Published: October 03, 2025 09:37 AM IST
1 minute Read
ദുബായ് ∙ ഏഷ്യാകപ്പിലെ ട്രോഫി വിവാദത്തിനു പിന്നാലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്സിൻ നഖ്‍വിയെ പുറത്താക്കാൻ ബിസിസിഐ നീക്കം തുടങ്ങിയതായി വിവരം. നഖ്‍വി പ്രോട്ടോക്കോളുകൾ ലംഘിച്ചതായും ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയതായുമാണ് ബിസിസിഐയുടെ ആരോപണം. ട്രോഫി വിവാദത്തിൽ യുഎഇയ്ക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഇന്ത്യ. നഖ്‍വിയുടെ നീക്കങ്ങളിൽ അന്വേഷണം വേണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെടും. ക്രിക്കറ്റ് ഭരണത്തിൽ നഖ്‍വി രാഷ്ട്രീയം കൊണ്ടുവന്നെന്നും ഒരു വിഭാഗത്തിനൊപ്പം ചേർന്ന് നടപടികൾ സ്വീകരിച്ചെന്നും ബിസിസിഐ പരാതി ഉന്നയിക്കും.
ഏഷ്യാകപ്പ് ജേതാക്കൾക്കുള്ള ട്രോഫി സ്വീകരിക്കാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) ദുബായ് ഓഫിസിലേക്ക് ഇന്ത്യൻ ടീമിനെ സ്വാഗതം ചെയ്യുന്നതായി എസിസി ചെയർമാൻ മുഹ്സിൻ നഖ്‌വി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാൻ മന്ത്രി കൂടിയായ എസിസി ചെയർമാന്റെ കയ്യിൽനിന്ന് ഏഷ്യാകപ്പ് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) നിലപാട് എടുത്തതുവഴിയുണ്ടായ വിവാദത്തിലാണു പുതിയ വഴിത്തിരിവ്. ഫൈനലിനുശേഷം ട്രോഫിയുമായി നഖ്‌വി എസിസി ഓഫിസിലേക്കു മടങ്ങുകയായിരുന്നു.
ചൊവ്വാഴ്ച നടന്ന എസിസി വാർഷിക പൊതുയോഗത്തിൽ താൻ മാപ്പു പറഞ്ഞെന്ന വാർത്ത നഖ്‌വി നിഷേധിച്ചു. ‘എസിസി പ്രസിഡന്റ് എന്ന നിലയിൽ ട്രോഫി കൈമാറാൻ ആദ്യം മുതലേ ഞാൻ തയാറാണ്. ട്രോഫി വേണമെങ്കിൽ എസിസി ഓഫിസിൽ വന്ന് എന്റെ പക്കൽനിന്ന് സ്വീകരിക്കാം. മറ്റൊരു കാര്യം കൂടി വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. അതിനാൽ ബിസിസിഐയോടു മാപ്പു പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല’ – നഖ്‌വി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
എസിസി വാർഷിക പൊതുയോഗത്തിൽ, ബിസിസിഐ പ്രതിനിധികളായ രാജീവ് ശുക്ലയും ആശിഷ് ഷേലാറും നഖ്‌വിയുടെ നടപടിക്കെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഈ യോഗത്തിലും ട്രോഫി കൈമാറാൻ താൻ തയാറാണെന്നു നഖ്‌വി സൂചിപ്പിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. എന്നാൽ, നഖ്‌വിയിൽനിന്നു ട്രോഫി സ്വീകരിക്കാൻ ഇന്ത്യ തയാറല്ലാത്തതിനാൽ തീരുമാനമെടുക്കാതെ യോഗം പിരിയുകയായിരുന്നു. സംഭവം അടുത്ത മാസത്തെ ഐസിസി യോഗത്തിൽ ഉന്നയിക്കാനൊരുങ്ങുകയാണ് ബിസിസിഐ നേതൃത്വം.
English Summary:








English (US) ·