'ഡീയസ് ഈറേ'; പ്രണവ് മോഹന്‍ലാല്‍- രാഹുല്‍ സദാശിവന്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

8 months ago 7

ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറര്‍ ഴോണറിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചില്‍ ശൈലിയോടുള്ള തങ്ങളുടെ പ്രതിബദ്ധത ഇരട്ടിയാക്കുവാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. തങ്ങളുടെ രണ്ടാം ചിത്രത്തിന്റെ പേര് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് പുറത്തുവിട്ടിരിക്കുന്നു. 'ഡീയസ് ഈറേ' എന്ന് ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം 'ഭ്രമയുഗം' ഒരുക്കിയ രാഹുല്‍ സദാശിവന്‍ തന്നെയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നു.

'ഭ്രമയുഗ'ത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് 'ഡീയസ് ഈറേ'യുടെയും അണിയറയില്‍. ഏപ്രില്‍ 29-ന് ചിത്രീകരണം പൂര്‍ത്തിയായ ഈ സിനിമ നിലവില്‍ പോസ്റ്റ്- പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

'ഭ്രമയുഗത്തിലൂടെ, ഇന്ത്യന്‍ ഹൊറര്‍ ത്രില്ലറുകള്‍ക്ക് ആഗോളതലത്തില്‍ നേടാന്‍ കഴിയുന്ന ശ്രദ്ധ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. 'ഡീയസ് ഈറേ' ഈ മുന്നേറ്റത്തിന്റെ അടുത്ത പടിയാണ്. പ്രണവ് മോഹന്‍ലാല്‍ ഈ ഴോണറില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ പോവുകയാണ്. പുതിയ തലമുറയുമായി ആഴത്തില്‍ ബന്ധിപ്പിക്കുന്ന തീര്‍ത്തും വ്യത്യസ്തവും വൈകാരികവുമായ ലോകമാണ് 'ഡീയസ് ഈറേ'യില്‍ അവതരിപ്പിക്കുന്നത്. ഇതൊരു ഹൊറര്‍- ത്രില്ലര്‍ സിനിമയായിരിക്കുമ്പോള്‍ തന്നെ, ഇതിന്റെ കഥപറച്ചില്‍ രീതിയിലും മറ്റും വലിയ മാറ്റങ്ങളുണ്ടാകും', ചിത്രം പുതിയ ഒരു ദൃശ്യാനുഭവം സമ്മാനിക്കും എന്ന് സൂചിപ്പിച്ചുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

'ഡീയസ് ഈറേ'യുടെ പ്ലോട്ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിന്റെ ദിനം എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈന്‍ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്ത ആഴ്ച പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും.

ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍ ഐഎസ്‌സി, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, സംഗീത സംവിധായകന്‍: ക്രിസ്റ്റോ സേവ്യര്‍, എഡിറ്റര്‍: ഷാഫിഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനര്‍: ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്സ്: എം.ആര്‍. രാജാകൃഷ്ണന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, സ്റ്റണ്ട്: കലൈ കിംഗ്‌സണ്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, പബ്ലിസിറ്റി ഡിസൈന്‍: ഏസ്‌തെറ്റിക് കുഞ്ഞമ്മ, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: ഡിജിബ്രിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പിആര്‍ഒ: ശബരി, മ്യൂസിക് ഓണ്‍: നൈറ്റ് ഷിഫ്റ്റ് റെക്കോര്‍ഡ്‌സ്.

Content Highlights: `Dies irae`, fearfulness thriller starring Pranav Mohanlal, directed by Rahul Sadasivan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article