Published: July 11 , 2025 09:40 AM IST
1 minute Read
ലണ്ടൻ ∙ ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ചറി 2 റൺസ് മാത്രം അകലെ നിൽക്കെ, സിംഗിൾ പൂർത്തിയാക്കിയ ഇംഗ്ലിഷ് താരം ജോ റൂട്ടിനെ ഡബിൾ ഓടി സെഞ്ചറി പൂർത്തിയാക്കാൻ വെല്ലുവിളിച്ച് രവീന്ദ്ര ജഡേജ. ആദ്യ ദിനത്തിലെ അവസാന ഓവറിലാണ്, ഫീൽഡ് ചെയ്ത പന്ത് നിലത്തിട്ട് ജഡേജ റൂട്ടിനെ ഡബിൾ ഓടാൻ വെല്ലുവിളിച്ചത്. ഡബിളിനായി റൂട്ട് ക്രീസ് വിട്ട് പുറത്തേക്ക് ഇറങ്ങിയെങ്കിലും, മറുവശത്തുണ്ടായിരുന്ന ടീം ക്യാപ്റ്റൻ കൂടിയായ ബെൻ സ്റ്റോക്സ് അപകടം മണത്ത് റൂട്ടിനെ രണ്ടാം റണ്ണിനുള്ള ശ്രമത്തിൽനിന്ന് തടഞ്ഞു.
റൂട്ടിന്റെ സെഞ്ചറിക്കായി ഗാലറിയിൽ കാത്തിരുന്ന ഇംഗ്ലിഷ് ആരാധകർ കൂവലോടെയാണ് ജഡേജയുടെ വെല്ലുവിളിയോട് പ്രതികരിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ആകാശ്ദീപ് സിങ് എറിഞ്ഞ 83–ാം ഓവർ ആദ്യ ദിനത്തിലെ അവസാന ഓവറായി അംപയർമാർ നിശ്ചയിക്കുമ്പോൾ, സെഞ്ചറിക്ക് നാലു റൺസ് അകലെയായിരുന്നു റൂട്ട്. ആദ്യ പന്തിൽ റണ്ണെടുക്കാനാകാതെ പോയ റൂട്ട്, രണ്ടാം പന്തിൽ ഡബിൾ പൂർത്തിയാക്കി. ഇതോടെ ശേഷിക്കുന്ന നാലു പന്തിൽനിന്ന് സെഞ്ചറിയിലേക്ക് വേണ്ടിയിരുന്നത് 2 റൺസ് കൂടി. മൂന്നാം പന്തിലും റൂട്ടിന് റണ്ണെടുക്കാനായില്ല.
ഇതിനു പിന്നാലെ, നാലാം പന്ത് ഡീപ് ബാക്ക്‌വാഡ് പോയിന്റിലേക്ക് തട്ടിയിട്ട് റൂട്ട് സിംഗിളെടുത്തു. ഡബിളിന് സാധ്യതയുണ്ടായിരുന്നതിനാൽ റൂട്ട് ക്രീസ് വിട്ടിറങ്ങിയെങ്കിലും, ഓടിയെത്തിയ ജഡേജ അപ്പോഴേക്കും പന്ത് കയ്യിലെടുത്തു. രണ്ടാം റണ്ണിനായി റൂട്ട് ക്രീസ് വിട്ടിറങ്ങുന്നതുകണ്ട് ഓട്ടം പൂർത്തിയാക്കൂവെന്ന് പ്രലോഭിപ്പിച്ച ജഡേജ, തമാശരൂപേണ പന്ത് നിലത്തിട്ടു. ‘ധൈര്യമുണ്ടെങ്കിൽ രണ്ടാം റണ്ണിനായി ഓടൂ’ എന്നു തന്നെ വെല്ലുവിളി. ഇതുകണ്ട് അർധ മനസ്സോടെ റൂട്ട് ക്രീസ് വിട്ടിറങ്ങിയെങ്കിലും, മറുവശത്തുണ്ടായിരുന്ന ബെൻ സ്റ്റോക്സ് വിലക്കിയതോടെ തിരികെ ക്രീസിൽ കയറി.
ഓവറിലെ അവസാന രണ്ടു പന്തുകൾ നേരിട്ട സ്റ്റോക്സ് റണ്ണെടുക്കാൻ മിനക്കെടാതിരുന്നതോടെ ആദ്യദിനത്തിലെ റൂട്ടിന്റെ പോരാട്ടം സെഞ്ചറിക്ക് ഒറ്റ റൺ അകലെ അവസാനിച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യദിനം 83 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 251 റൺസെന്ന നിലയിലാണ്. 191 പന്തുകൾ നേരിട്ട റൂട്ട് 9 ഫോറുകളോടെയാണ് 99 റൺസെടുത്തത്. ഇതുവരെ 102 പന്തുകൾ നേരിട്ട സ്റ്റോക്സ് ആകട്ടെ, മൂന്നു ഫോറുകൾ സഹിതം 39 റൺസുമെടുത്തു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും 170 പന്തിൽ കൂട്ടിച്ചേർത്തത് 79 റൺസ്.
English Summary:








English (US) ·