ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉപയോഗിക്കുന്ന ഡ്യൂക്‌സ് പന്തുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ഇന്ത്യ ആശങ്ക ഉന്നയിച്ചിരുന്നു. ലീഡ്‌സില്‍ നടന്ന ഒന്നാം ടെസ്റ്റിനിടെ നിരവധി തവണ പന്ത് മാറ്റി നല്‍കാന്‍ ഇന്ത്യന്‍ താരങ്ങള്‍ അമ്പയറോട് ആവശ്യപ്പെടുന്നത് കാണാമായിരുന്നു. പിന്നാലെ ഡ്യൂക്‌സ് പന്തുകള്‍ വളരെവേഗം മൃദുവാകുന്നുവെന്ന ആശങ്ക ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പങ്കുവെച്ചിരുന്നു. പന്ത് ഉപയോഗിക്കുമ്പോള്‍ ബൗളര്‍മാര്‍ക്ക് കാര്യമായ സഹായം ലഭിക്കുന്നില്ലെന്നും ഗില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോഴിതാ ഗില്ലിന്റെ വാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡ്യൂക്‌സ് ബോള്‍ നിര്‍മ്മാതാവ് ദിലീപ് ജജോദിയ. ഒരു ദേശീയ മാധ്യമത്തോടാണ് ഇക്കാര്യത്തില്‍ ദിലീപ് ജജോദിയ പ്രതികരിച്ചത്. പന്തിന്റെ നിലവിലുള്ള രൂപകല്‍പ്പനയെ ന്യായീകരിച്ച അദ്ദേഹം, പന്ത് കൂടുതല്‍ കടുപ്പമുള്ളതാക്കാന്‍ ശ്രമിച്ചാല്‍ അത് ബാറ്റുകള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിച്ചിന്റെ സ്വഭാവം, കാലാവസ്ഥ തുടങ്ങിയ സാഹചര്യങ്ങള്‍ ഉയര്‍ന്ന സ്‌കോറിങ് വരുന്ന മത്സരങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളാണെന്നും അത് ബൗളര്‍മാര്‍ക്ക് സഹായം കുറയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ക്രിക്കറ്റ് പന്തുകള്‍ എപ്പോഴും വിമര്‍ശനത്തിന് വിധേയമാകാറുണ്ട്. ഡ്യൂക്‌സ് മാത്രമല്ല, എസ്ജി, കൂക്കബുറ എന്നിവയെല്ലാമാകാം. ടെസ്റ്റിന് ഒരു പുതിയ പന്ത് നല്‍കണം, അതും ടെസ്റ്റ് ചെയ്യാന്‍ സാധിക്കാത്ത ഒന്ന്. പ്രകൃതിദത്ത അസംസ്‌കൃത വസ്തുക്കളില്‍ നിന്നാണ് ഇത് നിര്‍മിച്ചിരിക്കുന്നത് എന്നതിനാല്‍, ഓരോ പന്തും പൂര്‍ണതയുള്ളതായിരിക്കുമെന്ന് 100 ശതമാനം ഉറപ്പ് നല്‍കാന്‍ കഴിയില്ല. ഭൂമിയിലെ ആര്‍ക്കും അത്തരമൊരു കാര്യം നിര്‍മിക്കാന്‍ കഴിയില്ല. ഞാന്‍ എല്ലാവരോടും പറയാറുണ്ട്, ബാറ്റുകള്‍ മാറിയിരിക്കുന്നു, അവ വളരെ ശക്തമാണ്, കളിക്കാര്‍ കൂടുതല്‍ ശക്തരാണ്, അവര്‍ പലപ്പോഴും ഗ്രൗണ്ടിന് പുറത്തേക്ക് പന്ത് അടിക്കുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കാര്യം എടുക്കുക, അദ്ദേഹം അങ്ങനെ സിക്‌സ് അടിക്കുന്നയാളല്ല. സുന്ദരനായ ഒരു ഓര്‍ത്തഡോക്‌സ് ബാറ്റ്‌സ്മാനാണ്, പക്ഷേ അദ്ദേഹം സിക്‌സ് അടിക്കുകയായിരുന്നു.'' - ദിലീപ് ജജോദിയ പറഞ്ഞു.
''ഞാന്‍ നല്ല ഉറപ്പുള്ള ഒരു പന്ത് ഉണ്ടാക്കിയാല്‍, അത് ബാറ്റുകള്‍ പൊട്ടിപ്പോകാന്‍ കാരണമാകും. അതാണ് പ്രശ്‌നം, നമ്മള്‍ വളരെ ശ്രദ്ധിക്കണം. 80 ഓവറുകളില്‍ പന്ത് ചീത്തയാകണം എന്നതാണ് നിയമം. അതിനാല്‍ പന്ത് 80 ഓവര്‍ കളിക്കണം, അത് ക്രമേണ മോശമാകും. 20 ഓവറുകള്‍ക്ക് ശേഷം പെട്ടെന്ന് വന്ന് ഈ പന്തുകൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നുപോലെ ചെയ്യാനാകുന്നില്ലെന്ന് പറയാന്‍ കഴിയില്ല. യഥാര്‍ഥത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് മാറ്റാനുള്ള ഓപ്ഷന്‍ ഉണ്ട്.'' - അദ്ദേഹം വ്യക്തമാക്കി.
എന്താണ് ഡ്യൂക്സ് ബോള്‍?
കേള്‍ക്കുമ്പോള്‍ വിദേശ കമ്പനിയാണെന്ന് തോന്നിക്കുമെങ്കിലും ഡ്യൂക്സ് ഒരു ഇന്ത്യന്‍ ബ്രാന്‍ഡാണ്. ഇന്ത്യന്‍ വ്യവസായി ദിലീപ് ജജോദിയയുടെ ഉടമസ്ഥതയിലുള്ള ഡ്യൂക്സ് ക്രിക്കറ്റ് കമ്പനിയാണ് ഈ പന്ത് നിര്‍മിക്കുന്നത്. ഇന്ത്യന്‍ ബ്രാന്‍ഡാണെങ്കിലും പന്ത് നിര്‍മിക്കുന്നത് ഇംഗ്ലണ്ടിലാണ്. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, വെസ്റ്റിന്‍ഡീസ് ടീമുകള്‍ സ്ഥിരമായി ഡ്യൂക്സ് പന്തുകളാണ് ഉപയോഗിക്കുന്നത്. പേസര്‍മാര്‍ ഏറെ ഇഷ്ടപ്പെടുന്ന പന്താണിത്. പന്തിന്റെ തിളക്കം ഏറെ നേരം നില്‍ക്കുന്നു എന്നതും ഇര്‍പ്പത്തെ അതിവേഗം അതിജീവിക്കും എന്നതും ഈ പന്തിനെ പേസര്‍മാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. മികച്ച സ്വിങ്ങാണ് ഈ പന്തിന്റെ മറ്റൊരു പ്രത്യേകത. മികച്ച സീം നിലനിര്‍ത്താനും ഈ പന്ത് പേസര്‍മാരെ സഹായിക്കും.
സാധാരണയായി എസ്.ജി അല്ലെങ്കില്‍ കൂക്കാബുറ പന്തുകളാണ് ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കാറ്. എസ്.ജി ഇന്ത്യന്‍ കമ്പനിയാണ്. കൂക്കാബുറ ഓസ്ട്രേലിയയില്‍ നിന്ന് നിര്‍മിക്കുന്നതാണ്. ഡ്യൂക്സും എസ്.ജിയും കൈകൊണ്ട് തുന്നുന്നവയാണ്. പൂര്‍ണമായും മെഷീന്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ കുക്കാബുറ പൂര്‍ണമായും മെഷീന്‍ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. കൈകൊണ്ട് തുന്നുന്നതിനാല്‍ ഡ്യൂക്സ് പന്തുകള്‍ ഏറെ നേരം ഉപയോഗിക്കാനാകും. പന്ത് പഴകിയാല്‍ സ്പിന്നര്‍മാര്‍ക്കും നന്നായി ബൗള്‍ ചെയ്യാനാകും.
ബാറ്റര്‍മാര്‍ക്ക് വില്ലന്‍
ഏറെ പ്രത്യേകതകളുണ്ടെങ്കിലും ബാറ്റര്‍മാരെ സംബന്ധിച്ചിടത്തോളം ഡ്യൂക്സ് പന്തുകള്‍ പേടിസ്വപ്നമാണ്. സ്വിങ്ങിനെയും സീമിനെയും അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന വിദേശ പിച്ചുകളില്‍ ഡ്യൂക്സ് പന്തുകള്‍ക്ക് അത്ഭുതങ്ങള്‍ കാണിക്കാനാകും. ബൗളര്‍മാര്‍ക്ക് ഏറെ പിന്തുണ ലഭിക്കുന്നതിനാല്‍ ബാറ്റര്‍മാര്‍ അതീവ ശ്രദ്ധയോടെ ബാറ്റുവീശേണ്ടിവരും. ഏറെ നേരം പേസ് ബൗളര്‍മാര്‍ക്ക് സ്വിങ് നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് ഡ്യൂക്സ് പന്തുകളെ അപകടകാരിയാക്കുന്നത്.
Content Highlights: India raises concerns implicit Dukes cricket balls prime successful England Test series. Manufacturer responds








English (US) ·