Published: November 05, 2025 09:23 AM IST Updated: November 05, 2025 10:53 AM IST
1 minute Read
-
എസിസി ചെയർമാൻ മുഹ്സിൻ നഖ്‌വി പങ്കെടുത്തേക്കില്ല
-
ട്രോഫി വേണമെന്നും നഖ്‌വിയെ പുറത്താക്കണമെന്നും ആവശ്യപ്പെടാൻ ഇന്ത്യ
ദുബായ്∙ ഏഷ്യാകപ്പ് ക്രിക്കറ്റ് ചാംപ്യൻമാർക്കുള്ള ട്രോഫി ഇന്ത്യയ്ക്കു കൈമാറുന്നതുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വത്തിൽ ഉടൻ തീരുമാനമുണ്ടായേക്കും. ഇന്നലെ ദുബായിൽ ആരംഭിച്ച രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) എക്സിക്യൂട്ടീവ് യോഗത്തിൽ വിഷയം ഉന്നയിക്കാനാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) തീരുമാനം. 4 ദിവസം നീളുന്ന യോഗത്തിൽ മറ്റു നിർണായക തീരുമാനങ്ങളും ഉണ്ടായേക്കുമെന്നാണ് സൂചന.
എന്നാൽ ട്രോഫി കൈമാറാൻ ചുമതലയുള്ള ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ മുഹ്സിൻ നഖ്‌വി യോഗത്തിൽ പങ്കെടുക്കാനിടയില്ല. രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി, പാക്കിസ്ഥാനിലെ മന്ത്രിയും ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനുമായ നഖ്‌വി ഐസിസി യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ചതായാണ് വിവരം. ആദ്യമായല്ല നഖ്‌വി ഐസിസി യോഗങ്ങൾ ബഹിഷ്കരിക്കുന്നത്. ജയ് ഷാ ഐസിസി ചെയർമാനായതിനു ശേഷം നടന്ന ഒരു എക്സിക്യൂട്ടീവ് യോഗത്തിലും നഖ്‌വി പങ്കെടുത്തിട്ടില്ല.
തീരാത്ത വിവാദം
ഇന്ത്യ– പാക്ക് നയതന്ത്രബന്ധം വഷളായതിനു പിന്നാലെയായിരുന്നു ഏഷ്യാകപ്പ് നടന്നത്. ടൂർണമെന്റിൽ ഇരു ടീമിലെയും താരങ്ങൾ പരസ്പരം സംസാരിക്കുകയോ ഹസ്തദാനം നടത്തുകയോ ചെയ്തിരുന്നില്ല. സെപ്റ്റംബർ 28നു നടന്ന ഫൈനൽ ജയിച്ചതിനു പിന്നാലെ, പാക്ക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടിയായ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ടീം ഇന്ത്യ നിലപാടെടുത്തു. ഇതോടെ ട്രോഫിയുമായി നഖ്‌വി എസിസി ആസ്ഥാനത്തേക്കു മടങ്ങി. തന്റെ കയ്യിൽ നിന്നു ട്രോഫി സ്വീകരിക്കാത്തിടത്തോളം കാലം ഇന്ത്യയ്ക്കു ട്രോഫി ലഭിക്കില്ലെന്നു നഖ്‌വി നിലപാടെടുത്തു. ഇതോടെയാണു ചാംപ്യൻഷിപ് അവസാനിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യൻ ടീമിനു ട്രോഫി ലഭിക്കാതെ വന്നത്.
നിലവിൽ എസിസിയുടെ ദുബായ് ആസ്ഥാനത്താണു ട്രോഫി സൂക്ഷിച്ചിരിക്കുന്നത്. ട്രോഫി ഉടൻ വിട്ടുകിട്ടണമെന്ന് യോഗത്തിൽ ബിസിസിഐ പ്രതിനിധികൾ ആവശ്യപ്പെടും. ട്രോഫി കൈമാറ്റം ഇത്രയും വൈകിപ്പിച്ചതിനു നഖ്‌വിക്കെതിരെ നടപടി വേണമെന്നും അദ്ദേഹത്തെ എസിസി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റണമെന്നും ബിസിസിഐ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.
English Summary:








English (US) ·