കട്ടക്ക് ∙ ടെസ്റ്റ്, ഏകദിന പരമ്പരകൾക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കായി ഇന്ത്യ നാളെ ഇറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കട്ടക്കിലാണ്. അടുത്ത വർഷം ഫെബ്രുവരിയിൽ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പ് മുന്നോടിയായി ഇന്ത്യയ്ക്ക് ഇനിയുള്ള പത്തു ട്വന്റി20 മത്സരങ്ങളിൽ ആദ്യത്തേതാണ് ഇത്. ജനുവരിയിൽ ന്യൂസീലൻഡിനെതിരെയും അഞ്ചും മത്സരങ്ങളുണ്ട്. അതുകൊണ്ടു തന്നെ ടീമിൽ ഇനി അധികം പരീക്ഷണങ്ങൾക്കു സാധ്യതയില്ല. മത്സരത്തിനു മുന്നോടിയായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയും ചെയ്തു.
പ്ലേയിങ് കോംബിനേഷനുകളിൽ ഇനി കൂടുതൽ മാറ്റങ്ങൾ വരുത്താൻ മാനേജ്മെന്റിനു താൽപര്യമില്ലെന്നു സൂര്യകുമാർ യാദവ് പറഞ്ഞു. പരുക്കിനെ തുടർന്നു വിശ്രമത്തിലായിരുന്ന ശുഭ്മാൻ ഗില്ലും ഹാർദിക് പാണ്ഡ്യയും തിരിച്ചെത്തിയതോടെ വലിയ അഴിച്ചുപണികൾ ആവശ്യമില്ല. അഭിഷേക് ശർമയ്‍ക്കൊപ്പം ശുഭ്മാൻ ഗിൽ തന്നെ ഇന്നിങ്സ് ഓപ്പൺ ചെയ്യും. മൂന്നാം സ്ഥാനത്ത് സൂര്യകുമാറും നാലാമതായി തിലക് വർമയും എത്തും.
വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ പൊസിഷനെക്കുറിച്ചും ഇന്ത്യൻ നായകൻ പരാമർശിച്ചു. കഴിഞ്ഞ വർഷം വരെ, അഭിഷേകിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തിരുന്ന സഞ്ജു സാംസൺ, മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ഏഷ്യാ കപ്പിനുള്ള ടീമിലേക്ക് ഗിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയതോടെയാണ് സഞ്ജുവിനു മധ്യനിരയിലേക്കു മാറേണ്ടി വന്നത്. ഓസ്ട്രേലിയയ്‌ക്കെതിരായ അവസാന മൂന്നു ട്വന്റി20കളിൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽനിന്നു സ്ഥാനം നഷ്ടമാകുകയും ചെയ്തു.
“ഓർഡറിൽ മുൻനിരയിൽ കളിക്കാൻ കഴിയുന്ന ഒരു ബാറ്ററാണ് സഞ്ജു. ഒരു ഓപ്പണർ എന്ന നിലയിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ സഞ്ജുവിനു പകരം ഗിൽ കളിക്കാൻ കാരണം അദ്ദേഹം ആ സ്ഥാനം അർഹിച്ചിരുന്നു എന്നതിനാലാണ്. പക്ഷേ സഞ്ജുവിന് അവസരങ്ങൾ ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കി.” സൂര്യകുമാർ യാദവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ഓപ്പണർമാരെ കൂടാതെ, മറ്റെല്ലാവരും വഴക്കമുള്ളവരായിരിക്കണം. ഏതു പൊസിഷനിലും കളിക്കാൻ പൊരുത്തപ്പെടണം. ഗില്ലും സഞ്ജുവും ഞങ്ങളുടെ പദ്ധതികളുടെ ഭാഗമാണ്. രണ്ടുപേർക്കും ഒന്നിലധികം റോളുകൾ ചെയ്യാൻ കഴിയും. ഇത് ടീമിന് ഒരു മുതൽക്കൂട്ടും ഒരു നല്ല തലവേദനയുമാണ്.’’– സൂര്യ കൂട്ടിച്ചേർത്തു.
സഞ്ജു സാംസൺ vs ജിതേഷ് ശർമ
ഇന്ത്യയുടെ 2024 ലോകകപ്പ് വിജയത്തിനുശേഷം, ടീമിന്റെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരിൽ മൂന്നാമത്തെയാളാണ് സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയിൽ രണ്ടു സെഞ്ചറികളുൾപ്പെടെ മൂന്നു സെഞ്ചറികളാണ് ഓപ്പണറായി ഇറങ്ങി സഞ്ജു നേടിയത്. എന്നാൽ വൈസ് ക്യാപ്റ്റനായി ഗിൽ തിരിച്ചെത്തിയതോടെ സഞ്ജുവിനു ബാറ്റിങ് ഓർഡറിൽ താഴേയ്ക്ക് ഇറങ്ങേണ്ടി വന്നു.
ടി20 ക്രിക്കറ്റിൽ അപൂർവമായി മാത്രമാണ് സഞ്ജു മധ്യനിരയിൽ കളിച്ചിട്ടുള്ളത്. മധ്യനിരയിൽ സഞ്ജുവിനേക്കാൾ ജിതേഷ് ശർമയാണ് കുറച്ചുകൂടി അനുയോജ്യനെന്നു മാനേജ്മെന്റ് വിലയിരുത്തിയാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജുവിന് ബെഞ്ചിലിരിക്കേണ്ടി വരും.
മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനു വേണ്ടി നടത്തിയ മികച്ച പ്രകടനവുമായാണ് സഞ്ജു ഇന്ത്യൻ ടീമിൽ എത്തുന്നത്. രണ്ട് അർധസെഞ്ചറിയും രണ്ട് 40+ സ്കോറും നേടിയ സഞ്ജു, ആന്ധ്രയ്‌ക്കതിരെ 56 പന്തിൽ 73 റൺസുമായി പുറത്താകാതെ നിന്നു. മുഷ്താഖ് അലി ട്രോഫിയിൽ ബറോഡ താരമായ ജിതേഷിന്റെ ഉയർന്ന സ്കോർ 41 ആണ്.
English Summary:








English (US) ·