02 September 2025, 09:53 AM IST

ഡോണറുമ്മ | AFP
ലണ്ടൻ: ഫുട്‌ബോൾ ട്രാൻസ്‌ഫർവിപണിയുടെ അവസാനദിവസം രണ്ടു ഗോൾ കീപ്പർമാർ മാഞ്ചെസ്റ്ററിലേക്ക് എത്തി. മാഞ്ചെസ്റ്റർ സിറ്റി ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻലൂജി ഡൊണ്ണറുമ്മയെയും മാഞ്ചെസ്റ്റർ യുണൈറ്റഡ്, ബെൽജിയംകാരനായ സെന്നെ ലാമ്മെൻസിനെയും ടീമിലെത്തിച്ചു.
പരിചയസമ്പന്നനായ ഡൊണ്ണറുമ്മയെ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽനിന്നാണ് സിറ്റി സ്വന്തമാക്കിയത്. ഇതോടെ സിറ്റിയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ എഡേഴ്‌സൻ തുർക്കി ക്ലബ് ഫെനർബാഷെയിലേക്ക് മാറും. നിലവിൽ ലോകഫുട്‌ബോളിലെ മികച്ച ഗോൾ കീപ്പർമാരിലൊരാളാണ് ഡൊണ്ണറുമ്മ. ഇറ്റാലിയൻ ക്ലബ് എസി മിലാനായി 251 മത്സരവും പിഎസ്ജിക്കായി 161 മത്സരവും കളിച്ചിട്ടുണ്ട്. കഴിഞ്ഞസീസണിൽ പിഎസ്ജിയുടെ കിരീടനേട്ടങ്ങളുടെ പിന്നിൽ ഭദ്രമായി ഗോൾവലകാത്ത ഡൊണ്ണറുമ്മയുടെ സേവനമുണ്ട്.
ബെൽജിയം ക്ലബ് റോയൽ ആന്റ്‌വെർപ്പിൽനിന്നാണ് 23-കാരൻ ലാമ്മെൻസിനെ യുണൈറ്റഡ് ടീമിലെത്തിച്ചത്. അർജന്റീനാ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെയും ടീം ലക്ഷ്യമിട്ടിരുന്നു. ഏതാണ്ട് 200 കോടിയോളം രൂപയാണ് ഗോളിക്കുവേണ്ടി യുണൈറ്റഡ് ചെലവിട്ടത്. നിലവിൽ ടീമിലുള്ള ആന്ദ്രെ ഒനാനയും ആൽറ്റെ ബെയിൻഡറും പിഴവുകൾ വരുത്തുന്നത് സ്ഥിരമായതോടെയാണ് യുണൈറ്റഡ് പുതിയ ഗോൾ കീപ്പറെ ടീമിലെത്തിച്ചത്.
Content Highlights: Manchester United motion Lammens Manchester City motion Donnarumma








English (US) ·