സെപ്റ്റംബർ 9ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനു പുതിയൊരു നായകൻ വരുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. നിലവിലെ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്നെയാണ് നായകസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരിൽ പ്രധാനി.
എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും മുൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ഐപിഎലിൽ മികവു തെളിയിച്ച ശ്രേയസ് അയ്യരും ഉൾപ്പെടെയുള്ളവരുടെ സാധ്യതയും തള്ളിക്കളയാനാവില്ല. ടീമിനെ അടുത്ത ദിവസം പ്രഖ്യാപിച്ചേക്കും.
∙ സൂര്യ തുടരുമോ?
2024 ജൂലൈയിൽ സൂര്യകുമാർ യാദവിനെ ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി നിയമിക്കുമ്പോൾ പല ഭാഗത്തുനിന്നും എതിർപ്പുകൾ ഉയർന്നിരുന്നു. ആഭ്യന്തര ക്രിക്കറ്റിലോ ഐപിഎലിലോ കാര്യമായ ക്യാപ്റ്റൻസി പരിചയമില്ലാത്ത സൂര്യയെ, ബാറ്റിങ് ഫോം മാത്രം പരിഗണിച്ച് ദേശീയ ടീമിന്റെ ക്യാപ്റ്റനാക്കുന്നതിലായിരുന്നു പലർക്കും പ്രതിഷേധം. എന്നാൽ രണ്ടു വർഷത്തിനിടെ തന്റെ കീഴിൽ ഇറങ്ങിയ 22 മത്സരങ്ങളിൽ 17ലും ടീമിനെ വിജയത്തിലെത്തിച്ചാണ് സൂര്യ വിമർശകരുടെ വായടപ്പിച്ചത്.
ക്യാപ്റ്റൻസി റെക്കോർഡും സമീപകാല ഫോമും പരിഗണിക്കുമ്പോൾ സൂര്യ തന്നെയാണ് ഏഷ്യാ കപ്പിൽ ടീമിനെ നയിക്കാനുള്ള ഫസ്റ്റ് ചോയ്സ്. എന്നാൽ ഈയടുത്ത് ശസ്ത്രക്രിയയ്ക്കു വിധേയനായ സൂര്യയുടെ ഫിറ്റ്നസിൽ ടീം മാനേജ്മെന്റിന് ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം സൂര്യ പരിശീലനം ആരംഭിച്ചെങ്കിലും പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തെന്നു തെളിയിച്ചാൽ മാത്രമേ മുപ്പത്തിനാലുകാരൻ താരത്തിനു നായകസ്ഥാനം ഉറപ്പിക്കാനാകൂ.
∙ ഗില്ലിന്റെ പ്രതീക്ഷ
ഒരു മാസം മുൻപു വരെ ട്വന്റി20 ടീമിൽ പോലും ഇടംപിടിക്കാൻ സാധ്യതയില്ലെന്നു കരുതിയ ശുഭ്മൻ ഗില്ലിനെ ഏഷ്യാ കപ്പ് ടീമിന്റെ ക്യാപ്റ്റൻസിക്കായി അവകാശവാദം ഉന്നയിക്കാൻ സഹായിച്ചത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനമാണ്. മൂന്നു ഫോർമാറ്റിനും ഒരു ക്യാപ്റ്റൻ മതിയെന്നു ബിസിസിഐ തീരുമാനിച്ചാൽ ടെസ്റ്റ് ക്യാപ്റ്റൻസിക്കൊപ്പം ട്വന്റി20യിലും ഗിൽ ടീമിന്റെ തലപ്പത്തേക്ക് എത്തും.
രോഹിത് ശർമ കളമൊഴിയുന്നതോടെ ഏകദിന ടീം ക്യാപ്റ്റനായി ഗിൽ എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഈ സാഹചര്യത്തിൽ ഗില്ലിനു വൈറ്റ് ബോൾ ഫോർമാറ്റിൽ പയറ്റിത്തെളിയാനുള്ള ഏറ്റവും നല്ല വേദിയാണ് ഏഷ്യാ കപ്പ്. ഇനി സൂര്യ ക്യാപ്റ്റനായി തുടർന്നാൽ ഗിൽ വൈസ് ക്യാപ്റ്റനായി എത്തിയേക്കും.
∙ ഹാർദിക്കിന്റെ ആശങ്ക
ഒരു കാലത്ത് ഇന്ത്യയുടെ സ്ഥിരം വൈറ്റ് ബോൾ ക്യാപ്റ്റനാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ച ഹാർദിക് പാണ്ഡ്യയ്ക്ക് അപ്രതീക്ഷിതമായാണ് നായകസ്ഥാനം നഷ്ടപ്പെട്ടത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ രോഹിത്തിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പക്ഷേ, പിന്നീട് ക്യാപ്റ്റനായി പരിഗണിക്കപ്പെട്ടില്ല.
ഹാർദിക്കിന്റെ കീഴിൽ ഇന്ത്യ കളിച്ച 16 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ 10ലും ടീം വിജയിച്ചു. കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായിരുന്ന ഹാർദിക് 14ൽ 8 മത്സരങ്ങളിലും ടീമിനെ വിജയത്തിൽ എത്തിച്ചു. 2022ൽ ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ചാംപ്യൻമാരായതും ഹാർദിക്കിന്റെ നേതൃത്വത്തിലായിരുന്നു.
∙ ശ്രേയസിന്റെ സ്വപ്നം
കഴിഞ്ഞ ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സിനെ ഫൈനലിൽ എത്തിച്ചതോടെയാണ് ശ്രേയസ് അയ്യർ എന്ന ‘ക്യാപ്റ്റൻ’ ശ്രദ്ധ നേടാൻ തുടങ്ങിയത്. മുൻപ് കൊൽക്കത്തയെ ഐപിഎൽ ചാംപ്യൻമാരാക്കിയ ശ്രേയസിനു കീഴിൽ ഡൽഹി ക്യാപിറ്റൽസും ഐപിഎൽ ഫൈനൽ കളിച്ചിട്ടുണ്ട്.
ഫ്രാഞ്ചൈസി ലീഗിലെ ഈ ക്യാപ്റ്റൻസി മികവും സമീപകാല ബാറ്റിങ് ഫോമും പരിഗണിച്ചാൽ ഏഷ്യാ കപ്പ് ടീമിനെ നയിക്കാൻ യോഗ്യനാണ് ശ്രേയസ്.
English Summary:








English (US) ·