Published: October 24, 2025 07:01 PM IST
1 minute Read
തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കായികമേളയിൽ പുതിയ റെക്കോർഡുകൾ പിറക്കുകയാണ്. ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിലാണു പുതിയ റെക്കോർഡ്. ഡിസ്കസ് ത്രോയിൽ കാസർകോടിനായി സ്വർണം നേടിയ സോനാ മോഹന്‍ കണ്ടെത്തിയത് പുത്തൻ ദൂരം. ജൂനിയർ ഡിസ്‌കസ് ത്രോയിൽ തൃശൂർ സ്വദേശി അതുല്യ ഏഴ് വർഷം മുൻപ് കുറിച്ച 37.73 എന്ന റെക്കോഡ് തിരുത്തി പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ചെറുവത്തൂർ സ്വദേശിനിയായ സോനാ മോഹൻ.
38.64 എന്ന റെക്കോഡാണ് സോന കുറിച്ചിരിക്കുന്നത്. കോച്ച് ഗിരീഷ് കെ.സിയുടെ ശിക്ഷണത്തിലാണ് സോന മികച്ച പ്രകടനം പുറത്തെടുത്തത്. ഓട്ടോ തൊഴിലാളിയായ പി.പി. മോഹനൻ, റ്റി. സൗമ്യ ദമ്പതികളുടെ മൂത്ത മകളായ സോന കാസർഗോഡ് കുട്ടമത്ത് ജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. കഴിഞ്ഞ സ്കൂൾ കായിക മേളയില്‍ സോന ജൂനിയർ ഡിസ്‌കസ് ത്രോയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.
ഡിസ്കസ് ത്രോയിൽ മലപ്പുറം സിഎച്ച്എംകെഎംഎച്ച്എസ് കവനൂരിന്റെ ദിയ കൃഷ്ണ വെള്ളി നേടി. 31.49 മീറ്റർ ദൂരമാണ് ദിയ കണ്ടെത്തിയത്. മലപ്പുറം മുക്കുതല സിഎൻജിഎച്ച്എസ്എസിലെ ടി.വി. തുഷാര വെങ്കലം സ്വന്തമാക്കി.
സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കോഴിക്കോടിന് വേണ്ടി ഡെന ഡോൺ സ്വർണം എറിഞ്ഞു വീഴ്ത്തി. പുല്ലുംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയായ ഡെന കഴിഞ്ഞ നാല് വർഷമായി സംസ്ഥാന സ്കൂൾ മീറ്റിലും പങ്കെടുക്കുന്നു. സ്വർണം നേടുന്നത് ഇത് രണ്ടാം തവണയാണ്. 38.40 മീറ്റർ ദൂരമാണ് ഡെന ഇത്തവണ എറിഞ്ഞിട്ടത്.
പുല്ലുംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ പരിശീലനത്തിലൂടെയാണ് ഡെന സ്കൂൾ കായികമേളയ്ക്ക് തയ്യാറെടുത്തത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ഡോണി പോളിന്റെ മകളാണ് ഡെന. ഡെനയുടെ ചേച്ചി ഡോണ ഡോണ്‍ ദേശീയ മീറ്റ് ഷോട്ട്പുട്ടിൽ സ്വർണം നേടിയിരുന്നു.
English Summary:








English (US) ·