തിരുവനന്തപുരം∙ രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരായ മത്സരത്തിൽ മഹാരാഷ്ട്രയ്ക്ക് 71 റൺസ് ലീഡ്. വെളിച്ചക്കുറവു മൂലം മൂന്നാം ദിനം കളി നേരത്തെ നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 9 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 51 റൺസെന്ന നിലയിലാണ് മഹാരാഷ്ട്ര. പൃഥ്വി ഷാ (34 പന്തിൽ 37), അർഷിൻ കുൽക്കർണി (20 പന്തിൽ 14) എന്നിവരാണ് ക്രീസിൽ. ആദ്യ ഇന്നിങ്സിൽ മഹാരാഷ്ട്ര 20 റൺസ് ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ ഏകദിന ശൈലിയിൽ പൃഥ്വി ഷാ ബാറ്റു വീശിയതോടെയാണ് മഹാരാഷ്ട്ര സ്കോർ അതിവേഗം 50 കടന്നത്. ഏഴു ഫോറാണ് താരം അടിച്ചത്. ആദ്യ ഇന്നിങ്സിൽ പൃഥ്വി ഷാ സംപൂജ്യനായി പുറത്തായിരുന്നു.
∙ ലീഡെടുക്കാനാകാതെ കേരളം
സഞ്ജുവിന്റെയും സൽമാന്റെയും പോരാട്ടവും കേരളത്തെ തുണച്ചില്ല. മഹാരാഷ്ട്രയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 20 റൺസ് ലീഡ് വഴങ്ങി കേരളം. ഒന്നാം ഇന്നിങ്സിൽ 219 റൺസിനു കേരളം പുറത്തായി. ആദ്യ ഇന്നിങ്സിൽ 239 റൺസെടുത്ത മഹാരാഷ്ട്രയ്ക്ക് 20 റൺസ് ലീഡ്. അർധസെഞ്ചറി നേടിയ സഞ്ജു സാംസൺ (54), സൽമാൻ നിസാർ (49), ക്യാപ്റ്റൻ മുഹമ്മദ് അസഹ്റുദ്ദീൻ (36) എന്നിവരുടെ ബാറ്റിങ്ങാണ് കേരളത്തിനു കരുത്തായത്. ഏഴാമനായി ഇറങ്ങിയ സൽമാൻ നിസാറിന്റെ ഒറ്റയാൾ പോരാട്ടമാണ് സ്കോർ 200 കടത്തിയത്. അർധസെഞ്ചറിക്ക് ഒരു റൺ അകലെ സൽമാൻ വീണതോടെ കേരളത്തിന്റെ ഇന്നിങ്സിനും അവസാനമായി.
3ന് 35 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന്, ആദ്യ സെഷന്റെ തുടക്കത്തിൽ തന്നെ സച്ചിൻ ബേബിയുടെ (7) വിക്കറ്റ് നഷ്ടമായി. രാമകൃഷ്ണ ഘോഷിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സൗരഭ് നവാലെ കിടിലൻ ക്യാച്ചിലൂടെയാണ് സച്ചിനെ പുറത്താക്കിയത്. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സഞ്ജു– അസ്ഹറുദ്ദീൻ കൂട്ടുകെട്ട് നിർഭയം ബാറ്റുവീശി കേരളത്തെ മുന്നോട്ടു നയിച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 57 റൺസാണ് കൂട്ടിച്ചേർത്തത്. അർധസെഞ്ചറിക്കു പിന്നാലെ സഞ്ജുവിനെ പുറത്താക്കി വിക്കി ഓസ്‌വാളാണ് കൂട്ടുകെട്ട് പൊളിച്ചത്. 63 പന്തിൽ 54 റൺസെടുത്ത സഞ്ജുവിന്റെ ബാറ്റിൽനിന്ന് ഒരു സിക്സും അഞ്ച് ഫോറുമാണ് പിറന്നത്.
തന്റെ തൊട്ടടുത്ത ഓവറിൽ അസ്‌ഹറുദ്ദീനെ പുറത്താക്കി വിക്കി വീണ്ടും കേരളത്തിന് പ്രഹരമേൽപ്പിച്ചു. പിന്നീട് സൽമാൻ നിസാർ– അങ്കിത് ശർമ (17) സഖ്യം കരുതലോടെ മുന്നോട്ടു നീങ്ങിയെങ്കിലും 55–ാം ഓവറിൽ അങ്കിതിനെ പുറത്താക്കി ജലജ് വീണ്ടും കളി തിരിച്ചു. പിന്നീടെത്തിയ ഏദൻ ആപ്പിൾ ടോം (3), നിധീഷ് എം.ഡി (4), ബേസിൻ എൻ.പി (0*) എന്നിവർക്കാർക്കും കാര്യമായ സംഭാവന നൽകാനായില്ല. പത്താമനായി സൽമാനെ പുറത്താക്കി, മുകേഷ് ചൗധരിയാണ് കേരളത്തിന്റെ ഇന്നിങ്സ് അവസാനിപ്പിച്ചത്. മഹാരാഷ്ട്രയ്ക്കായി ജലജ് സക്സേന 3 വിക്കറ്റും മുകേഷ് ചൗധരി, രജനീഷ് ഗുർബാനി, വിക്കി ഓസ്‌വാൾ എന്നിവർ രണ്ടു വിക്കറ്റ് വീതവും രാമകൃഷ്ണ ഘോഷ് ഒരു വിക്കറ്റും വീഴ്ത്തി.
∙ കേരളത്തിനു തകർച്ച
മറുപടി ബാറ്റിങ് കരുതലോടെ തുടങ്ങിയെങ്കിലും കഴിഞ്ഞ സീസണിൽ കേരളത്തിന്റെ തലവേദനയായിരുന്ന ഓപ്പണിങ് കൂട്ടുകെട്ടിന് ഇന്നലെയും തിളങ്ങാനായില്ല. അക്ഷയ് ചന്ദ്രനെ റണ്ണൊന്നും നേടും മുൻപേ വിക്കറ്റിനു മുന്നിൽ കുരുക്കിയ ഗുർബാനി പിന്നാലെ എത്തിയ ബാബ അപരാജിതിനെയും(6) റിട്ടേൺ ക്യാച്ചിലൂടെ മടക്കി. പേസർമാരിൽ നിന്ന് ആക്രമണം ഏറ്റെടുത്ത മുൻ കേരള താരമായ ജലജ് സക്സേന നാലാം പന്തിൽ തന്നെ നന്നായി കളിച്ചു തുടങ്ങിയ ഓപ്പണർ രോഹൻ കുന്നുമ്മലിനെ (26) വിക്കറ്റിനു മുന്നിൽ കുരുക്കി. ഒപ്പം മഴയെത്തിയതോടെ രണ്ടാം ദിനവും ഒന്നര മണിക്കൂർ മുൻപേ കളി അവസാനിപ്പിക്കേണ്ടിവന്നു.
∙ കരകയറി മഹാരാഷ്ട്ര
ഒന്നാം ഇന്നിങ്സിൽ തുടക്കത്തിലെ വൻ തകർച്ചയിൽ നിന്നു കരകയറി മഹാരാഷ്ട്ര 239 റൺസ് നേടി. മഴമൂലം ഇന്നലെ ഉച്ചയ്ക്ക് 12ന് ശേഷമാണ് മത്സരം ആരംഭിച്ചത്. 7ന് 179 റൺസിലായിരുന്ന മഹാരാഷ്ട്രയെ എട്ടാം വിക്കറ്റിൽ വിക്കി ഓസ്‌വാളും(38) ആർ.എസ്.ഘോഷും(31) ചേർന്ന് മാന്യമായ സ്കോറിലേക്കു നയിക്കുകയായിരുന്നു. 223 റൺസിൽ ഘോഷിനെ അങ്കിത് ശർമ വീഴ്ത്തിയതിനു പിന്നാലെ ഗുർബാനിയുടെ വിക്കറ്റ് നേടിയാണ് നിധീഷ് 5 വിക്കറ്റ് തികച്ചത്. എൻ.പി.ബേസിലിന്റെ സമ്പാദ്യം 3 വിക്കറ്റ്.
English Summary:








English (US) ·