
ഷൈൻ ടോം ചാക്കോ, സിസിടിവി ദൃശ്യം | ഫോട്ടോ: മാതൃഭൂമി, സ്ക്രീൻഗ്രാബ്
കൊച്ചി: ഡാന്‍സാഫ് സംഘം ഷൈന്‍ ടോം ചാക്കോ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയത് മറ്റൊരു ലഹരി ഇടപാടുകാരനെ തേടി. കൊച്ചി കേന്ദ്രീകരിച്ച് വ്യാപകലഹരി ഇടപാടുകളിലെ കണ്ണിയായ ഷജീര്‍ എന്നയാളെ തേടിയാണ് പോലീസ് ഹോട്ടലില്‍ എത്തിയത്. ഇയാളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് സംഘം ഷൈന്‍ ടോം ചാക്കോ താമസിച്ചിരുന്ന സ്വകാര്യഹോട്ടലില്‍ എത്തിയത്.
ബുധനാഴ്ച രാത്രി 10.30-ന് ശേഷമാണ് ഡാന്‍സാഫ് സംഘം എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ എത്തിയത്. പിന്തുടര്‍ന്നെത്തിയ ലഹരി ഇടപാടുകാരന്റെ ലൊക്കേഷന്‍ ഹോട്ടലിന്റെ സമീപത്തുവെച്ച് അവസാനിച്ചു. ഇയാള്‍ ഹോട്ടലിലേക്ക് കടന്നു എന്ന സംശയത്തെത്തുടര്‍ന്നാണ് പോലീസ് സംഘം ഇവിടെ കയറിയത്. തുടര്‍ന്ന് ഹോട്ടല്‍ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ ഷൈന്‍ ടോം ചാക്കോയുടെ പേര് കണ്ടു.
ഷൈന്‍ ടോം ചാക്കോയുടെ മുറിക്ക് മുമ്പിലെത്തിയ സംഘം, പല തവണ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. റൂം സര്‍വീസ് ഒന്നും വേണ്ട, തന്നെ ആരും ശല്യപ്പെടുത്തരുത് എന്ന് ഷൈന്‍ തങ്ങളോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. പോലീസ് എത്തിയ വിവരം ഹോട്ടല്‍ ജീവനക്കാരില്‍നിന്ന് ചോര്‍ന്നതായാണ് പോലീസ് സംശയിക്കുന്നത്.
സ്യൂട്ട് റൂമിന്റെ ലെന്‍സിലൂടെ പോലീസിനെ കണ്ട ഷൈന്‍ ടോം ചാക്കോ ജനല്‍ വഴി ചാടി, രണ്ടാം നിലയിലെ ഷീറ്റ് വഴി ഊര്‍ന്നിറങ്ങി സ്വിമ്മിങ് പൂളിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള കോണിപ്പടികള്‍ വഴി ഓടി രക്ഷപ്പെട്ടു. മുറിയില്‍ പരിശോധന നടത്തിയ ഡാന്‍സാഫ് സംഘത്തിന് കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്നത് ഷൈന്‍ ടോം ചാക്കോയാണെന്ന് സന്ദര്‍ശകനും പോലീസിനോട് വ്യക്തമാക്കിയിരുന്നു.
പേടിച്ചിട്ടാകാം മകന്‍ മുറിയില്‍നിന്ന് ഓടി രക്ഷപ്പെട്ടത് എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ അമ്മ പ്രതികരിച്ചത്. 'യൂണിഫോമില്‍ അല്ല പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്. റൂം സര്‍വീസിന് വന്നതാണോയെന്ന് അവന്‍ വിളിച്ച് ചോദിച്ചിരുന്നു. ആരേയും അയച്ചിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു. താന്‍ ആരേയും വിളിച്ചിട്ടില്ലെന്ന് ഷൈനും പറഞ്ഞു. ഉറക്കത്തിനിടയില്‍ പെട്ടെന്നല്ലേ ഉദ്യോഗസ്ഥരെ കാണുന്നത്. അപ്പോള്‍ ഇറങ്ങി ഓടിയതാണ്. മകന്‍ എവിടെ എന്നറിയില്ല', അമ്മ മറിയ കാര്‍മല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ബുധനാഴ്ച രാവിലെ അഞ്ചരയോടെയാണ് ഷൈന്‍ ഹോട്ടലില്‍ മുറി എടുത്തത്. 10 മണിയോടെ ഷൈന്‍ ടോം ചാക്കോയെ കാണാന്‍ ഒരു യുവതി എത്തി. മണിക്കൂറുകള്‍ക്ക് ശേഷം ഇതേ നിലയില്‍ യുവതിക്കുവേണ്ടിയും ഒരു മുറിയെടുത്തു. വൈകീട്ടോടെ പാലക്കാട് സ്വദേശിയായ ഒരാള്‍ ഷൈനിനെ കാണാന്‍ എത്തി.
പോലീസിനെ കണ്ടതിനെത്തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ഷൈനിന്റെ നടപടി സംശയകരമാണെന്നാണ് പോലീസ് നിഗമനം. കൈയില്‍നിന്ന് വഴുതിപ്പോയ നടനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാണ്. ഇയാളുടെ ഫ്‌ളാറ്റില്‍ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല.
Content Highlights: Shine Tom Chacko escaped from a Kochi edifice aft constabulary arrived looking for different suspect
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·