ഡബ്ല്യുപിഎലിലെ കന്നി സെഞ്ചറിക്ക് വെറും 4 റൺസ് അകലെ വീണ് സ്മൃതി; തുടർച്ചയായ നാലാം ജയത്തോടെ അപരാജിത കുതിപ്പ് തുടർന്ന് ആർസിബി

3 days ago 2

ഓൺലൈൻ ഡെസ്‌ക്

Published: January 18, 2026 07:01 AM IST Updated: January 18, 2026 07:41 AM IST

2 minute Read

  ഡൽഹി ക്യാപിറ്റൽസിനെതിരെ ബെംഗളൂരു ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ ബാറ്റിങ്. (PTI Photo/Kunal Patil)
ഡൽഹി ക്യാപിറ്റൽസിനെതിരെ ബെംഗളൂരു ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ ബാറ്റിങ്. (PTI Photo/Kunal Patil)

നവി മുംബൈ ∙ വനിതാ പ്രിമിയർ ലീഗിലെ കന്നി സെഞ്ചറിയെന്ന റെക്കോർഡിന് 4 റൺസ് അകലെ വീണെങ്കിലും ബെംഗളൂരുവിന്റെ വിജയമുറപ്പിച്ച് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ ഉജ്വല ഇന്നിങ്സ് (61 പന്തിൽ 96). ഡൽഹി ക്യാപിറ്റൽസിനെ 8 വിക്കറ്റിന് കീഴടക്കിയ റോയൽ ചാലഞ്ചേഴ്സ് സീസണിലെ നാലാം ജയത്തോടെ അപരാജിത കുതിപ്പ് തുടർന്നു. ആദ്യം ബാറ്റു ചെയ്ത ഡൽഹി ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം സ്മൃതിയുടെയും ജോർജിയോ വോളിന്റെയും (42 പന്തിൽ 54 നോട്ടൗട്ട്) അർധ സെഞ്ചറി മികവിൽ ബെംഗളൂരു മറികടന്നു. സ്കോർ: ഡൽഹി– 20 ഓവറിൽ 166. ബെംഗളൂരു– 18.2 ഓവറി‍ൽ 2ന് 169. സ്മൃതിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

മൂന്നാം ഓവറിൽ ഗ്രേസ് ഹാരിസിന്റെ (1) വിക്കറ്റ് നേടിയതൊഴിച്ചാൽ ഡൽഹി ബോളർമാരെ നിസ്സഹായരാക്കിയാണ് സ്മൃതിയും ജോർജിയയും സ്കോറുയർത്തിയത്. രണ്ടാം വിക്കറ്റിൽ 142 റൺസ് നേടിയ വെടിക്കെട്ട് കൂട്ടുകെട്ട് ബെംഗളൂരുവിനെ അനായാസം വിജയത്തിലേക്ക് അടുപ്പിച്ചു. 61 പന്തിൽ 13 ഫോറും 3 സിക്സും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്.

ക്യാപ്റ്റന്റെ സെഞ്ചറിക്കും ബെംഗളൂരുവിന്റെ വിജയത്തിനുമായി ആവേശത്തോടെ കാത്തിരുന്ന ആരാധകരെ വേദനയിലാഴ്ത്തി 18–ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സ്മൃതിയുടെ പുറത്താകൽ. ബാക്ക്‌വേഡ് പോയിന്റിൽ ലൂസി ഹാമിൽട്ടന്റെ ഡൈവിങ് ക്യാച്ചിൽ സെഞ്ചറി സ്വപ്നം പൊലിഞ്ഞു. അപ്പോൾ ജയത്തിന് വെറും 11 റൺസ് മാത്രം അകലെയായിരുന്നു ബെംഗളൂരു.

നേരത്തേ, ബാറ്റിങ്ങിലെ കൂട്ടത്തകർച്ചയിൽ പകച്ചുപോയ ഡൽഹി ക്യാപിറ്റൽസിനെ ഷഫാലി വർമയുടെ ഒറ്റയാൾ പോരാട്ടമാണ് (41 പന്തിൽ 62) കരകയറ്റിയത്.
വാലറ്റത്ത് പൊരുതിയ ലൂസി ഹാമിൽട്ടൻ (19 പന്തിൽ 36), സ്നേഹ റാണ (22 പന്തിൽ 22) എന്നിവരുടെ ഇന്നിങ്സും തുണയായി. ഡബ്ല്യുപിഎലിൽ 20 റൺസിൽ താഴെ ആദ്യ നാലു വിക്കറ്റുകളും വീണ ശേഷം ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.

ബെംഗളൂരുവിനെതിരെ ഡൽഹി താരം ഷഫാലി വർമയുടെ ബാറ്റിങ് (ഇടത്), ഡൽഹിയുടെവിക്കറ്റ് വീഴത്തിയ ആർബിസി താരങ്ങളുടെ ആഹ്ലാദം (വലത്) X/WPL

ബെംഗളൂരുവിനെതിരെ ഡൽഹി താരം ഷഫാലി വർമയുടെ ബാറ്റിങ് (ഇടത്), ഡൽഹിയുടെവിക്കറ്റ് വീഴത്തിയ ആർബിസി താരങ്ങളുടെ ആഹ്ലാദം (വലത്) X/WPL

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക്, ആദ്യ രണ്ട് ഓവറുകൾക്കുള്ളിൽ തന്നെ നാലു വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു. ലിസെല്ലെ ലീ (2 പന്തിൽ 4), ലോറ വോൾവാർഡ് (0), ക്യാപ്റ്റൻ ജമീമ റോഡ്രിഗസ് (3 പന്തിൽ 4), മാരിസാനെ കാപ്പ് (0) എന്നിവരാണ് വന്നപോലെ മടങ്ങിയത്. രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി ടൂർണമെന്റിൽ മിന്നും ഫോമിലുള്ള ഇംഗ്ലിഷ് പേസർ ലോറൻ ബെൽ, സയാലി സത്ഘരെ എന്നിവരാണ് ഡൽഹിയുടെ മുൻനിരയെ തകർത്തത്. പവർപ്ലേ കഴിഞ്ഞ് അധികം വൈകാതെ തന്നെ നിക്കി പ്രസാദ് (14 പന്തിൽ 12), മിന്നു മണി (4 പന്തിൽ 5) എന്നിവരും വീണു.

എന്നാൽ മറുവശത്ത് വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ ഓപ്പണർ ഷഫാലി വർമ ഡൽഹി ഇന്നിങ്സിനെ മുന്നോട്ടു നയിക്കുകയായിരുന്നു. 27 പന്തിലാണ് ഡബ്ല്യുപിഎലിലെ ഏഴാം അർധസെഞ്ചറി ഷെഫാലി കുറിച്ചത്. നാല് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഷഫാലിയുടെ ഇന്നിങ്സ്.

17–ാം ഓവറിൽ ഷഫാലിയെ പുറത്താക്കി ലോറൻ ബെൽ തന്നെയാണ് വീണ്ടും ആർസിബിക്ക് ബ്രേക്ക് ത്രൂ നൽകിയത്. അപ്പോൾ ഡൽഹി സ്കോർ 130ൽ എത്തിയിരുന്നു. ഒൻപതാമതായി ഇറങ്ങിയ ലൂസി ഹാമിൽട്ടൻ, മൂന്നു സിക്സും മൂന്നു ഫോറുമായി നടത്തിയ കാമിയോ പ്രകടനമാണ് ഡൽഹി സ്കോർ 160 കടത്തിയത്. ബെംഗളൂരുവിനായി ലോറൽ ബെൽ, സയാലി സത്ഘരെ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
 

English Summary:

Delhi Capitals vs Royal Challengers Bengaluru, WPL 2026 Match Updates

Read Entire Article