ട്രിപ്പിൾ ജംപ് നിയന്ത്രിക്കുന്നത് ഉറുദു അധ്യാപകൻ, നടത്ത മത്സരം നടത്തുന്നത് അറബിക് അധ്യാപകൻ, ഹൈജംപ് മത്സര നടത്തിപ്പിന് അനധ്യാപകർ മുതൽ സ്വകാര്യ ഫുട്ബോൾ പരിശീലകൻ വരെ. തൃശൂർ ജില്ലയിൽ പുരോഗമിക്കുന്ന ഉപജില്ലാ കായികമേളകളുടെ അവസ്ഥ ഇങ്ങനെയാണ്. നിസ്സഹകരണം പ്രഖ്യാപിച്ചു കായികാധ്യാപകർ വിട്ടുനിൽക്കുന്നതിനാൽ ഒട്ടുമിക്ക ജില്ലകളിലും കായികമേളകൾ നടക്കുന്നതു തോന്നുംപടി. കായിക നിയമങ്ങളെക്കുറിച്ചു വ്യക്തമായി ധാരണയില്ലാത്ത ഭാഷാ അധ്യാപകരും മത്സരപരിചയമില്ലാത്ത അനധ്യാപകരുമടക്കം കായികമേള സംഘടിപ്പിക്കാൻ നിർബന്ധിതരാകുമ്പോൾ മത്സരനടത്തിപ്പും ഫലപ്രഖ്യാപനവുമെല്ലാം പരാതികളിൽ മുങ്ങിക്കുളിക്കുന്നു. പ്രശ്നപരിഹാരത്തിനു സർക്കാർ ഇടപെടുന്നുമില്ല.
മുഴുവൻ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചു കായികാധ്യാപകർ സ്കൂൾ ഇതര പ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നതാണു പ്രതിസന്ധിക്കു കാരണം. സ്കൂളുകളിൽ നിന്നു കുട്ടികളെയും കൂട്ടി കായികവേദികളിൽ എത്തി മത്സരങ്ങളിൽ പങ്കെടുപ്പിക്കുമെങ്കിലും ഇവർ മത്സര നടത്തിപ്പിനോടു സഹകരിക്കുന്നില്ല. തൃശൂർ വെസ്റ്റ്, ഈസ്റ്റ്, ചേർപ്പ് ഉപജില്ലകളിലെ മേളകൾ താളംതെറ്റി. അത്‍ലറ്റിക്സ് മത്സര നടത്തിപ്പ് അത്‍ലറ്റിക്സ് അസോസിയേഷനെ ഏൽപിച്ചെങ്കിലും കായികാധ്യാപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവരും പിന്മാറി. ഇതോടെയാണു ഭാഷാ അധ്യാപകരെയും അനധ്യാപകരെയുമൊക്കെ നിർബന്ധിത ഡ്യൂട്ടിക്കു നിയോഗിച്ചത്. പരിചയക്കുറവു മൂലം മത്സരസമയക്രമം പാലിക്കാൻ ഇവർക്കു കഴിയുന്നില്ല. മത്സരക്രമം അറിയിക്കാതിരുന്നതുമൂലം പങ്കെടുക്കാൻ കഴിയാത്ത കുട്ടികളും രക്ഷിതാക്കളുമടക്കം ഉപജില്ലാ വേദികളിൽ പ്രതിഷേധമുയർത്തുന്നുണ്ട്.
എറണാകുളം ജില്ലയിൽ അതതു കായിക അസോസിയേഷനുകളെ ഏൽപിച്ചാണു മേളകളുടെ നടത്തിപ്പ്. ടീമിനങ്ങളിൽ പങ്കെടുക്കുന്നവരോട് 500 രൂപ വീതവും വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കുന്നവരോടു 30 രൂപ വീതവും ഇതിനായി പിരിച്ചെടുക്കുന്നുമുണ്ട്. മത്സരങ്ങൾ സമയത്തു പൂർത്തിയാക്കാനാകാതെ അടുത്ത ദിവസത്തേക്കു നീളുന്ന അവസ്ഥ പോലുമുണ്ട്.
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞയാഴ്ച ബോക്സിങ് മത്സരം നടത്തിയത് ആറു മണിക്കൂറോളം വൈകിയാണ്. വിരമിച്ച അധ്യാപകരുടെയും സ്പോർട്സ് കൗൺസിൽ പരിശീലകരുടെയും സഹായത്തോടെയാണു കോട്ടയത്തു ഗെയിംസ് നടത്തിയത്. മലപ്പുറം ജില്ലയിലെ കായികമേളകളുടെ നടത്തിപ്പ് അവതാളത്തിലായതിനു പിന്നാലെ കൊണ്ടോട്ടി ഉപജില്ലാ മേളയിൽ കായികാധ്യാപകർ പ്രതിഷേധിച്ചു.
ബിആർസിയിൽ ജോലി ചെയ്യുന്ന താൽക്കാലിക കായികാധ്യാപകരെയും അത്‍ലറ്റിക് അസോസിയേഷനിൽ നിന്നുള്ള പരിശീലകരെയും എത്തിച്ചാണ് പാലക്കാട്ട് ഉപജില്ലാ കായികമേളകൾ നടത്തുന്നത്. കായികാധ്യാപകർ മേളയുടെ നടത്തിപ്പിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ഉത്തരവും നൽകിയിട്ടുണ്ട്.
നടത്തത്തിനിടെ ഓട്ടം !
തൃശൂരിൽ ഉപജില്ലാ കായികമേളയിലെ നടത്ത മത്സരത്തിനിടെ മത്സരാർഥികളിൽ ചിലർ ഒഫീഷ്യൽസിന്റെ കണ്ണുവെട്ടിച്ച് പലവട്ടം ഓടിയിട്ടും നടപടിയുണ്ടായില്ലെന്നു പരാതികൾ. നടത്തം ഓട്ടമായി മാറിയാൽ വാണിങ് നൽകണമെന്നും ഓട്ടം ആവർത്തിച്ചാൽ അയോഗ്യരാക്കണമെന്നും ചട്ടമുണ്ടെങ്കിലും ഇതു പാലിക്കപ്പെട്ടില്ല. നടത്തം ഓട്ടമായി മാറുന്നത് ഒഫീഷ്യൽസ് തിരിച്ചറിയുന്നില്ലെന്നു ബോധ്യംവന്നതോടെ ‘ഓട്ടം’ പലവട്ടം ആവർത്തിക്കപ്പെട്ടെന്നാണു പരാതി. ഹൈജംപിന്റെ ബെഡ് ക്രമീകരിക്കേണ്ട രീതി അറിയാതെ തോന്നുംപടി അടുക്കിയിട്ടിരിക്കുന്നതും ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ, തെറ്റു ചൂണ്ടിക്കാട്ടിയവരോട് ‘എന്നാൽ നിങ്ങൾ വന്നു കാണിച്ചു തരൂ’ എന്നായി അധികൃതരുടെ മറുപടി. ഹൈജംപിൽ ഒരു റൗണ്ട് പൂർത്തിയായശേഷം ക്രോസ് ബാർ ഉയർത്തിയ രീതിയും വിമർശനമുണ്ടാക്കി. 2, 3, 5 സെന്റിമീറ്റർ വരെ ഘട്ടം ഘട്ടമായി ഉയർത്തുന്നതിനു പകരം 10 സെന്റിമീറ്റർ ഒറ്റയടിക്ക് ഉയർത്തിയതു രക്ഷിതാക്കൾ ചോദ്യം ചെയ്തു.
പ്രശ്നകാരണം നിയമനം
മുഴുവൻ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കണമെന്ന ആവശ്യമടക്കം ഉന്നയിച്ചാണു കായികാധ്യാപകർ മേളകളിൽ നിന്നു വിട്ടുനിൽക്കുന്നത്. എയ്ഡഡ് സ്കൂൾ കായികാധ്യാപക സംഘടനയായ കെപിഎസ്പിഇടിഎയും ഗവ. സ്കൂൾ കായികാധ്യാപക സംഘടനയായ ഡിപിടിഎയും സംയുക്തമായാണു നിസ്സഹകരണം പ്രഖ്യാപിച്ചത്. 65 വർഷം പഴക്കമുള്ള നിയമന മാനദണ്ഡങ്ങൾ പരിഷ്കരിക്കാത്തതു മൂലം 86% യുപി സ്കൂളുകളിലും 45% ഹൈസ്കൂളുകളിലും എല്ലാ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ സ്കൂളുകളിലും കായികാധ്യാപകരില്ലാത്ത അവസ്ഥയാണെന്ന് അധ്യാപകർ പറയുന്നു. പൊതുവിദ്യാലയങ്ങളിലെ 40 ലക്ഷത്തിലേറെ വിദ്യാർഥികൾക്കു പരിശീലനം നൽകുന്നതിനായി 1800ൽ താഴെ കായികാധ്യാപകർ മാത്രമാണുള്ളത്.
English Summary:








English (US) ·