ഡിക്ലയർ ചെയ്യാതെ ഇന്ത്യയെ തളർത്തി; ഇന്ത്യന്‍ സ്പിന്നർമാർക്ക് ‘തിരിയാത്ത പന്ത്’ ദക്ഷിണാഫ്രിക്കയ്ക്ക് വഴങ്ങിയതെങ്ങനെ?

1 month ago 2

മനോരമ ലേഖകൻ

Published: November 27, 2025 08:54 AM IST

2 minute Read

 BIJUBORO/AFP
ബാറ്റിങ്ങിനിടെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ഗ്രൗണ്ടിൽ വീണപ്പോൾ. Photo: BIJUBORO/AFP

ഗുവാഹത്തി ∙ ‘‘ബാറ്റ് ചെയ്ത് 500നു മുകളിൽ റൺസ് നേടുക, സ്പിന്നർമാരെ ഉപയോഗിച്ച് ഞങ്ങളെ 200ൽ താഴെ എറിഞ്ഞൊതുക്കുക. ഇത്തരത്തിൽ ഞങ്ങളുടെ ബാറ്റർമാർക്കു മേലേ മാനസികാധിപത്യം നേടിയാണ് ഓരോ ടെസ്റ്റിലും ഇന്ത്യ വിജയിച്ചത്. ഈ പരമ്പരയിൽ ഞങ്ങൾ തീർത്തും നിസ്സഹായരായിരുന്നു’’– 2019ൽ, ഇന്ത്യയിൽ നടന്ന 3 മത്സര ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയ ശേഷം ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി പറഞ്ഞു. 6 വർഷത്തിനു ശേഷം, ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ലീഡ് 400നു മുകളിലായിട്ടും എന്തുകൊണ്ട് ദക്ഷിണാഫ്രിക്ക ഡിക്ലയർ ചെയ്തില്ലെന്നു ചോദിച്ചവരോട് ‘ഞങ്ങൾക്ക് ഇന്ത്യയെ ശാരീരികവും മാനസികവുമായി തളർത്തി, ഇഴയിക്കണമായിരുന്നു’ എന്നായിരുന്നു പരിശീലകൻ ഷുക്റീ കോൺറാഡിന്റെ മറുപടി. മുട്ടിലിഴയിപ്പിച്ചവർക്കു മുന്നിൽ നട്ടെല്ലു നിവർത്തി നിൽക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ഈ പരമ്പര വിജയം ധാരാളം. മറുവശത്ത്, സ്വന്തം മണ്ണിൽ ഒരു വർഷത്തിനുള്ളിൽ രണ്ട് ടെസ്റ്റ് പരമ്പരകളിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങേണ്ടിവന്നതിന്റെ ഞെട്ടലും നാണക്കേടും ഇന്ത്യൻ ക്രിക്കറ്റിനെ ഏറെക്കാലം വേട്ടയാടും...

അടിമുടി വീഴ്ച

ദക്ഷിണാഫ്രിക്ക ഉയർത്തിയ റൺമല കയറാൻ അഞ്ചാം ദിനം 8 വിക്കറ്റുമായി ടീം ഇന്ത്യ ഇറങ്ങുമ്പോൾ അദ്ഭുതങ്ങൾ സംഭവിക്കട്ടെ എന്നു മാത്രമായിരുന്നു ആരാധകരുടെ പ്രാർഥന. എന്നാൽ 48 ഓവർ മാത്രമാണ് അ‍ഞ്ചാം ദിനം ഇന്ത്യയ്ക്കു പിടിച്ചുനിൽക്കാൻ സാധിച്ചത്. 140 റൺസിൽ ഇന്ത്യയെ എറിഞ്ഞൊതുക്കി, 408 റൺസിന്റെ റെക്കോർഡ് ജയവുമായി ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി. 54 റൺസുമായി ഒറ്റയാൾ പോരാട്ടം നടത്തിയ രവീന്ദ്ര ജഡേജ കൂടി ഇല്ലാതിരുന്നെങ്കിൽ ഈ തോൽവി ഭാരം ഇനിയും കൂടിയേനെ. സ്കോർ: ദക്ഷിണാഫ്രിക്ക 489, 5ന് 260 ഡിക്ലയേഡ്. ഇന്ത്യ 201, 140. റൺസ് അടിസ്ഥാനത്തിൽ ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്.

ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചറിയും മത്സരത്തിൽ ആകെ 7 വിക്കറ്റും നേടിയ ദക്ഷിണാഫ്രിക്കയുടെ മാർക്കോ യാൻസനാണ് പ്ലെയർ ഓഫ് ദ് മാച്ച്. രണ്ടാം ഇന്നിങ്സിലെ 6 വിക്കറ്റ് ഉൾപ്പെടെ പരമ്പരയിൽ 17 വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കൻ സ്പിന്നർ സൈമൺ ഹാമർ പ്ലെയർ ഓഫ് ദ് സീരീസ് പുരസ്കാരം സ്വന്തമാക്കി.

washi-jadeja

വാഷിങ്ടൻ സുന്ദറും രവീന്ദ്ര ജഡേജയും ബാറ്റിങ്ങിനിടെ. Photo: X@BCCI

പിച്ച് മുതൽ പിഴവുകൾ

എവിടെയാണ് ഇന്ത്യയ്ക്കു പിഴച്ചതെന്ന ചോദ്യത്തിനു ടീമംഗങ്ങൾ മുതൽ പരിശീലകനിലേക്കും പിച്ച് ക്യൂറേറ്റർമാരിലേക്കും വരെ വിരൽ ചൂണ്ടേണ്ടി വരും. ആദ്യ ടെസ്റ്റ് നടന്ന കൊൽക്കത്തയിലെ സ്പിൻ വിക്കറ്റിനു പകരം രണ്ടാം ടെസ്റ്റിൽ പേസർമാർക്ക് അനുകൂലമായ പിച്ചൊരുക്കി പരീക്ഷണത്തിന് ഇന്ത്യ മുതിർന്നപ്പോൾ അവിടെയും ദക്ഷിണാഫ്രിക്ക കളമറിഞ്ഞ് കളിച്ചു. ഇന്ത്യൻ പിച്ചുകളിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ടോസ് നേടുന്ന ടീമുകൾ ബാറ്റിങ് തിരഞ്ഞെടുക്കുകയാണ് പതിവ്. പിച്ചിൽ നിന്ന് ആദ്യ രണ്ടു ദിവസം ബാറ്റിങ്ങിന് ലഭിക്കുന്ന ആനുകൂല്യം പരമാവധി മുതലെടുത്ത് മികച്ച ഒന്നാം ഇന്നിങ്സ് സ്കോർ കണ്ടെത്തി, പിന്നാലെ എതിരാളികളെ സ്പിൻ കെണിയിൽ വീഴ്ത്തുന്നതാണ് ഇന്ത്യൻ ശൈലി. കഴിഞ്ഞ 10 വർഷത്തെ കണക്കെടുത്താൽ, ഇന്ത്യയിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ മൂന്നിൽ രണ്ടും ജയിച്ചത് ടോസ് നേടിയ ടീമായിരുന്നു. ഈ പരമ്പരയിൽ രണ്ടു മത്സരത്തിലും ടോസ് നേടിയ ദക്ഷിണാഫ്രിക്ക, രണ്ടാമതൊന്നു ചിന്തിക്കാതെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

നിതീഷ് ഇഫക്ട്

ആദ്യ ടെസ്റ്റിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ അക്ഷർ പട്ടേലിനെ മാറ്റി പേസ് ബോളിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ രണ്ടാം ടെസ്റ്റിലേക്കു കൊണ്ടുവന്നത് ഗുവാഹത്തി പിച്ചിലെ പേസും ബൗൺസും പരിഗണിച്ചാണ്. എന്നാൽ രണ്ട് ഇന്നിങ്സിലുമായി നിതീഷ് ആകെ എറിഞ്ഞത് 10 ഓവർ. ബാറ്റിങ്ങിൽ ആകെ നേടിയത് 10 റൺസ്. 

തിരിയാത്ത പന്തുകൾ

ആർ.അശ്വിന്റെ വിരമിക്കൽ ഇന്ത്യൻ സ്പിൻ ഡിപ്പാർട്മെന്റിലുണ്ടാക്കിയ ശൂന്യത വ്യക്തമാക്കുന്നതാണ് ഈ പരമ്പര. പിച്ചിന്റെ വേഗവും താളവും അറിഞ്ഞ്, ലൈനും ലെങ്തും വേഗവും നിയന്ത്രിച്ചു പന്തെറിയാനുള്ള കഴിവാണ് അശ്വിനെ ടെസ്റ്റിൽ 500ൽ അധികം ടെസ്റ്റ് വിക്കറ്റുകൾ നേടാൻ സഹായിച്ചത്. ഈ പരമ്പരയിൽ, പിച്ചിന്റെ വേഗക്കുറവ് മനസ്സിലാക്കി, മണിക്കൂറിൽ ശരാശരി 80 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞാണ്  ഹാമറും മഹാരാജും ഇന്ത്യൻ ബാറ്റർമാരെ വട്ടം കറക്കിയത്. എന്നാൽ ജഡേജയും വാഷിങ്ടനും പന്തെറിഞ്ഞത് ശരാശരി 90 കിലോമീറ്റർ വേഗത്തിലും. ഇരുവർക്കും പിച്ചിൽ നിന്ന് കാര്യമായ പിന്തുണ ലഭിക്കാതെ പോയതും ഇതിനാലായിരുന്നു.

English Summary:

India vs South Africa Test Series analysis, focusing connected India's defeat. The bid exposed weaknesses successful India's batting and rotation bowling. South Africa's strategical play and effectual rotation bowling led to their victory, marking a important setback for Indian cricket.

Read Entire Article