ട്രോഫിയില്ലാതെ പോ‍ഡിയത്തിൽ കയറി ആഘോഷിച്ച് ഇന്ത്യൻ താരങ്ങൾ; നഖ്‍വിയ്ക്കെതിരെ ആഞ്ഞടിച്ച് ബിസിസിഐ- വിഡിയോ

3 months ago 6

ഓൺലൈൻ ഡെസ്ക്

Published: September 29, 2025 10:34 AM IST

1 minute Read

 SajjadHUSSAIN/AFP
ഇന്ത്യൻ താരങ്ങളുടെ ആഘോഷപ്രകടനം. Photo: SajjadHUSSAIN/AFP

ദുബായ്∙ ഏഷ്യാകപ്പ് വിജയികളായതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അവകാശപ്പെട്ട ട്രോഫിയുമായി എസിസി ചെയർമാൻ മൊഹ്‍സിൻ നഖ്‍വി ഗ്രൗണ്ട് വിട്ടെങ്കിലും ഇന്ത്യൻ താരങ്ങളുടെ ആഘോഷത്തിന് ഒട്ടും കുറവില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗങ്ങൾ സ്റ്റേഡിയത്തിൽനിന്ന് പോയതിനു പിന്നാലെ ഇന്ത്യൻ താരങ്ങൾ പോഡിയത്തിൽ കയറി വിജയം ആഘോഷിച്ചു. ട്രോഫി കിട്ടിയില്ലെങ്കിലും, ട്രോഫി സ്വീകരിച്ചുകൊണ്ട് ഇന്ത്യൻ ടീമിനടുത്തേക്കു വരുന്നതായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അഭിനയിച്ചു. പിന്നാലെ പോഡിയത്തിൽ ഇന്ത്യൻ താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും ആഘോഷ പ്രകടനം. സംഭവം കളറായി.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്‍സിൻ നഖ്‍വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ഇന്ത്യ. ഇതോടെ ട്രോഫി ഗ്രൗണ്ടിൽനിന്നു മാറ്റാൻ മൊഹ്സിന്‍ നഖ്‍വി നിർദേശിച്ചു. എമിറേറ്റ്സ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സരൂനിയിൽനിന്ന് ട്രോഫി വാങ്ങാമെന്ന് ഇന്ത്യ അറിയിച്ചെങ്കിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഈ ആവശ്യം തള്ളി.

പാക്കിസ്ഥാൻ താരങ്ങൾക്കുള്ള സമ്മാനദാനത്തിനു പിന്നാലെയാണ് ചടങ്ങ് അവസാനിപ്പിച്ചത്. തോൽവിക്കു പിന്നാലെ ഗ്രൗണ്ട് വിട്ട പാക്ക് താരങ്ങൾ സഹകരിക്കാത്തതിനാൽ സമ്മാനദാനം ഒരു മണിക്കൂറോളം വൈകിയിരുന്നു. മൊഹ്‍സിൻ നഖ്‍വിയ്ക്കെതിരെ രൂക്ഷവിമർശനമാണ് ബിസിസിഐ ഉയർത്തിയത്. മൊഹ്‍സിൻ നഖ്‍വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്നു മാത്രമാണ് ഇന്ത്യൻ ടീം അറിയിച്ചതെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ പ്രതികരിച്ചു.

‘‘എസിസി ചെയര്‍മാനിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്നു ഞങ്ങൾ തീരുമാനിച്ചതാണ്. കാരണം അദ്ദേഹം പാക്കിസ്ഥാന്റെ പ്രതിനിധിയാണ്. പക്ഷേ അതുകൊണ്ട് ട്രോഫിയും മെഡലുകളും കൊണ്ടുപോകാൻ അദ്ദേഹത്തിന് അവകാശമില്ല. ഇതു വളരെ ദൗര്‍ഭാഗ്യകരമാണ്. എത്രയും പെട്ടെന്നു ട്രോഫിയും മെഡലുകളും ഇന്ത്യയ്ക്കു കൈമാറുമെന്നാണു ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നവംബറിൽ ദുബായിൽ നടക്കുന്ന ഐസിസി സമ്മേളനത്തിൽ ബിസിസിഐ ശക്തമായ പ്രതിഷേധം അറിയിക്കും.’’– ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി.

English Summary:

Suryakumar Yadav-led Indian squad observe their triumph without the Asia Cup trophy

Read Entire Article