Published: January 16, 2026 07:39 AM IST
1 minute Read
ധാക്ക ∙ കളിക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) സാമ്പത്തിക കമ്മിറ്റി ചെയർമാൻ നജ്മുൽ ഇസ്ലാമിനെ ബോർഡ് പുറത്താക്കി. ബംഗ്ലദേശ് ക്രിക്കറ്റേഴ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കളിക്കാർ വിട്ടുനിന്നതോടെ ഇന്നലെ നടക്കേണ്ടിയിരുന്ന ബംഗ്ലദേശ് പ്രിമിയർ ലീഗ് (ബിപിഎൽ) ക്രിക്കറ്റ് മത്സരങ്ങളും മുടങ്ങി. ബിപിഎൽ എന്നു പുനരാരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
മുൻ ബംഗ്ലദേശ് ക്യാപ്റ്റൻ തമീം ഇക്ബാലിനെ ഇന്ത്യയുടെ ഏജന്റ് എന്നു വിളിച്ചതും ലോകകപ്പിൽനിന്നു വിട്ടുനിന്നാൽ കളിക്കാർക്കു വേതനം നൽകേണ്ടതില്ലന്നു പറഞ്ഞതുമാണ് താരങ്ങളെ ചൊടിപ്പിച്ചത്. ഒരു ഐസിസി ട്രോഫി പോലും നേടാത്ത ബംഗ്ലദേശ് ക്രിക്കറ്റ് ടീമിനു പ്രതിഫലത്തിന്റെ ആവശ്യമില്ലെന്നായിരുന്നു നജ്മുലിന്റെ പ്രസ്താവന.
ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ താരങ്ങൾ നജ്മുലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം നജ്മുലിനോടു വിശദീകരണം തേടിയ ബിസിബി പിന്നീട് അദ്ദേഹത്തെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചു. കളിക്കാർ എത്താതിരുന്നതോടെ ഇന്നലത്തെ ബിപിഎൽ മത്സരങ്ങൾ ടോസ് പോലും നടക്കാതെ മുടങ്ങുകയും ചെയ്തു.
ഐപിഎൽ ടീം കൊൽക്കത്ത നെറ്റ് റൈഡേഴ്സിന്റെ താരമായ ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ടീമിൽനിന്നു ഒഴിവാക്കിയതിനു പിന്നാലെ ഐപിഎൽ സംപ്രേഷണം രാജ്യത്തു വിലക്കി ബംഗ്ലദേശ് തിരിച്ചടിച്ചിരുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്നു കാട്ടി, ട്വന്റി20 ലോകകപ്പിലെ ബംഗ്ലദേശിന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്കു മാറ്റണമെന്ന ആവശ്യവുമായി ബിസിബി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) സമീപിച്ചു. എന്നാൽ ബിസിബിയുടെ ആവശ്യം ഐസിസി ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിനിടെയാണു ലോകകപ്പിൽ പങ്കെടുത്തില്ലെങ്കിൽ ശമ്പളം നൽകില്ലെന്ന പ്രഖ്യാപനവുമായി നജ്മുൽ രംഗത്തെത്തിയത്.
English Summary:








English (US) ·