ഡാനിയേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി മടക്കം; ഷാജി എൻ. കരുണിന്റെ അവസാന പൊതുപരിപാടി

8 months ago 6

shaji-n-karun-jc-daniel-award

ഷാജി എൻ. കരുൺ ജെ.സി. ഡാനിയേൽ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങുന്നു | ചിത്രം: മാതൃഭൂമി

സായാഹ്നത്തില്‍ നിശാഗന്ധിയില്‍ വലിയ കൈയിടകളാണ് ഉയര്‍ന്നത്. മലയാള സിനിമയുടെ സാന്നിധ്യം ദേശീയതലവും കടന്ന് അന്തര്‍ദേശീയ തലത്തിലെത്തിച്ച് മലയാളിയുടെ യശസ്സുയര്‍ത്തിയ സംവിധായകന്‍ ഷാജി എന്‍. കരുണിനുള്ള ആദരത്തെ അങ്ങനെ മാത്രമേ ചലച്ചിത്രപ്രേമികള്‍ക്ക് വരവേല്‍ക്കാന്‍ കഴിയുമായിരുന്നുള്ളൂ.

സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത അംഗീകാരമായ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ഏപ്രില്‍ 16-നാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ഏറ്റുവാങ്ങിയത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍കൂടിയായ ഷാജി എന്‍. കരുണിന്റെ അവസാന പൊതുപരിപാടിയായിരുന്നു അത്. സംസ്ഥാനത്തിന്റെ ആദരമേറ്റുവാങ്ങി 12 ദിവസത്തിനിപ്പുറമാണ് അദ്ദേഹം വിട പറയുന്നത്.

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരമാണ് ഷാജി എന്‍. കരുണിന് അന്ന് മുഖ്യമന്ത്രി സമ്മാനിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയാണ്. അന്തര്‍ദേശീയതലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എന്‍. കരുണ്‍ എന്ന് വിലയിരുത്തിക്കൊണ്ടാണ് 2024 ഡിസംബറില്‍ ജൂറി പുരസ്‌കാരം പ്രഖ്യാപിച്ചത്.

സ്വന്തം കുടുംബത്തിൽനിന്ന് ലഭിച്ച അംഗീകാരമെന്നനിലയിൽ സംതൃപ്തിയും സന്തോഷവുമുണ്ടെന്നാണ് ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചതിന് പിന്നാലെ ഷാജി എൻ. കരുൺ പ്രതികരിച്ചത്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടപ്പോൾ സംസ്ഥാനസർക്കാരിൽനിന്ന് അംഗീകാരം ലഭിച്ചില്ലെന്ന വിഷമം മാറിയെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

2022-ലെ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ ടി.വി ചന്ദ്രന്‍ ചെയര്‍മാനും ഗായിക കെ.എസ്. ചിത്ര, നടന്‍ വിജയരാഘവന്‍ എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് ഷാജി എന്‍. കരുണിനെ പുരസ്‌കാര ജേതാവായി തിരഞ്ഞെടുത്തത്. 70-ഓളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത 'പിറവി', കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 'സ്വം', കാനില്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിത്തന്ന ഷാജി എന്‍. കരുണ്‍ മലയാളത്തിലെ നവതരംഗ സിനിമയക്ക് സര്‍ഗാത്മകമായ ഊര്‍ജം പകര്‍ന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടിരുന്നു.

മോഹന്‍ലാല്‍ ചിത്രം 'എമ്പുരാനെ'തിരെ കടന്നാക്രമണം നടത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കാനും ഷാജി എന്‍. കരുണ്‍ മുന്നിട്ടിറങ്ങിയിരുന്നു.

Content Highlights: JC Daniel Award was the past nationalist lawsuit of manager Shaji N Karun

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article