ്, യശസ്വിനി ഘോർപഡെ - ദിയ ചിതാലെ എന്നിവർ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. പുരുഷ സിംഗിൾസിൽ മാനുഷ് ഷായും മാനവ് താക്കറും അവസാന 32ൽ ഇടംപിടിച്ചു.മികച്ച ഫോമിലുള്ള സ്‌ട്രൈക്കർ ദിൽപ്രീത് സിങ് നേടിയ ഹാട്രിക്കിന്റെ കരുത്തിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം കൊറിയയെ 8-2 ന് തകർത്ത് സെമിഫൈനൽ ഉറപ്പാക്കി. പൂൾ എ-യിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാമത്തെ വിജയമാണിത്. വനിതകളുടെ 65 കിലോഗ്രാം ബോക്സിങ്ങിൽ വാക്കോവർ ലഭിച്ച പർവീൺ മാത്രമാണ് ഇന്ന് ക്വാർട്ടറിലേക്ക് മുന്നേറിയ ഏക ഇന്ത്യൻ താരം. സാക്ഷി ചൗധരി (51 കിലോഗ്രാം), സുമിത് (70 കിലോഗ്രാം) എന്നിവർ പുറത്തായി.
ജിംനാസ്റ്റിക്സിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന പ്രണതി നായിക് എട്ടംഗ വോൾട്ട് ഫൈനലിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ആ വിഭാഗത്തിലെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഫെൻസിങ്ങിലുും ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. വനിതകളുടെ ഇൻഡിവിജ്വൽ സാബർ ഇനത്തിൽ സി.എ. ഭവാനി ദേവിയും ശ്രേയ ഗുപ്തയും പുറത്തായി.
English Summary:






English (US) ·