ഡേറ്റിങ്ങിന്റെ പേരില്‍ ചിലര്‍ രാത്രി വീടുവിട്ടിറങ്ങുന്നു, ഭയാനകമായ അവസ്ഥ - കങ്കണ

5 months ago 6

Kangana

കങ്കണ റണൗട്ട് | ഫോട്ടോ: www.facebook.com/KanganaRanaut

ഡേറ്റിംഗും ലിവ്-ഇൻ റിലേഷനും ഇന്ത്യൻ സംസ്കാരത്തെ എങ്ങനെ തകർക്കുന്നു എന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്. ഡേറ്റിം​ഗ് ആപ്പുകൾ അവർ വിമർശിക്കുകയും ചെയ്തു. ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവരെ മോശം വിഭാഗത്തിലാണ് താന്‍ ഉള്‍പ്പെടുത്തുകയെന്ന് കങ്കണ പറഞ്ഞു. ഹോട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണ ഈ വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഒരു ഡേറ്റിം​ഗ് ആപ്ലിക്കേഷനിൽ പ്രൊഫൈൽ ഉണ്ടാക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിക്കുമോ എന്നായിരുന്നു അഭിമുഖത്തിൽ കങ്കണ നേരിട്ട ഒരു ചോദ്യം. താൻ ഒരിക്കലും ഡേറ്റിംഗ് ആപ്പുകളിൽ ഉണ്ടാകാൻ ആഗ്രഹിച്ചിട്ടില്ലെന്ന് കങ്കണ ഇതിന് മറുപടി പറഞ്ഞു. അത് യഥാർത്ഥത്തിൽ നമ്മുടെ സമൂഹത്തിന്റെ ഏറ്റവും മോശമായ വശമാണ്. എല്ലാവർക്കും ആവശ്യങ്ങളുണ്ട്, അത് സാമ്പത്തികമോ ശാരീരികമോ മറ്റെന്തെങ്കിലുമോ ആകട്ടെയെന്നും കങ്കണ പറഞ്ഞു.

"ഓരോ സ്ത്രീക്കും പുരുഷനും ആവശ്യങ്ങളുണ്ട്, എന്നാൽ നമ്മൾ അവയെ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്? ഡേറ്റിം​ഗ് എന്ന പേരിൽ ആരെയെങ്കിലും തേടി എല്ലാ ദിവസവും രാത്രി വീട് വിട്ട് ഇറങ്ങിപ്പോകുന്ന സാഹചര്യമാണ് ഇന്നുള്ളത്. അതുവളരെ ഭയാനകമാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു മോശം പ്രവർത്തിയാണ്. അത്തരം ആളുകളുമായി സമ്പർക്കം പുലർത്തുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ വ്യക്തി ഡേറ്റിംഗ് ആപ്പിൽ പോകാൻ ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. അംഗീകാരം ആഗ്രഹിക്കുന്നവരും ആത്മവിശ്വാസമില്ലാത്തവരുമായ ആളുകളാണ് അത്തരം സ്ഥലങ്ങളിൽ പോകുന്നത്. ജോലി ചെയ്യുന്ന ഓഫീസുകളിലോ, പഠിക്കുന്ന കോളേജുകളിലോ, അല്ലെങ്കിൽ വിവാഹത്തിനായി നിങ്ങളുടെ മാതാപിതാക്കൾ കണ്ടെത്തുന്ന പങ്കാളികളിലോ നിങ്ങൾക്ക് നല്ല ആളുകളെ കണ്ടെത്താനാകും." കങ്കണ അഭിപ്രായപ്പെട്ടു.

ജീവിതത്തിൽ വിജയിച്ചിട്ടില്ലാത്ത ആളുകളാണ് ഡേറ്റിംഗ് ആപ്പുകളിൽ ഉള്ളതെന്നും അവർ പറഞ്ഞു. "എന്നെപ്പോലുള്ളവരെ നിങ്ങൾക്ക് ഡേറ്റിംഗ് ആപ്പുകളിൽ കണ്ടെത്താനാവില്ല. ജീവിതത്തിൽ ഒന്നും നേടാത്ത പരാജിതരെ മാത്രമേ നിങ്ങൾക്ക് അവിടെ കാണാനാകൂ... ഓഫീസിലോ മാതാപിതാക്കളിലൂടെയും ബന്ധുക്കളിലൂടെയും ആരെയും കണ്ടെത്താൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ, നിങ്ങൾ ഒരു ഡേറ്റിംഗ് ആപ്പിൽ എത്തിപ്പെട്ടാൽ, നിങ്ങൾ എങ്ങനെയുള്ള സ്വഭാവക്കാരായിരിക്കുമെന്ന് സങ്കൽപ്പിച്ചുനോക്കൂ." കങ്കണ പറഞ്ഞു.

ലിവ്-ഇൻ റിലേഷനുകളെക്കുറിച്ചും കങ്കണ റണൗട്ട് സംസാരിച്ചു. വിവാഹം പോലുള്ള ചില സ്ഥാപനങ്ങൾ മാറ്റമില്ലാതെ തുടരണമെന്നും ഒരുമിച്ച് താമസിക്കുന്നത് സ്ത്രീകൾക്ക് അപകടങ്ങൾ ഉണ്ടാക്കുന്നുവെന്നും അവർ പറഞ്ഞു.

"നമ്മുടെ സമൂഹത്തിൽ വിവാഹങ്ങൾ വളരെ പ്രധാനമാണ്. ഭാര്യയോട് വിശ്വസ്തനായിരിക്കുമെന്നത് പുരുഷൻ നൽകുന്ന വാഗ്ദാനമാണ്. ഇക്കാലത്ത് ലിവ്-ഇൻ റിലേഷൻഷിപ്പ് പോലുള്ള പുതിയ ആശയങ്ങളെക്കുറിച്ച് കേൾക്കുന്നുണ്ട്. എൻ്റെ ജീവിതത്തിൽ ഞാൻ പ്രണയബന്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്, അത്തരം കാര്യങ്ങളിൽ ഏർപ്പെടുന്ന മറ്റുള്ളവരെയും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഇവ സ്ത്രീകൾക്ക് അനുകൂലമായ കാര്യങ്ങളല്ലെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. ഒരുമിച്ച് താമസിക്കുന്നതിനിടയിൽ നാളെ നിങ്ങൾ ഗർഭിണിയായാൽ, ആരാണ് നിങ്ങളെ പരിപാലിക്കുക?" കങ്കണ ചോദിച്ചു.

ഒരുമിച്ച് താമസിക്കുന്നത് നിയമപരമാണെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, പല നിയമങ്ങളും സ്ത്രീകളെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് കങ്കണ മറുപടി നൽകി. പുസ്തകങ്ങളും സർവേകളും ഉപയോഗിച്ച് നമ്മൾ എത്രയൊക്കെ സ്വയം ശാക്തീകരിക്കുകയോ വിദ്യാഭ്യാസം നേടുകയോ ചെയ്താലും, ശാസ്ത്രീയമായി പറഞ്ഞാൽ, പുരുഷന്മാർക്ക് കാര്യങ്ങളെ വേർതിരിച്ച് കാണാൻ കഴിയും. എന്നാൽ സ്ത്രീകൾക്ക് അതിന് കഴിയില്ലെന്നും കങ്കണ കൂട്ടിച്ചേർത്തു.

Content Highlights: Kangana Ranaut criticizes modern dating culture, calling dating apps the `gutter` of society

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article