ഇ.വി.ജയകൃഷ്ണൻ
08 September 2025, 07:27 AM IST

ഗായത്രി മനോഹർ
കാഞ്ഞങ്ങാട്:യുഎഇക്കുവേണ്ടി എതിരാളികളുടെ ലോങ് ഷൂട്ടിനെ പ്രതിരോധിച്ച് ഫുട്ബോളുമായി മുന്നേറുകയാണ് ഒരു കാസർകോട്ടുകാരി. ഡെന്മാർക്കിലും സ്വീഡനിലുമൊക്കെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച യുഎഇ ദേശീയ വനിതാ ഫുട്‌ബോൾതാരം ഗായത്രി മനോഹറാണ് ഈ കാസർകോട്ടുകാരി. ബേഡകം പഞ്ചായത്തിലെ പാലേരിച്ചാൽ സ്വദേശിനിയാണ് ഗായത്രി. ദുബായിയിലാണ് പഠിച്ചതും വളർന്നതും.
2022-ൽ 22 വയസ്സിന് താഴെയുള്ളവരുടെ യുഎഇ ദേശീയ ടീമിൽ അംഗമായി. മിഡ് ഫീൽഡ് താരമായി ഡാന കപ്പിനുവേണ്ടിയായിരുന്നു ഡെന്മാർക്കിൽ ആദ്യം ജേഴ്‌സിയണിഞ്ഞത്. ഗോത്യ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിനായി സ്വീഡനിലെത്തി തായ്‌ലാൻഡ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുമായി കളിച്ചു.
അമേരിക്കയിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോർക്കിൽ ബിരുദ വിദ്യാർഥിനിയാണ്. അവിടെ സർവകലാശാല ടീമിലും അംഗമാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഇന്ത്യയിലെ സിബിഎസ്ഇ ദേശീയ ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. അന്ന് മധ്യപ്രദേശിലെത്തിയാണ് കളിച്ചത്.
യുഎഇ എംപയേഴ്‌സ് ഫുട്‌ബോൾ ക്ലബിലൂടെയാണ് ദേശീയ ടീമിലെത്തിയത്. കുഞ്ഞുനാളിൽ സഹോദരന്റെ ഫുട്‌ബോൾ പരിശീലനം കണ്ടാണ് ഫുട്‌ബോളിനോട് ഇഷ്ടം തോന്നിയതെന്ന് ഗായത്രി. ദുബായിയിലെ ഇംഗ്ലീഷ് ക്ലബിൽ അംഗമാണ് സഹോദരൻ അജയ് മനോഹർ.
പഠനത്തിലും മിടുക്കിയാണ് ഗായത്രി. പത്താംക്ലാസിൽ 98 ശതമാനവും പ്ലസ്ടുവിന് 97 ശതമാനവും മാർക്ക് നേടി. ദുബായിയിൽ ഓഡിറ്റ് ആൻഡ് അക്കൗണ്ടിങ് സ്ഥാപനം നടത്തുന്ന മനു പാലേരിച്ചാലിന്റെയും സൗമ്യയുടെയും മക്കളാണ് ഗായത്രിയും അജയ് മനോഹറും.
Content Highlights: kasaragod miss uae shot team








English (US) ·