Published: June 06 , 2025 10:22 AM IST
1 minute Read
-
കോലി എങ്ങനെ ഇന്നു കാണുന്നയാളായി എന്നറിയാൻ അദ്ദേഹം തന്നെ പലപ്പോഴായി പറഞ്ഞ ചില വാചകങ്ങൾ കൂട്ടിവായിച്ചാൽ മതിയാകും
പതിനെട്ടു വർഷം കണ്ട കിനാവുകൾക്കൊടുവിൽ ഐപിഎൽ ട്രോഫി കയ്യിൽ കിട്ടിയപ്പോൾ വിരാട് കോലി, അതിന്റെ മേൽമൂടി (ലിഡ്) ഉയർത്തി ഉള്ളിലേക്കു നോക്കി; എന്തെങ്കിലും ഉണ്ടാകുമോ ഉള്ളിൽ? ഒരിക്കലും അവസാനിക്കാത്ത ആ കൗതുകത്തിന്റെ പേരാണ്, വിരാട് കോലി! ചരിത്രത്തിൽ കോലിയെക്കാൾ മികച്ച ബാറ്റർ, മികച്ച ഫീൽഡർ, മികച്ച ക്യാപ്റ്റൻ എന്നിവരൊക്കെയുണ്ടാകാം. പക്ഷേ, ഇത്രത്തോളം ക്രിക്കറ്റിനെ സ്നേഹിച്ച, ഇത്രയേറെ കഠിനാധ്വാനം ചെയ്ത, തീരാത്ത ലഹരി പോലെ അതിൽ മുഴുകി ജീവിക്കുന്നവർ കുറവായിരിക്കും. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഐപിഎലിലെ കന്നിക്കിരീടം നേടിയപ്പോൾ ഒരു കൊച്ചുകുട്ടിയെപ്പോലെ, തീർത്തും ഭാരമില്ലാത്തൊരു തൂവൽ പോലെ കോലി ആ മൈതാനത്തെങ്ങും ഒഴുകി നടന്നതിനു മറ്റെന്തു കാരണം!
എൺപതുകളുടെ മധ്യകാലത്ത് ഇതിഹാസതാരം സുനിൽ ഗാവസ്കർ മെലിഞ്ഞു നീണ്ടൊരു ചെറുപ്പക്കാരനെക്കുറിച്ചു പറഞ്ഞു: ‘‘ഇയാളായിരിക്കും, എന്റെ റെക്കോർഡുകളെല്ലാം തകർക്കുക.’’ ഗാവസ്കർ വിരൽ ചൂണ്ടിയതു മുഹമ്മദ് അസ്ഹറുദ്ദീനു നേരേയായിരുന്നു. പക്ഷേ, പലവിധ ഭ്രമങ്ങളിൽപ്പെട്ടു പോയ അസ്ഹർ ആ ലക്ഷ്യങ്ങളിലെത്തിയില്ല. പിന്നീടു കാലം മറ്റൊരു പ്രതിഭയെ കണ്ടെത്തി– സച്ചിൻ തെൻഡുൽക്കർ. ഒരു വിവാദക്കാറ്റിലും പെടാതെ ഗാവസ്കറുടെ റെക്കോർഡുകൾ സച്ചിൻ തിരുത്തുക മാത്രമല്ല, പുതിയ നേട്ടങ്ങളും സ്വന്തമാക്കി.
2008ൽ 19–ാം വയസ്സിലായിരുന്നു ഇന്ത്യൻ സീനിയർ ടീമിനായി കോലി അരങ്ങേറിയത്. ക്രിക്കറ്റ് ലോകം പറഞ്ഞു: ‘ഇതാ, സച്ചിന്റെ റെക്കോർഡുകളെല്ലാം തിരുത്താൻ ഒരാൾ!’ കോലി പക്ഷേ, ആ റെക്കോർഡുകളെക്കാൾ വലുതായി അനുഭവിച്ചതു കളിക്കുക, ജയിക്കുക എന്ന ഒറ്റ വികാരമാണ്. അല്ലെങ്കിൽ പിന്നെന്തു കൊണ്ടാണ് 10,000 ടെസ്റ്റ് റൺസ് തികയ്ക്കാൻ വെറും 770 റൺസ് മാത്രം മതിയെന്നിരിക്കെ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്! ആരുടെയും ദയവിനു വേണ്ടി കാത്തിരിക്കേണ്ട എന്നു തീരുമാനിക്കാനുള്ള ആത്മാഭിമാനം കൂടിയുണ്ടാകാം, ആ തീരുമാനത്തിനു പിന്നിൽ.
വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കം, ഉറച്ച ശാരീരിക മാനസിക ഘടന, നിർഭയത്വം, ആക്രമണോൽസുകത ഇതൊക്കെയാണു കളത്തിൽ വിരാട് കോലി. കോലി എങ്ങനെ ഇന്നു കാണുന്നയാളായി എന്നറിയാൻ അദ്ദേഹം തന്നെ പലപ്പോഴായി പറഞ്ഞ ചില വാചകങ്ങൾ കൂട്ടിച്ചേർത്താൽ മതിയാകും. ‘‘ആത്മവിശ്വാസവും കഠിനാധ്വാനവും നിങ്ങൾക്കു വിജയം സമ്മാനിക്കും. പ്രതികൂല സാഹചര്യത്തിലും പോസിറ്റീവായിരിക്കുക. സ്വയം വിശ്വസിച്ചാൽ എന്തും നേടിയെടുക്കാനാകും. സമ്മർദങ്ങളെ നേരിടുക. പ്രകടനം മോശമാകുമ്പോൾ വസ്തുനിഷ്ഠമായി സ്വയം വിലയിരുത്തുക. കായികക്ഷമത ആത്മവിശ്വാസം വളർത്തും. വെല്ലുവിളികളെ ഭയക്കാതെ നേരിടുക.’’ കോലിയുടെ എല്ലാ വാചകങ്ങളിലും തെളിയുന്നത് ഒരു വാക്കാണ്; വിജയം. അതിനാൽ, വിജയത്തിനുവേണ്ടിയുള്ള അടങ്ങാത്ത പരിശ്രമത്തെയും നമുക്കു വിരാട് കോലി എന്നു പേരു വിളിക്കാം!
English Summary:









English (US) ·