Published: October 29, 2025 09:42 AM IST
1 minute Read
മുംബൈ∙ രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കായി ഡബിൾ സെഞ്ചറി നേടിയിട്ടും യുവതാരം പൃഥ്വി ഷായ്ക്ക് ‘പ്ലെയർ ഓഫ് ദ് മാച്ച്’ പുരസ്കാരമില്ല. ചണ്ഡീഗഡിനെതിരായ പോരാട്ടത്തിൽ രഞ്ജി ചരിത്രത്തിലെ തന്നെ വേഗമേറിയ രണ്ടാമത്തെ ഡബിൾ സെഞ്ചറിയാണ് പൃഥ്വി ഷാ സ്വന്തമാക്കിയത്. പക്ഷേ 141 പന്തുകളിൽ 200 പിന്നിട്ട താരമല്ല, കളിയിലെ താരം. ഒന്നാം ഇന്നിങ്സിൽ സെഞ്ചറി തികച്ച മഹാരാഷ്ട്ര താരം ഋതുരാജ് ഗെയ്ക്‌വാദിനു പുരസ്കാരം നൽകാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. എന്നാൽ പുരസ്കാരം സ്വീകരിച്ച ഋതുരാജ്, അതു പൃഥ്വി ഷായുമായി പങ്കുവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഗെയ്ക്‌വാദ് സെഞ്ചറി (116) അടിച്ചത് മഹാരാഷ്ട്രയ്ക്ക് ലീഡ് നേടിക്കൊടുക്കുന്നതിൽ നിർണായകമായിരുന്നു. രണ്ടാം ഇന്നിങ്സിലാണ് പൃഥ്വി ഷായുടെ ഡബിൾ സെഞ്ചറി പ്രകടനമെത്തിയത്. ആദ്യ ഇന്നിങ്സിൽ പൃഥ്വി ഷാ എട്ടു റൺസിനു പുറത്തായിരുന്നു. അതിനു ശേഷമായിരുന്നു പൃഥ്വിയുടെ തകർപ്പൻ ഷോ. 156 പന്തിൽ 222 റൺസാണു താരം നേടിയത്. മത്സരത്തിൽ മഹാരാഷ്ട്ര 144 റൺസ് വിജയമാണു നേടിയത്.
464 റൺസ് വിജയലക്ഷ്യം തേടി രണ്ടാം ഇന്നിങ്സിൽ ഇറങ്ങിയ ചണ്ഡിഗഡ് 319 റണ്‍സെടുത്തു പുറത്താകുകയായിരുന്നു. ഏലൈറ്റ്, സോണൽ തലത്തിലെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചറിയാണ് പൃഥ്വി ഷായുടേത്. 1984–85 സീസണില്‍ ബറോഡയ്ക്കെതിരെ ബോംബെ താരം രവി ശാസ്ത്രി 123 പന്തിൽ ഡബിൾ സെഞ്ചറി തികച്ചിരുന്നു.
2017ൽ മുംബൈയ്ക്കു വേണ്ടി തമിഴ്നാടിനെതിരെ രഞ്ജി ട്രോഫിയിൽ അരങ്ങേറി പൃഥ്വി ഷാ, പുതിയ സീസണിനു മുന്നോടിയായിട്ടാണു ടീം വിട്ടത്. കഴിഞ്ഞ സീസണിൽ മുംബൈയിൽ അവസരങ്ങൾ കുറഞ്ഞതോടെ പൃഥ്വി ഷാ മഹാരാഷ്ട്രയിലേക്കു മാറുകയായിരുന്നു. കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ താരത്തെ ആരും വാങ്ങിയിരുന്നില്ല. കഴിഞ്ഞ ഓഗസ്റ്റിൽ ബുച്ചിബാബു ക്രിക്കറ്റിൽ ചത്തീസ്ഗഡിനെതിരെ മഹാരാഷ്ട്ര ജഴ്സിയിലെ ആദ്യ മത്സരത്തിൽ തന്നെ പൃഥ്വി ഷാ സെഞ്ചറി നേടിയിരുന്നു.
English Summary:








English (US) ·