Published: December 23, 2025 05:36 PM IST
1 minute Read
ബെംഗളൂരു∙ ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിലെ ഉദ്ഘാടന മത്സരത്തിന്റെ വേദി മാറ്റി അപ്രതീക്ഷിത നീക്കം. ഡൽഹിയും ആന്ധ്രപ്രദേശും തമ്മിലുള്ള മത്സരത്തിന്റെ വേദിയാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്നു മാറ്റിയത്. ഇവിടെ നടക്കേണ്ടിയിരുന്ന എല്ലാ മത്സരങ്ങളും ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിലേക്ക് (സിഒഇ) മാറ്റിയതായി കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) അറിയിച്ചു. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി കർണാടക ആഭ്യന്തര വകുപ്പ് നൽകിയ അടിയന്തര നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് കെഎസ്‌സിഎ വ്യക്തമാക്കി.
ഋഷഭ് പന്ത് നയിക്കുന്ന ഡൽഹി ടീമിൽ സൂപ്പർ താരം വിരാട് കോലിയുമുണ്ട്. ഐപിഎലിൽ വിരാട് കോലി താരമായ ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ താരം വീണ്ടും കളിക്കാൻ ഇറങ്ങുന്നതിൽ ആരാധകർ ആവേശത്തിലായിരിക്കെയാണ് അപ്രതീക്ഷിത നീക്കം. കോലിയെ കാണാൻ വൻ ജനക്കൂട്ടം എത്തിയേക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ ഇടപെട്ടത്.
സിഒഇയിൽ അടച്ചിട്ട ഗ്രൗണ്ടിലാകും മത്സരങ്ങൾ. കാണികൾക്ക് പ്രവേശനമുണ്ടാകില്ല. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) തുടക്കത്തിൽ പൊതുജനങ്ങൾക്കായി രണ്ട് സ്റ്റാൻഡുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു, 2000 മുതൽ 3000 വരെ കാണികളെ പ്രവേശിപ്പിക്കാനായിരുന്ന നീക്കം. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ഈ നീക്കം തടയുകയായിരുന്നു.
ഐപിഎൽ കിരീടനേട്ടത്തിനു പിന്നാലെ 2025 ജൂണിൽ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പ്രത്യേക ജാഗ്രത സ്വീകരിച്ചത്.
English Summary:








English (US) ·