ഡബിൾ സെഞ്ചറി + സെഞ്ചറി! അതിവേഗ ഇരട്ടസെഞ്ചറിയുമായി ഗിൽ, സെഞ്ചറിയടിച്ച് രോഹിത്; റെക്കോർഡ് ചേസിൽ വിൻഡീസിനെ തകർത്ത് ഇന്ത്യ

1 month ago 5

ഗുവാഹത്തി ∙ വെസ്റ്റിൻഡീസ് ഉയർത്തിയ ‘റൺമല’ ഇന്ത്യൻ ബാറ്റിങ് കരുത്തിനു മുന്നിൽ വെറും ‘എലി’ ആയി. മൂന്നു ബാറ്റർമാറുടെ സെഞ്ചറിയുടെ മികവിൽ വിൻഡീസ് നേടിയ പടകൂറ്റൻ സ്കോറിന് അതേ നാണയത്തിലാണ് ഇന്ത്യ മറുപടി നൽകിയത്; ഒരു ഡബിൾ സെഞ്ചറിയുടെയും, ഒരു സെഞ്ചറിയുടെയും രീതിയിൽ. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (133 പന്തിൽ 223*) ഇരട്ടസെഞ്ചറിയുമായി മുന്നിൽനിന്നു പടനയിച്ചപ്പോൾ സെഞ്ചറിയുമായി രോഹിത് ശർമയും (75 പന്തിൽ 101) മിന്നിച്ചു. 406 റൺസ് വിജയലക്ഷ്യം വെറും 43.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഏകദിന ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റൺചേസാണ് ഇത്. 2013ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 362 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ചതായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിജയകരമായ ചേസ്. രണ്ടാം ഏകദിനത്തിലെ എട്ടു വിക്കറ്റ് വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2–0നു ഇന്ത്യ സ്വന്തമാക്കി. മൂന്നാം മത്സരം ഒക്ടോബർ 3ന് ന്യൂ ചണ്ഡിഗഡിൽ.

What you should work next

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു വേണ്ടി രോഹിത് ശർമയും ശുഭ്മൻ ഗില്ലും ‘രണ്ടു കൽപ്പിച്ചായിരുന്നു’. റൺമലയ്ക്കു മുന്നിൽ പതറാതെ ബാറ്റു വീശിയ ഇരുവരും ഇന്ത്യൻ ഇന്നിങ്സിനെ അതിവേഗം ചലിപ്പിച്ചു. 12–ാം ഓവറിൽ സ്കോർ 100 കടന്നു. രോഹിത് ശർമയാണ് ആദ്യം അർധസെഞ്ചറി നേടിയത്. 32 പന്തിലാണ് രോഹിത് അർധസെഞ്ചറി നേടിയത്. അധികം വൈകാതെ ഗില്ലും ഫിഫ്റ്റിയടിച്ചു. ഇതോടെ ‘ഗിയർ’ മാറ്റിയ ക്യാപ്റ്റൻ അതിവഗേം കുതിച്ചു. 62 പന്തിലാണ് ഗിൽ തുടർച്ചയായ രണ്ടാം സെഞ്ചറി നേടിയത്. കഴിഞ്ഞ മത്സരത്തിലും താരം സെഞ്ചറി നേടിയിരുന്നു. ഗിൽ 150ലേക്ക് അടുത്തപ്പോൾ രോഹിത് സെഞ്ചറി തികച്ചത്. 72 പന്തിലാണ് രോഹിത് ശർമ, ഏകദിന കരിയറിലെ 35–ാം സെഞ്ചറി നേടിയത്.

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും ശുഭ്‍മൻ ഗില്ലും ബാറ്റിങ്ങിനിടെ. (PTI Photo/Swapan Mahapatra)

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും ശുഭ്‍മൻ ഗില്ലും ബാറ്റിങ്ങിനിടെ. (PTI Photo/Swapan Mahapatra)

എന്നാൽ സെഞ്ചറിക്കു തൊട്ടുപിന്നാലെ രോഹിത് പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ രോഹിത്തും ഗില്ലും ചേർന്ന് 255 റൺസാണ് കൂട്ടിച്ചേർത്തത്. ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാം ഓപ്പണിങ് കൂട്ടകെട്ടാണിത്. 2001ൽ സച്ചിനും ഗാംഗുലിയും ചേർന്ന് നേടിയ 258 റൺസാണ് ഒന്നാമത്. പിന്നീടെത്തിയ വിരാട് കോലി (19 പന്തിൽ 29) ഒരു സിക്സും മൂന്നു ഫോറുമായി നന്നായി തുടങ്ങിയെങ്കിലും 33–ാം ഓവറിൽ പുറത്തായി. പിന്നീട് നാലാമനായി ഇറങ്ങിയ ഋതുരാജ് ഗെയ്‍‌ക്‌വാദിനെ (37 പന്തിൽ 31*) കൂട്ടുപിടിച്ച് ഗിൽ അതിവേഗം വിജയത്തിലേക്ക് കുതിച്ചു.

ഇന്ത്യൻ ഇന്നിങ്സിന്റെ 39–ാം ഓവറിൽ 117 പന്തിൽ ഏഴു സിക്സുകളുടെയും 24 ഫോറുകളുടെയും അകമ്പടിയോടെയാണ് ഏകദിന കരിയറിലെ രണ്ടാം ഇരട്ടസെഞ്ചറി ശുഭ്മൻ ഗിൽ നേടിയത്. 2023ൽ ന്യൂസീലൻഡിനെതിരെയായിരുന്നു ഗില്ലിന്റെ ആദ്യ ഇരട്ടസെഞ്ചറി. പന്തടിസ്ഥാനത്തിൽ ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ചറിയുമാണിത്. 126 പന്തിൽ ഇരട്ടസെഞ്ചറി തികച്ച ഇഷാൻ കിഷന്റെ റെക്കോർഡാണ് തകർത്തത്. രോഹിത് ശർമയ്ക്കു ശേഷം ഏകദിനത്തിൽ ഒന്നിൽ കൂടുതൽ ഇരട്ടസെഞ്ചറി നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് ഗിൽ. രോഹിത് മൂന്ന് ഇരട്ടസെഞ്ചറി നേടിയിട്ടുണ്ട്. പിന്നീട് അധികം വൈകാതെ ഇന്ത്യ വിജയത്തിലുമെത്തി, 39 പന്തുകൾ ബാക്കിയാക്കി.

∙ വിൻഡീസിന് ‘ട്രിപ്പിൾ’ സെഞ്ചറികാര്യവട്ടത്ത് മികച്ച ബാറ്റിങ് പ്രകടനം നടത്തിയിട്ടും കൂറ്റൻ സ്കോർ നേടാൻ സാധിക്കാതെ പോയതിന്റെ സങ്കടം ഗുവാഹത്തിയിൽ ‘മൂന്നിരട്ടിയായി’ വെസ്റ്റിൻഡീസ് തീർക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത വിൻഡീസ് മൂന്നു ബാറ്റർമാരുടെ തകർപ്പൻ സെഞ്ചറി കരുത്തിൽ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് വിൻഡീസ് അടിച്ചുകൂട്ടിയത്. ഇന്ത്യയ്‌ക്കെതിരായ ഏകദിനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ ടോട്ടലാണിത്. വെസ്റ്റിൻഡീസിനായി ഓപ്പണർ ജോൺ കാംബെൽ (68 പന്തിൽ 101), ക്യാപ്റ്റൻ ഷായ് ഹോപ് (94 പന്തിൽ 104), അമീർ ജാങ്കൂ (77 പന്തിൽ 114) എന്നിവരാണ് സെഞ്ചറി നേടിയത്. ഇതു രണ്ടാം തവണ മാത്രമാണ് ഒരു ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഒരു ടീമിനെ മൂന്നു ബാറ്റർമാർ സെഞ്ചറി നേടുന്നത്. 2015ൽ ദക്ഷിണാഫ്രിക്കയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. അതേ മത്സരത്തിൽ ദക്ഷിണാഫ്രിക്ക നേടിയ 438/4 ആണ് ഇന്ത്യയ്ക്കെതിരായ ഉയർന്ന ടോട്ടൽ. 2013ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 362 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ചതാണ് ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിജയകരമായ ചേസ്.

ബോളർമാരെ മാറ്റി മാറ്റി പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താനാകാതെ പോയതോടെയാണ് വിൻഡീസ് കൂറ്റൻ സ്കോറിലേക്ക് കുതിച്ചത്. 40–ാം ഓവറിനു ശേഷമാണ് ഇന്ത്യയ്ക്കു വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചത്. അപ്പോഴേയ്ക്കും ടോട്ടൽ 300 കടന്നിരുന്നു. ഗുർനൂർ ബ്രാർ 10 ഓവറിൽ 96 റൺസ് വഴങ്ങിയപ്പോൾ അരങ്ങേറ്റക്കാരൻ അക്വിബ് നബി 8.5 ഓവറിൽ 84 റൺസാണ് വിട്ടുകൊടുത്തത്. സ്പിന്നർമാരായ രവീന്ദ്ര ജഡേജ 10 ഓവറിൽ 75 റൺസും കുൽദീപ് യാദവ് 10 ഓവറിൽ 65 റൺസും വിട്ടുകൊടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് അഞ്ചാം ഓവറിൽ തന്നെ ഓപ്പണർ കെയ്സി കാർട്ടിയെ (10 പന്തിൽ 9) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ജോൺ കാംബെൽ– ഷായ് ഹോപ് സഖ്യം നിലയുറപ്പിച്ചതോടെ വിൻഡീസ് സ്കോർ അതിവേഗം കുതിച്ചു. 5 സിക്സറും 9 ഫോറും പായിച്ച കാംബെൽ ട്വന്റി20 സ്റ്റൈലിലാണ് ബാറ്റു വീശിയത്. 11–ാം ഓവറിൽ സ്കോർ 100 കടന്നു. വെറും 65 പന്തിലാണ് കാംബെൽ സെഞ്ചറി തികച്ചത്. തൊട്ടുപിന്നാലെ താരത്തെ ഗുർനൂർ ബ്രാർ വീഴ്ത്തി. രണ്ടാം വിക്കറ്റിൽ കാംബെലും ഹോപ്പും ചേർന്ന് 110 റൺസാണ് കൂട്ടിച്ചേർത്തത്.

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ചറി നേടിയ വെസ്റ്റിൻഡീസ് താരം അമീർ ജാങ്കൂവിന്റെ ആഹ്ലാദം. (PTI Photo/Swapan Mahapatra)

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ചറി നേടിയ വെസ്റ്റിൻഡീസ് താരം അമീർ ജാങ്കൂവിന്റെ ആഹ്ലാദം. (PTI Photo/Swapan Mahapatra)

കാംബെൽ പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഹോപ്–അമീർ ജാങ്കൂ സഖ്യവും അതേ ‘ഗിയറിൽ’ തന്നെ ഇന്നിങ്സ് മുന്നോട്ടു നീക്കി. ഇരുവരും ഒരേപോലെ തകർത്തടിച്ചതോടെ ഇന്ത്യൻ ബോളർമാർ വിയർത്തു. 94 പന്തിൽ 3 സിക്സുകളുടെ 8 ഫോറുകളുടെയും അകമ്പടിയോടെയാണ് ഷായ് ഹോപ് 104 റൺസെടുത്തത്. കൂടുതൽ ‘ആക്രമണകാരി’യായിരുന്ന അമീർ ജാങ്കൂ വെറും 77 പന്തിലാണ് 114 റൺസെടുത്തത്. മൂന്നു സിക്സും 13 ഫോറുമാണ് താരത്തിന്റെ ബാറ്റിൽനിന്നു പിറന്നത്.

19–ാം ഓവറിൽ ഒന്നിച്ച ഇരുവരും 40–ാം ഓവറിലാണ് പിരിയുന്നത്. ഇരുവരും ചേർന്ന് 182 റൺസാണ് അടിച്ചുകൂട്ടിയത്. ഷായ് ഹോപ്പിനെ വീഴ്ത്തി കുൽദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ ഷെർഫെയ്ൻ റൂഥർഫോർഡിനെ ഗോൾഡൻ ഡക്കാക്കി ഗുർനൂർ ബ്രാറും അമീർ ജാങ്കൂവിനെ രവീന്ദ്ര ജഡേജയും വീഴ്ത്തി. കീമോ പോൾ (8 പന്തിൽ 3), അൽസാരി ജോഫസഫ് (8 പന്തിൽ 14) എന്നിവരുടെ വിക്കറ്റുകൾ കൂടി വീണെങ്കിലും റോസ്റ്റൻ ചേസ് (25 പന്തിൽ 29*), ഷമാർ ജോസഫ് (8 പന്തിൽ 14*) എന്നിവർ ചേർന്ന് സ്കോർ 400 കടത്തുകയായിരുന്നു.

English Summary:

India vs West Indies, 2nd ODI: LIVE Score

Read Entire Article