.jpg?%24p=8375778&f=16x10&w=852&q=0.8)
ബെൻ സ്റ്റോക്സും ഗില്ലും | PTI
കെന്നിങ്ടൺ: ഓവലിൽ ആറുറൺസിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പര സമനിലയിലാക്കിയത്. 374 റൺസ് വിജയലക്ഷ്യവുമായി കളിച്ച ഇംഗ്ലണ്ട് 367 റൺസിന് പുറത്തായി. അവസാനദിവസം നാലുവിക്കറ്റ് കൈയിലിരിക്കെ 35 റൺസ് വേണ്ടിയിരുന്ന ആതിഥേയർക്ക് 28 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ചുമത്സരങ്ങളുടെ പരമ്പര 2-2ന് തുല്യതയിലാകുകയായിരുന്നു. എന്നാൽ പുതുതായി നാമകരണം ചെയ്ത തെണ്ടുൽക്കർ- ആൻഡേഴ്‌സൻ ട്രോഫി സമ്മാനിക്കാൻ സച്ചിൻ തെണ്ടുൽക്കറോ ജെയിംസ് ആൻഡേഴ്സനോ സ്റ്റേഡിയത്തിലുണ്ടായിരുന്നില്ല. ഇത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചു.
മത്സരശേഷം ട്രോഫി കൈമാറുന്ന ചടങ്ങില്‍ സച്ചിന്റെയോ ആന്‍ഡേഴ്‌സന്റെയോ സാന്നിധ്യം ഉണ്ടാവാത്തതാണ് ആരാധകർക്കിടയിൽ അതൃപ്തിക്ക് കാരണമായത്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. സച്ചിന്റെയും ആൻഡേഴ്സന്റെയും സാന്നിധ്യം ഓവലിൽ ഉണ്ടാകേണ്ടതായിരുന്നുവെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. ഇരുവരുടെയും മാത്രമല്ല പട്ടൗഡി കുടുംബാംഗങ്ങളുടെയും സാന്നിധ്യം സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നില്ലെന്നതാണ് ശ്രദ്ധേയം. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇതിഹാസതാരങ്ങളെ അവഗണിച്ചോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ ഇസിബി ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വിജയികൾക്ക് സമ്മാനിക്കുന്നത് തെണ്ടുൽക്കർ- ആൻഡേഴ്‌സൻ ട്രോഫി ആയിരിക്കുമെന്ന് അടുത്തിടെയാണ് സംഘാടകർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നാലെ സച്ചിൻ തെണ്ടുൽക്കറിന്റെയും ജെയിംസ് ആൻഡേഴ്‌സന്റെയും സാന്നിധ്യത്തിൽ ട്രോഫി അനാവരണം ചെയ്തിരുന്നു.സച്ചിൻ തെണ്ടുൽക്കറുടെ അഭ്യർഥനമാനിച്ച് പരമ്പര നേടുന്ന ടീമിന്റെ ക്യാപ്റ്റന് പട്ടൗട്ടിയുടെ പേരിൽ മെഡൽ നൽകാനും തീരുമാനമെടുത്തിരുന്നു.
ഇന്ത്യയുടെ മുൻ ക്യാപ്റ്റൻമാരായ ഇഫ്തികർ അലി ഖാൻ, മകൻ മൻസൂർ അലി പട്ടൗഡി എന്നിവരുടെ പേരിലുള്ള ട്രോഫിയായിരുന്നു മുൻപ് നൽകിയിരുന്നത്. ഈ ട്രോഫി പിൻവലിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡും പുതിയ ട്രോഫി ഏർപ്പെടുത്തിയത്. ഇത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരുഘട്ടത്തിൽ പട്ടൗഡി ട്രോഫി നിലനിർത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പട്ടൗഡിയുടെ പെരുമ നിലനിർത്തണമെന്ന് സച്ചിൻ ഇരു ബോർഡുകളോടും അഭ്യർഥിച്ചത്.
പരമ്പര സമനിലയിലയാതോടെ ആൻഡേഴ്‌സൻ-തെണ്ടുൽക്കർ ട്രോഫി ഇരുടീമുകളും പങ്കിടുകയായിരുന്നു. ഓവലിൽ നടന്ന അവസാന ടെസ്റ്റിലെ ജയമാണ് ഇന്ത്യയെ പരമ്പര നഷ്ടത്തിൽ നിന്ന് കരകയറ്റിയത്. ടെസ്റ്റ് ക്രിക്കറ്റിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവുംചെറിയ ജയമാണ് ഓവലിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരേ നേടിയത്. 2004-05ൽ ഓസ്‌ട്രേലിയക്കെതിരേ നേടിയ 13 റൺസിന്റെ ജയമായിരുന്നു മുൻപത്തെ റെക്കോഡ്.
Content Highlights: sachin anderson lack Trophy Presentation criticism








English (US) ·