വളരെ ചുരങ്ങിയ കാലം കൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായ വ്യക്തിയാണ് അഖില്‍ മാരാര്‍. സംവിധായകന്‍, ബിസിനസുകാരന്‍, റിയാലിറ്റി ഷോ വിജയി എന്നിവയ്ക്കുശേഷം അഭിനയരംഗത്തേക്ക് കടന്നിരിക്കുകയാണ് അഖില്‍ മാരാര്‍. തന്റെ അഭിപ്രായങ്ങള്‍ യാതൊരു മടിയുമില്ലാതെ തുറന്ന് പറഞ്ഞ് പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയ അഖില്‍ മാരാര്‍ അഭിനയത്തെ കുറിച്ചും ജീവിതവഴികളെ കുറിച്ചും മനസ് തുറക്കുന്നു...
സംവിധായക കുപ്പായത്തില്‍ നിന്ന് അഭിനയത്തിലേക്ക്... എന്താണ് ഈ മാറ്റത്തിന് പിന്നില്‍.
ബിഗ് ബോസ് കഴിഞ്ഞിറങ്ങിയശേഷം, ഞാന്‍ ആരാധിച്ചിരുന്ന ഷാജി കൈലാസ് സാര്‍ ഉള്‍പ്പെടെ, നിരവധി സംവിധായകര്‍ സിനിമ ചെയ്യാം എന്ന രീതിയില്‍ സംസാരിച്ചിരുന്നു. മേജര്‍ രവി സാറും ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഒരുപാട് കൗതുകം ഉണര്‍ത്തുന്ന പ്രോജക്റ്റുകള്‍ എന്നെ തേടി വന്നു. എന്നാല്‍, അഭിനയത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. പിന്നീട് ഒരു ഘട്ടത്തില്‍ അഭിനയത്തിലേക്ക് ഇറങ്ങുകയായിരുന്നു.
എന്റെ ചുറ്റുമുള്ളവരെ സംരക്ഷിച്ച് നിലനിര്‍ത്താനായി ശക്തമായ സാമ്പത്തിക അടിത്തറ വേണം എന്ന കാര്യത്തിൽ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ തന്നെ മുന്നില്‍ വരുന്ന കാര്യങ്ങള്‍ നീതിപൂര്‍വ്വമായി ഉപയോഗിക്കണമെന്നും ഉണ്ടായിരുന്നു.
മിഡ്‌നൈറ്റ് അറ്റ് മുള്ളന്‍ക്കൊല്ലിയിലേക്ക് ആകര്‍ഷിച്ച ഘടകം.
മുള്ളന്‍ക്കൊല്ലിയുടെ ഡയറക്ടര്‍ ബാബു ജോണ്‍ ആണ് എന്നെ ആദ്യം വിളിക്കുന്നത്. ഞാന്‍ ജര്‍മനിയില്‍ ഉള്ളപ്പോഴാണ് അദ്ദേഹം ഇങ്ങനെ ഒരു പ്രോജക്റ്റിനെ കുറിച്ച് സംസാരിക്കാനായി വിളിക്കുന്നത്. എന്നാല്‍ എനിക്ക് താത്പര്യമില്ലെന്നായിരുന്നു മറുപടി നല്‍കിയത്. പിന്നീട് ഈ പ്രൊഡക്ഷനിലുള്ളയാളുകള്‍ രണ്ടു തവണ ഇതിലേക്ക് വിളിച്ചു. ആദ്യമെല്ലാം ഇല്ലെന്ന് വിചാരിച്ച ഞാന്‍ ഒരു ഘട്ടമെത്തിയപ്പോൾ അഭിനയിക്കാമെന്ന് ഉറപ്പിക്കുകയായിരുന്നു.
നായകനാണ് എന്ന രീതിയിലല്ല ഈ പടത്തിലേക്ക് ഞാന്‍ ആദ്യം വരുന്നത്. ഒരു നാലഞ്ച് ചെറുപ്പക്കാരുടെ കഥയാണ് ഈ സിനിമ, അതിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രമെന്ന രീതിയിലാണ് ഈ ചിത്രം എന്നിലേക്കെത്തുന്നത്. ഷൂട്ട് തുടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഈ പ്രോജക്റ്റിലേക്ക് കയറുന്നത്. എല്ലാം ഭംഗിയായി തന്നെ ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് എന്റെ വിശ്വാസം. വളരെയധികം വൈകാരികത ഉള്‍ക്കൊളളുന്ന കഥാപാത്രമാണ് ഈ ചിത്രത്തില്‍ ഞാന്‍ ചെയ്തത്. ലാലേട്ടന്‍ ഒക്കെ പറയുന്നതുപോലെ നമ്മള്‍ അങ്ങനെ ചെയ്യേണ്ടിയിരുന്ന ഒരു സിനിമയായിരുന്നു.
ഒരു സ്റ്റാറായിത്തീരണമെന്ന് എന്നെങ്കിലും വിചാരിച്ചിരുന്നോ.
ക്യാമറയുടെ മുന്‍പില്‍ നിന്ന് അങ്ങനെ അഭിനയിക്കാത്ത വ്യക്തിയാണ് ഞാന്‍. സാഹചര്യം നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് എന്റെ സംവിധാന സംരംഭ സിനിമയില്‍ ഞാന്‍ ഒരു സീന്‍ ചെയ്തത്. സിനിമയിൽ അഭിനയിച്ച് നായകനായി സ്റ്റാറാകണം എന്നൊരു ചിന്തയും ഉണ്ടായിരുന്നില്ല. ഇനി സിനിമയൊന്നും ഇല്ലെങ്കിലും എനിക്കൊരു പ്രശ്നമില്ല. ഇനി ഇത് വിജയിച്ചു എന്ന് പറഞ്ഞാല്‍ സന്തോഷം മാത്രം. അതിന് അപ്പുറത്തേക്ക് മതിമറന്നുള്ള ഒരു ആവേശം എനിക്കുണ്ടാവില്ല.
എനിക്ക് സംവിധാനം ചെയ്യാനാണ് സത്യത്തില്‍ കുറച്ചുകൂടി ഇഷ്ടം. ഞാന്‍ മറ്റൊരാള്‍ പറയുന്നത് കേട്ട് ഇറങ്ങി ഒതുങ്ങിനില്‍ക്കുന്ന ഒരു സ്വഭാവക്കാരനല്ല. യഥാര്‍ത്ഥത്തില്‍ അഭിനയിക്കേണ്ടാ എന്നൊരു തീരുമാനം ഞാന്‍ 2010ല്‍ തന്നെ മനസ്സുകൊണ്ട് എടുത്തിരുന്നു.
സ്‌കൂള്‍ കാലഘട്ടത്തില്‍ അഭിനയിക്കുകയും ബെസ്റ്റ് ആക്ടര്‍ സമ്മാനമൊക്കെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിക്കാലത്ത് ഉത്സവപ്പറമ്പുകളില്‍ ഗാനമേള, മിമിക്രി ട്രൂപ്പുകൾക്കൊപ്പം പോയി സ്‌കിറ്റില്‍ അഭിനയിക്കുമായിരുന്നു. എനിക്ക് എന്നെ ക്കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ട് തന്നെയാണ് ഞാന്‍ അഭിനയം വേണ്ടാ എന്നൊരു തീരുമാനം അന്നെടുത്തത്.
മിഡ്നൈറ്റ് ഇന്‍ മുള്ളന്‍ക്കൊല്ലി.
ഒരു അര്‍ദ്ധരാത്രിയില്‍ മുള്ളന്‍ക്കൊല്ലി എന്ന ഗ്രാമത്തില്‍ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രം. സസ്പെന്‍സുള്ള സൈക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ്. ഒരു പൂർണ ത്രില്ലറായത് കൊണ്ടു തന്നെ കഥയെ കുറിച്ച് ഇതിന് അപ്പുറത്തേക്ക് പറയാനാവില്ല. ചര്‍ച്ച ചെയ്യപ്പെടാന്‍ വളരെ അധികം സാധ്യതയുള്ള കഥാപാത്രമാണ് എന്റേത്. വളരെ എന്‍ഗേജിങ് ആയിട്ട് പോകുന്ന, ബോറടിക്കാതെ കണ്ടുകൊണ്ടിരിക്കാന്‍ പറ്റുന്ന സിനിമയാണിത്.
സംവിധായകനായത് അഭിനയത്തെ സഹായിച്ചിരുന്നോ.
റൈറ്റര്‍ കം ഡിറക്ടര്‍ എന്നു പറയുന്ന ഒരു പ്രോസസിലാണ് ഞാന്‍ കൂടുതല്‍ ആനന്ദം കണ്ടെത്തിയിട്ടുള്ളത്. സംവിധാനം വെച്ച് നോക്കുമ്പോള്‍ അഭിനയം താരതമ്യേന എളുപ്പമുള്ള ജോലിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കഥാപാത്രത്തിന്റെ ഇമോഷന്‍സ് ഉള്‍ക്കൊള്ളുക, അതിനെ ആവാഹിച്ച് അവതരിപ്പിക്കുക എന്നതുമാണ് അഭിനയത്തില്‍ പ്രധാനമായും വേണ്ടത്.
പിന്നെ ഒരു ഡയറക്ടറും കൂടി ആയതുകൊണ്ട് ആ പശ്ചാത്തലം മനസ്സിലാക്കി ഇപ്പോൾ ഒരു സീനിന് മുന്‍പ് എന്താണ് സംഭവിക്കുന്നത്, സീനിന് ശേഷം എന്താണ് സംഭവിക്കുന്നത്, അപ്പോൾ അയാളുടെ ഇമോഷന്‍സ് എന്താണ് എന്നിങ്ങനെ മനസ്സിലാക്കി അഭിനയിക്കാനായി സാധിച്ചു.
സംവിധാനത്തിലേക്ക് ഇനി എപ്പോഴാണ്.
സിനിമ സംവിധാനം വളരെയധികം സമയം ഇന്‍വെസ്റ്റ് ചെയ്യേണ്ട ഒന്നാണ്. അത്തരത്തില്‍ ഇറക്കാന്‍ ഇപ്പോള്‍ സമയമില്ലാത്തതിനാല്‍ മാത്രമാണ് സംവിധാനത്തിലേക്ക് ഇറങ്ങാത്തത്. ഒന്ന്, രണ്ട് പ്രോജക്റ്റുകള്‍ മനസിലുണ്ട് സമയമെടുത്ത് വ്യത്തിയായി തന്നെ ചെയ്യാനാണ് തീരുമാനം. എന്നില്‍ നിന്ന് പ്രേക്ഷകര്‍ നല്ല രീതിയിലുള്ള സിനിമ പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷകള്‍ തെറ്റിക്കാത്ത സിനിമ ഇറക്കണമെന്ന് വാശി എനിക്കുണ്ട്.
താങ്കള്‍ പൂര്‍ണ തൃപ്തിയോടെ ചെയ്ത ചിത്രം വിജയിക്കാത്തതിൽ വിഷമമുണ്ടോ.
'ഒരു താത്വിക അവലോകനം' എന്ന ആദ്യ സിനിമ ഞാന്‍ വിചാരിച്ച സമയത്ത് ഇറക്കാന്‍ പറ്റിയില്ല. അത് കൊണ്ട് മാത്രമാണ് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാഞ്ഞത്. അന്നത്തെ ഇലക്ഷന് മുന്‍പ് ഇറക്കാൻ ഉദ്ദേശിച്ച പൊളിറ്റിക്കല്‍ സറ്റയറായിരുന്നു ആ ചിത്രം. കോവിഡ് പോലുള്ള പല കാരണങ്ങളും കാരണം അത് പ്രതീക്ഷിച്ചതിലും വൈകിപ്പോവുകയാണ് ഉണ്ടായത്.
കാലം തെറ്റി പെയ്ത മഴ എന്നൊക്കെ പറയുന്നത് പോലെ കാലം തെറ്റി പെയ്ത ഇറങ്ങിയ ഒരു സിനിമ ആയിപ്പോയി. എന്നിരുന്നാലും എനിക്ക് പൂര്‍ണ തൃപ്തി തന്ന ചിത്രം തന്നെയായാണ് അത്. അതിനെക്കുറിച്ച് നല്ല റിവ്യൂകളും വന്നിട്ടുണ്ട്. പിന്നീട് കാലങ്ങള്‍ക്കുശേഷം റിവ്യു ബോംബിങ് വിവാദകാലത്താണ് എന്റെ സിനിമയെ ചിലര്‍ പരിഹസിച്ചത്.
സോഷ്യല്‍ മീഡിയ ട്രോളുകളെ കുറിച്ച്.
സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നവരോട് എനിക്ക് നന്ദി മാത്രമേ ഉള്ളൂ. സത്യത്തില്‍ അവരെ പോലുള്ള മണ്ടന്‍മാര്‍ എനിക്ക് പ്രമോഷന്‍ തരികയാണ് ചെയ്യുന്നത്. ഞാന്‍ പറയുന്നതിനെ വളച്ചൊടിച്ച് ട്രോളാക്കി അവര്‍ സുഖിക്കുമ്പോള്‍, എന്റെ വഴിയില്‍ ഞാന്‍ സമാധാനമായി മുന്നോട്ട് പോവുകയാണ്. ഇപ്പോൾ നമ്മള്‍ വളരെ ഹാപ്പി ആയി നല്ല രീതിയില്‍ ജീവിക്കുമ്പോള്‍ ഇവര്‍ വന്ന് തെറി വിളിച്ചെന്ന് കരുതി നമുക്ക് നഷ്ടം ഒന്നുമില്ല.
ഞാന്‍ രാഷ്ട്രീയം പറയുമ്പോള്‍ ഉടനെ പറയും, ആഹാ അടുത്ത സീറ്റ് ലക്ഷ്യം വെച്ചുകൊണ്ട് സംസാരിക്കുകയാണെന്ന്. അങ്ങനെ ഞാന്‍ എന്ത് പറഞ്ഞാലും വളച്ചൊടിക്കാനായി ഇവര്‍ പിന്നാലെ തന്നെ വരും.
അതുപോലെ അടുത്ത വന്ന മറ്റൊരു വിവാദം വേടന്റെ വിഷയമായിരുന്നു. വേടനെതിരെ മോശമായി ഞാന്‍ സംസാരിച്ചിട്ടില്ല. വേടന്‍ ഒരു പ്രോഗ്രാം ചെയ്യുമ്പോള്‍ 20, 25 ലക്ഷം രൂപ കിട്ടുമ്പോള്‍ അതുകൊണ്ട് ഒരു ദളിത് സമൂഹം രക്ഷപെടുത്തുമോ എന്നായിരുന്നു എന്റെ ചോദ്യം. ദളിതരെ കുറിച്ചിട്ടുള്ള അവസ്ഥ പാടിയാല്‍ അത് വേടന് മാത്രമല്ലേ ഗുണം. നമുക്ക് ദളിതരെ രക്ഷപ്പെടുത്തണമെങ്കില്‍ ദളിതര്‍ക്കിടയിലേക്ക് ഇറങ്ങി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം. പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം ഇതാണ് ഞാന്‍ ആ ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ പിറ്റേന്ന് അതിനെ വളച്ചൊടിച്ച് പല മാധ്യമങ്ങളും രംഗത്തെത്തി. ഞാന്‍ വേടനെതിരേ പറഞ്ഞു എന്നാക്കി മാറ്റി.
എന്റെ കഴിവ് ഞാന്‍ മനസ്സിലാക്കി എങ്ങനെയാണ് രക്ഷപ്പെടേണ്ടത് എന്ന് അനുസരിച്ച് ഞാന്‍ പരിശ്രമിക്കാന്‍ ശ്രമിച്ചതിന്റെ ഫലം ആയിട്ടാണ് ഞാന്‍ ഇന്ന് ട്രോളന്‍മാര്‍ക്ക് തെറിവിളിക്കാന്‍ പറ്റുന്ന ഒരാളായി ഞാന്‍ വളര്‍ന്നത്.
ഈ അടുത്ത് മാധവ് സുരേഷിനെ നിര്‍ത്താതെ ട്രോളുന്നത് കണ്ടു. ഞാന്‍ മനസ്സിലാക്കുന്നത് അയാളെ ഇത്തരം രീതിയില്‍ ആക്രമിച്ചിട്ട് കാര്യമില്ല. അയാള്‍ക്ക് കഴിവുണ്ടെങ്കില്‍ ഉയര്‍ന്നുവരിക തന്നെ ചെയ്യും.
റിയാലിറ്റി ഷോ വിന്നറായതിന് ശേഷം ലഭിച്ച ഫെയിം നിലനിര്‍ത്താനായി ശ്രമിച്ചിരുന്നോ.
സത്യത്തില്‍ പ്രശസ്തിക്കായി ബോധപൂര്‍വ്വം ഞാനൊന്നും ചെയ്തിട്ടില്ല. ഇതുവരെ കൊച്ചിയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ആള്‍ക്കൂട്ട ബഹളങ്ങളിലേക്ക് പോയി മുഖം കാണിക്കാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ ആഗ്രഹിക്കുന്ന ഒരാള്‍ ആണെന്നുണ്ടെങ്കില്‍ ഇന്റര്‍വ്യൂവിന് കാശ് മേടിച്ചു ചെയ്യില്ല. ഇത്തരം ഇന്റര്‍വ്യുകള്‍ പരമാവധി കുറയ്ക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായിട്ടാണ് അഭിമുഖത്തിന് പൈസ വാങ്ങുന്നത്. ഈ ബഹളങ്ങള്‍ പരമാവധി കുറയ്ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എനിക്ക് കിട്ടിയ ഫെയിം ഫിനാന്‍ഷ്യലി കണ്‍വെര്‍ട്ട് ചെയ്യണം, എന്റെ കുടുംബത്തെ രക്ഷിക്കണം എന്ന് മാത്രമാണ് വിചാരിച്ചിട്ടുള്ളത്.
രാഷ്ട്രീയം സംസാരിക്കുന്നത് വിവാദങ്ങളിലേക്ക് വീണ്ടും വലിച്ചിഴച്ച പോലെ തോന്നിയിട്ടുണ്ടോ.
എന്റെ മുന്നില്‍ വന്ന വിഷയങ്ങളെ കുറിച്ച് ഞാന്‍ മുന്‍പും സംസാരിച്ചിട്ടുണ്ട്. എനിക്ക് ശരിയെന്ന് തോന്നുന്ന വിഷയങ്ങളെക്കുറിച്ചാണ് എന്നും സംസാരിച്ചിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആക്ഷേപിച്ചുകൊണ്ട് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഞാന്‍ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയെ വിമര്‍ശിക്കാനുള്ള അവകാശം ഒരു പൗരന്‍ എന്ന നിലയ്ക്ക് എനിക്കുണ്ട്. വയനാട് ദുരന്തം വന്ന സമയത്ത് ദുരിതാശ്വാസ നിധി പോലുള്ള പ്രധാനപ്പെട്ട വിഷങ്ങളിലാണ് ഞാന്‍ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. അല്ലാതെ ഞാന്‍ എല്ലാ രാഷ്ട്രീയ വിഷയങ്ങളൊന്നും ഞാന്‍ വിമര്‍ശിക്കുകയോ ബഹളം വെക്കുകയോ ചെയ്യാറില്ല.
എനിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയോട് കുറച്ച് സ്നേഹമുണ്ട്. ഭരണം ഒന്ന് മാറിവരുന്നത് നമ്മുടെ നാടിന് നല്ലതാണെന്നും ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഭരണം മാറി വരാന്‍ വേണ്ടി പ്രതിപക്ഷ നിരയ്ക്ക് വേണ്ടിയിട്ട് എവിടെയൊക്കെ സംസാരിക്കാന്‍ പറ്റുമോ അവിടെയൊക്കെ സംസാരിച്ചിട്ടുണ്ട്. ന്യായവും നീതിയും ഇല്ലാത്ത ഒരു കാര്യത്തിനും ഞാന്‍ സംസാരിക്കാറില്ല. അതൊക്കെയാണ് എന്റെ പൊളിറ്റിക്കല്‍ ലൈന്‍. ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് ആഴമുള്ളത് കൊണ്ടാണ് ആളുകള്‍ ശ്രദ്ധിക്കുന്നതും അവര്‍ സ്വീകരിക്കുന്നതും അതില്‍ വൈറലാവാനുള്ള യാതൊരു ഗിമ്മിക്കും ചെയ്തിട്ടില്ല.
ആല്‍കെമിസ്റ്റ് എന്ന ജ്യൂസ് കട തുടങ്ങിയ അഖില്‍ മാരാര്‍ ഇന്ന് തിരക്കോട് തിരക്കിലാണ്. സത്യത്തില്‍ ആല്‍കെമിസ്റ്റിലെ പോലെ സ്വപ്‌നസാക്ഷാത്കാരത്തിനായി പ്രപഞ്ചം മുഴുവന്‍ കൂടെ നിന്നോ.
ശരിക്കും ഇപ്പോഴത്തെ എന്റെ ജീവിതത്തിലെ തിരക്ക് ഒരിക്കലും ഞാന്‍ കരുതിയതല്ല. ബിഗ്ബോസ് പോലൊരു റിയാലിറ്റി ഷോ എന്നിലേക്ക് എത്തുമെന്നോ അത് ജീവിതത്തില്‍ വലിയൊരു ബ്രേക്കായി മാറുമെന്നോ കരുതിയിരുന്നില്ല. ആ ഷോയുടെ ഒരു എപ്പിസോഡ് പോലും കാണാതെയാണ് ആ ഷോയിലേക്ക് കയറുന്നത്. ഈ ഷോയില്‍ വിജയിക്കുന്നവരെ ജനം എന്തിനാണ് ഇങ്ങനെ ആരാധിക്കുന്നത് എന്നോര്‍ത്ത് ഞാന്‍ ഒരുകാലത്ത് അത്ഭുതപ്പെട്ടിരുന്നു. പിന്നിട് ആ ഒഴുക്കില്‍ ഞാനും മുന്നോട്ട് പോയി. ഒരു നിയോഗം പോലെ ഓരോ കാര്യങ്ങളും എന്റെ ജീവിതത്തില്‍ സംഭവിക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. അത്തരത്തിലൊന്നാണ് ബിഗ്ബോസ്. ഈ പ്രപഞ്ചശക്തിയില്‍ അതിയായി വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ആ ശക്തിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.
Content Highlights: Akhil Marar: Actor, Director, Bigg Boss Winner
ABOUT THE AUTHOR
സീനിയര്‍ കണ്ടന്റ് റൈറ്റര്‍. സാമൂഹിക വിഷയങ്ങള്‍, എജ്യൂക്കേഷന്‍/കരിയര്‍ വിഷയങ്ങള്‍ എന്നിവയില്‍ താത്പര്യം
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·