
'ദി കേസ് ഡയറി' പോസ്റ്ററുകൾ | Photos: facebook.com/officialashkkarsoudaan
കുറ്റാന്വേഷണകഥകളോട് മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക് എന്നും പ്രിയമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് കണ്ടുപഴകിയ ശൈലിക്കപ്പുറം വ്യത്യസ്തത കൊണ്ടുവന്നാല്‍ മാത്രമേ പ്രേക്ഷകര്‍ സ്വീകരിക്കൂ. അത്തരത്തില്‍ സംവിധായകന്‍ ദിലീപ് നാരായണന്‍ അഷ്‌കര്‍ സൗദാനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ഇപ്പോള്‍ തിയേറ്ററുകളിലെത്തിയ 'ദി കേസ് ഡയറി'.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സ്വന്തം സഹോദരന്റെ കൊലപാതകം അന്വേഷിക്കാനെത്തുന്ന ഇന്‍സ്‌പെക്ടര്‍ ക്രിസ്റ്റി സാമായാണ് അഷ്‌കര്‍ എത്തുന്നത്. വീട് കൊള്ളയടിച്ച സംഘത്തെ തമിഴ്‌നാട്ടില്‍ പോയി കീഴടക്കുന്ന രംഗങ്ങളിലൂടെ ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ആരാണ് സാം ക്രിസ്റ്റി എന്ന് എസ്റ്റാബ്ലിഷ് ചെയ്യാന്‍ സംവിധായകന് കഴിഞ്ഞു. തുടര്‍ന്നാണ് തന്റെ സഹോദരന്‍ അജുവിന്റെ 'കേസ് ഡയറി' സാം തുറക്കുന്നത്.
ഓരോ തുമ്പുകളിലൂടെ കേസിന്റെ ചുരുളുകളഴിക്കുന്ന സാം ക്രിസ്റ്റിക്ക് മുന്നില്‍ പ്രതിബന്ധങ്ങള്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് മുന്നേറുന്ന സാം ഒടുവില്‍ സത്യം കണ്ടെത്തുക തന്നെ ചെയ്യും. സാമിനൊപ്പം യാത്ര ചെയ്യുന്ന പ്രേക്ഷകരെ കാത്ത് ട്വിസ്റ്റുകളുടെ ഘോഷയാത്രയാണ് ചിത്രത്തിന്റെ അവസാനഭാഗങ്ങളിലുള്ളത്.
കുറ്റാന്വേഷണകഥയാണെങ്കിലും ഇടയില്‍ വരുന്ന കോമഡി, റൊമാന്റിക് രംഗങ്ങള്‍ ചിത്രത്തിന്റെ ഒഴുക്കിനോട് ചേര്‍ന്ന് പോകുന്നതായിരുന്നു. വിഷ്ണു മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്‍, ഫോര്‍ മ്യൂസിക് എന്നിവര്‍ ഒരുക്കിയ ഒരു നാടന്‍ പാട്ട് ഉള്‍പ്പെടെ മനോഹരമായ ഒരുപിടി ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ള ബാക്ഗ്രൗണ്ട് സ്‌കോറും മികച്ചതായി. പി. സുകുമാറിന്റെ ഛായാഗ്രഹണത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. പാലക്കാടിന്റെയും തമിഴ്‌നാടിന്റേയും ഗ്രാമീണസൗന്ദര്യം തുളുമ്പുന്ന ഒട്ടേറെ ഫ്രെയിമുകള്‍ ദി കേസ് ഡയറിയിലുണ്ട്.
നായകനൊപ്പം നില്‍ക്കുന്ന കണ്ണന്‍ എന്ന കഥാപാത്രം രാഹുല്‍ മാധവിന്റെ പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായിരുന്നു. സുന്ദര വില്ലന്മാരായി ബാലയും റിയാസ് ഖാനും എത്തുമ്പോള്‍ കിച്ചു ടെല്ലസും അമീര്‍ നിയാസും വില്ലന്‍ ഗ്യാങ്ങിന് കരുത്തായുണ്ട്. സാം ക്രിസ്റ്റിയുടെ പിതാവായി എത്തിയ വിജയരാഘവനും തന്റെ റോള്‍ ഗംഭീരമാക്കി. നായികയായി എത്തിയ സാക്ഷി അഗര്‍വാളിന്റെ ആക്ഷന്‍ രംഗങ്ങള്‍ അപ്രതീക്ഷിതമായിരുന്നു പ്രേക്ഷകര്‍ക്ക്.
ഒട്ടേറെ വില്ലന്‍ വേഷങ്ങളിലൂടെയും ആക്ഷന്‍ ഹീറോ ബിജു പോലുള്ള ചിത്രങ്ങളിലെ സ്വഭാവവേഷങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ അഭിനേതാവായിരുന്ന മേഘനാദനും നിര്‍ണായക റോളില്‍ ചിത്രത്തിലെത്തുന്നുണ്ട്. കഴിഞ്ഞ നവംബറില്‍ നമ്മെ വിട്ടുപിരിഞ്ഞ മേഘനാദനെ വെള്ളിത്തിരയില്‍ കണ്ടത് നൊമ്പരമായി. അവസാനമായി വെള്ളിത്തിരയിലെത്തിയ ചിത്രത്തിലും വില്ലന്‍ ഗ്യാങ്ങില്‍ തന്നെയായിരുന്നു മേഘനാദന്‍.
കഴിഞ്ഞദിവസമാണ് മലയാളികളുടെ പ്രിയപ്പെട്ട മഹാനടന്‍ മമ്മൂട്ടി ആരോഗ്യപ്രശ്‌നമങ്ങളെ അതിജീവിച്ച് സിനിമയുടെ ലോകത്തേക്ക് മടങ്ങി വരുന്നുവെന്ന വിവരം ലോകം അറിഞ്ഞത്. അക്കാര്യം നമ്മളോട് പറഞ്ഞവരില്‍ ഒരാള്‍ മമ്മൂട്ടിയുടെ സഹോദരീപുത്രനായ അഷ്‌കര്‍ സൗദാനായിരുന്നു. മമ്മൂട്ടിയുടെ മടങ്ങിവരവും ദി കേസ് ഡയറി എന്ന മികച്ച ചിത്രവും അഷ്‌കറിന് ഇരട്ടിമധുരമാണ് സമ്മാനിച്ചതെന്ന് നിസംശയം പറയാം.
Content Highlights: Malayalam movie 'The Case Diary' review
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·