
ചിത്രത്തിന്റെ പോസ്റ്റർ, ബി. ഉണ്ണികൃഷ്ണൻ | Photo: Facebook:Suressh Gopi, Unnikrishnan B
സുരേഷ് ഗോപി നായകനായ 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ സമരമടക്കമുള്ള നടപടികളിലേക്ക് കടന്ന് ചലച്ചിത്ര സംഘടനകൾ. തിങ്കളാഴ്ച തിരുവനന്തപുരത്ത് സിബിഎഫ്‌സി റീജിയണല്‍ ഓഫീസിന് മുന്നിലാണ് സമരപരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫെഫ്ക, നിർമാതാക്കളുടെ സംഘടന, അഭിനേതാക്കളുടെ സംഘടനയായ അമ്മ എന്നിവരുടെ പ്രാതിനിധ്യം സമരത്തിലുണ്ടാകുമെന്ന് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
സിനിമയുടെ സംവിധായകനുമായി സംസാരിച്ചതായി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. അധികൃതരുടെ ഒരേ ഒരു ആവശ്യം ആ കഥാപാത്രത്തിന്റെ പേര് മാറ്റണം എന്നാണെന്നാണ് സംവിധായകൻ പറയുന്നത്. പേര് മാറ്റുമ്പോള്‍ സിനിമയുടെ ടൈറ്റിലില്‍ നിന്നും മാറ്റേണ്ടിവരും. അതിന് കാരണമായി അവർ ചൂണ്ടിക്കാട്ടിയത് സമാനമായി രണ്ട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ്. സിനിമയുടെ ട്രെയിലറും ടീസറും സിബിഎഫ്‌സി ക്ലിയര്‍ ചെയ്തതാണ്. ഇതേ പേരുള്ള ടീസറും ട്രെയിലറും തന്നെയാണ് പ്രദര്‍ശിപ്പിച്ചത്. അതിനകത്ത് എന്തെങ്കിലും ക്രമസമാധാന പ്രശ്‌നമുണ്ടായതായി നമുക്ക് അറിയില്ല.
തിരുവനന്തപുരത്ത് പ്രാദേശിക കമ്മിറ്റി കണ്ട സിനിമ മുംബൈയിലേക്ക് അയക്കുകയായിരുന്നു. സിനിമ കാണാതെ അതിന്റെ ചുരുക്കമായ സിനോപ്‌സിസ് മാത്രം വായിച്ചുകൊണ്ട് മാത്രം സിബിഎഫ്‌സി ചെയര്‍മാന്‍ ചിത്രം റിവൈസിങ് കമ്മിറ്റിക്കി വിടുന്നത്. ഇത് ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടിയുള്ള പോരാട്ടമല്ല. ചിത്രത്തിന്റെ നിര്‍മാതാക്കളും വലിയ ആശങ്കയിലാണ്. എത്രനാള്‍ കോടതിയില്‍ കയറി ഇറങ്ങും. പേര് മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായാലും അത്ഭുതമില്ല. നാളെ ഒരു സിനിമയ്ക്കും ഇങ്ങനെയൊരു ദുരവസ്ഥയുണ്ടാകരുത്, ഉണ്ണികൃഷ്ണൻ പറഞ്ഞു.
അതേസമയം, ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിയും മാറ്റം നിര്‍ദേശിച്ചെന്ന് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ വ്യാഴാഴ്ച അറിയിച്ചിരുന്നു. ചിത്രത്തിന്റേയും കഥാപാത്രത്തിന്റേയും പേരിലെ 'ജാനകി' മാറ്റാന്‍ റിവൈസിങ് കമ്മിറ്റിയും ആവശ്യപ്പെട്ടെന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇതുസംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ചിത്രം സ്‌ക്രീനിങ് കമ്മിറ്റി കണ്ടിരുന്നു. എന്നാല്‍, ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച നിര്‍മാതാക്കളായ കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഹൈക്കോടതിയെ സമീപ്പിച്ചു. സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Content Highlights: Censor Board Scrutiny: 'JSK' Faces Title Change Demand, Sparking Film Industry Outrage
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·