Published: November 03, 2025 07:43 PM IST
1 minute Read
ജയ്പുർ ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈയ്‌ക്കെതിരായ മത്സരത്തിൽ ഇരട്ടസെഞ്ചറിയുമായി തിളങ്ങി രാജസ്ഥാൻ താരം ദീപക് ഹൂഡ. 335 പന്തിൽ 248 റൺസെടുത്ത ഹൂഡയുടെ മികവിൽ ആദ്യ ഇന്നിങ്സിൽ മുംബൈയ്ക്കെതിരെ രാജസ്ഥാൻ 363 റൺസിന്റെ കൂറ്റൻ ലീഡ് നേടി. മുംബൈയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 254 റൺസിനു മറുപടിയുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ, 6ന് 617 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഹൂഡയ്ക്കു പുറമേ രാജസ്ഥാനു വേണ്ടി കാർത്തി ശർമ (139) സെഞ്ചറിയും സച്ചിൻ യാദവ് (92) അർധസെഞ്ചറിയും നേടി. ഹൂഡയും കാർത്തിക്കും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 263 റൺസാണ് പിറന്നത്.
മുംബൈ ക്യാപ്റ്റൻ ഷർദൂൽ ഠാക്കൂർ ബോളർമാരെ മാറിമാറി പരീക്ഷിച്ചതിനൊടുവിൽ 250 റൺസിന് രണ്ട് റൺസകലെ യശ്വസി ജയ്‌സ്വാളാണ് ഹൂഡയെ പുറത്താക്കിയത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ മുംബൈ വിക്കറ്റ് നഷ്ടം കൂടാതെ 89 റൺസെന്ന നിലയിലാണ്. അർധസെഞ്ചറി നേടിയ യശ്വസി ജയ്‌സ്വാളും (56 പന്തിൽ 56*), മുഷീർ ഖാനുമാണ് (76 പന്തിൽ 32*) ആണ് ക്രീസിൽ. അതേസമയം, ഇരട്ടസെഞ്ചറി നേട്ടം തന്റെ വളർത്തുനായയ്ക്കു സമർപ്പിക്കുന്നതായി ദീപക് ഹൂഡ മത്സരശേഷം പറഞ്ഞു. അസുഖത്തെത്തുടർന്നു കഴിഞ്ഞദിവസം വളർത്തുനായ ചത്തുപോയിരുന്നു.
മറ്റൊരു മത്സരത്തിൽ, ബംഗാളിനെതിരെ ത്രിപുര താരം ഹനുമ വിഹാരി (121*) സെഞ്ചറി നേടി. 210 പന്തിൽ ഒരു സിക്സിന്റെയും 17 ഫോറിന്റെയും അകമ്പടിയോടെയാണ് വിഹാരിയുടെ സെഞ്ചറി. മൂന്നാം ദിനം കളി നിർത്തുമ്പോൾ, 7 വിക്കറ്റ് നഷ്ടത്തിൽ 273 റൺസെന്ന നിലയിലാണ് ത്രിപുര. 42 റൺസുമായി മണിശങ്കർ മുരാസിങ്ങാണ് വിഹാരിക്കൊപ്പം ക്രീസിൽ. ഒന്നാം ഇന്നിങ്സിൽ ബംഗാൾ 336 റൺസിനു പുറത്തായിരുന്നു. ലീഡ് നേടാൻ ത്രിപുരയ്ക്ക് ഇനി 64 റൺസ് കൂടി വേണം. ബംഗാളിനായി മുഹമ്മദ് കൈഫ് നാല് വിക്കറ്റ് വീഴ്ത്തി. രാജ്യാന്തര താരം മുഹമ്മദ് ഷമിക്ക് വിക്കറ്റൊന്നും വീഴ്ത്താനായില്ല.
English Summary:








English (US) ·