ഡ്യൂപ്പ് ആർട്ടിസ്റ്റുകളിൽ പലർക്കും പരിക്കേറ്റു, അപകടം നിറഞ്ഞ രംഗങ്ങളായിരുന്നു ചിത്രീകരിച്ചത്

8 months ago 9

kamal hassan successful  india 2 and thyagarajan

കമൽഹാസൻ ഇന്ത്യൻ 2വിന്റെ പ്രചരപരിപാടിയിൽ (ഇടത്ത്), ത്യാഗരാജൻ (വലത്ത്)

നാലു വർഷം മുൻപ്, ബൈപ്പാസ് സർജറി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ത്യാഗരാജന് സംവിധായകൻ ശങ്കറിന്റെ ഫോൺ വരുന്നത്. ഇന്ത്യൻ 2 നു വേണ്ടി ഫൈറ്റ് കമ്പോസ് ചെയ്യണം.ശങ്കറിനെപ്പോലെ ഇന്ത്യയിലെ വലിയൊരു ഡയറക്ടർ അദ്ദേഹത്തിന്റെ സിനിമയിൽ ഫൈറ്റ് മാസ്റ്ററായി ജോലി ചെയ്യാൻ ത്യാഗരാജനെ വിളിച്ചുപറയേണ്ട കാര്യമില്ല. സാധാരണ നിലയിൽ അസിസ്റ്റന്റുമാരാരെങ്കിലുമായിരിക്കും ഇത്തരം കാര്യങ്ങൾ അറിയിക്കുക. പക്ഷേ, വലിയ ഒരു ഡയറക്ടറാണ് താനെന്ന ഭാവം ഒട്ടുമില്ലാതെ, സീനിയറായ എല്ലാവരോടും ശങ്കർ കാണിച്ചിരുന്ന സ്നേഹമാണ് ത്യാഗരാജനെയും തേടിയെത്തിയത്.

മുൻപ് ശങ്കറിന്റെ ഒരു ചിത്രത്തിനുവേണ്ടി ഫൈറ്റ് ഒരുക്കിയിട്ടുണ്ടെങ്കിലും മറ്റു സിനിമകളുടെ തിരക്ക് കാരണം പിന്നീട് അദ്ദേഹത്തിന്റെ സിനിമകളിൽ വർക്ക് ചെയ്യാൻ ത്യാഗരാജന് കഴിഞ്ഞില്ല. തന്റെ അപ്പോഴത്തെ അവസ്ഥ ശങ്കറിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടിയും ത്യാഗരാജനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
"മാസ്റ്റർ നന്നായി റെസ്റ്റെടുക്കൂ.. അതിനുശേഷം മതി."
ഇന്ത്യൻ 2 നു വേണ്ടിയുള്ള ഫൈറ്റ് ത്യാഗരാജൻ തന്നെ ഒരുക്കണമെന്ന് ശങ്കറിന് നിർബന്ധമുള്ള പോലെ തോന്നി. യഥാർഥത്തിൽ ഇന്ത്യൻ 2ന്റെ ഫൈറ്റ് മാസ്റ്റർ ത്യാഗരാജൻ മാത്രമല്ല. ഇന്ത്യയിലും പുറത്തുമുള്ള മറ്റു നാലുപേർ കൂടിയുണ്ട്. ഇക്കാര്യം ശങ്കർ തുറന്നുപറയുകയും ചെയ്തിരുന്നു. എങ്കിലും ഒരു ട്രെയിൻ ഫൈറ്റ് ഉൾപ്പെടെ കുറെ ആക്ഷൻ സീനുകൾ ത്യാഗരാജൻ തന്നെ ചെയ്യണമെന്ന് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും വ്യക്തമായി.

അറുപത് വർഷത്തിലേറെ നീണ്ട സിനിമാജീവിതത്തിൽ അപകടം പിടിച്ച ഒരുപാട് അനുഭവങ്ങളിലൂടെ ത്യാഗരാജൻ കടന്നുപോയിട്ടുണ്ട്. പല ഘട്ടങ്ങളിലും ഭാര്യയും മക്കളും പറഞ്ഞതാണ് ഈ ജോലി മതിയാക്കാൻ. പക്ഷേ, മരിക്കുന്നെങ്കിൽ ഈ രംഗത്ത് വെച്ചായിരിക്കണമെന്ന് ത്യാഗരാജൻ ഉള്ളിൽ കൊണ്ടുനടന്ന ഒരു ആഗ്രഹം കൂടിയായിരുന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ മക്കൾ പറഞ്ഞു :"അച്ഛൻ ഇനി വീട്ടിൽ ഇരുന്നാൽ മതി." പ്രായമെത്രയായാലും കുറേക്കാലം കൂടി അച്ഛൻ ജീവിച്ചിരിക്കണമെന്ന് ഏതൊരു മക്കളും ആഗ്രഹിക്കാതിരിക്കില്ലല്ലോ. എന്നാൽ, സർജറി കഴിഞ്ഞപ്പോഴും ത്യാഗരാജന്റെ ഹൃദയത്തിൽ സിനിമ തന്നെയായിരുന്നു. വീണ്ടും സിനിമയിലേക്ക് വരണം. അവസാനശ്വാസം വരെ സിനിമയ്‌ക്കൊപ്പമുണ്ടാവണം, ആ ഒരു സ്വപ്നം മാത്രമേ മനസ്സിൽ അവശേഷിച്ചുള്ളൂ.

ശങ്കർ പറഞ്ഞപോലെ നന്നായി വിശ്രമിച്ച ശേഷം ഡോക്ടറോടും കൂടി അഭിപ്രായം ചോദിച്ച ശേഷമാണ് സൗത്ത് ആഫ്രിക്കയിലെ ഇന്ത്യൻ 2ന്റെ ലൊക്കേഷനിലേക്ക് ത്യാഗരാജൻ എത്തിയത്. 'വിഷ്ണു വിജയം'മുതൽ പല ചിത്രങ്ങളിലും കമൽഹാസനൊപ്പം വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യൻ 2 പുതിയൊരനുഭവമായിരുന്നു അദ്ദേഹത്തിന്. സിനിമ സാങ്കേതികമായി അത്രകണ്ടു വികസിക്കാത്ത ഒരു കാലത്തും ഊഹിക്കാനാവാത്ത ഉയരങ്ങളിലേക്ക് സിനിമ എത്തിച്ചേർന്ന കാലത്തും കമലിനു വേണ്ടി ഫൈറ്റ് കമ്പോസ് ചെയ്യാൻ കഴിഞ്ഞത് കരിയറിലെ അഭിമാനകരമായ നേട്ടമായി ത്യാഗരാജൻ കാണുന്നു. 'മാസ്റ്റർ' എന്ന കമലിന്റെ വിളിയിലുള്ള സ്നേഹത്തിൽ ഒരു കുട്ടിയുടെ നിഷ്കളങ്കത അന്നും ഇന്നും അദ്ദേഹം അനുഭവിക്കുന്നുണ്ട്. ചില സിനിമകൾക്ക് വേണ്ടി ഒന്നും രണ്ടും മാസങ്ങൾ തുടർച്ചയായി വർക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും നൂറ്റി അൻപതു ദിവസം തുടർച്ചയായി ഒരു ചിത്രത്തിനു വേണ്ടി വർക്ക് ചെയ്യുന്നത് ത്യാഗരാജന്റെ ജീവിതത്തിൽ ആദ്യത്തെ അനുഭവമായിരുന്നു. അതും ദക്ഷിണാഫ്രിക്കയിൽ. മുൻപൊരിക്കലും വീടു വിട്ട് അത്രയും നാൾ അദ്ദേഹം മാറിനിന്നിട്ടില്ല. വീണ്ടും സിനിമയിലേക്ക് പോകുന്നതിൽ ഭാര്യയ്ക്കും മക്കൾക്കും വിഷമമുണ്ടായിരുന്നു. പക്ഷേ, ത്യാഗരാജന്റെ ആഗ്രഹത്തിന് അവരൊരിക്കലും തടസ്സം നിന്നില്ല.

ദക്ഷിണാഫ്രിക്കയിലേക്ക് ത്യാഗരാജനൊപ്പം രണ്ട് അസിസ്റ്റന്റുമാരും നാല് ഫൈറ്റേഴ്സും ഉണ്ടായിരുന്നു. ഇരുപതോളം സ്റ്റണ്ട് ആർട്ടിസ്റ്റുകൾ ദക്ഷിണാഫ്രിക്കയിൽ നിന്നും. ഇന്നത്ത സാങ്കേതികവിദ്യയിൽ ട്രെയിൻ ഫൈറ്റ് എടുക്കുമ്പോൾ ത്യാഗരാജൻ ഓർത്തത് നാൽപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ഇരുമ്പഴികളിലെയും കരിപുരണ്ട ജീവിതങ്ങളിലെയും ക്ലൈമാക്സിലുള്ള ട്രെയിൻ ഫൈറ്റ് ആയിരുന്നു. പ്രത്യക്ഷത്തിൽ തന്നെ അപകടം നിറഞ്ഞ രംഗങ്ങളായിരുന്നു അതിൽ ചിത്രീകരിച്ചത്. ഡ്യൂപ്പ് ആർട്ടിസ്റ്റുകളിൽ നിരവധിപേർക്ക് ആ സിനിമകളുടെ ചിത്രീകരണത്തിൽ പരിക്കേറ്റിരുന്നു. ലൊക്കേഷനിലിരിക്കുമ്പോഴെല്ലാം ഓർമ്മകളിൽ ആ കാലം നിറഞ്ഞുനിന്നു.
ഇന്ത്യൻ സിനിമാലോകം വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ശങ്കറിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായ ഇന്ത്യൻ 2വിൽ ഫൈറ്റ് മാസ്റ്ററായി ത്യാഗരാജനെ പരിഗണിച്ചതുപോലും അറുപതു വർഷത്തിലേറെ നീണ്ട അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് ലഭിച്ച വലിയ ഒരു അംഗീകാരമായിരുന്നു.

പരിചയപ്പെടുന്ന കാലത്ത് കമൽഹാസൻ പയ്യനായിരുന്നു. സിനിമയിൽ കമലിന്റെ വളർച്ച ത്യാഗരാജൻ നേരിൽകണ്ടതാണ്. ചെറുപ്പം മുതലേ ഏത് രീതിയിലുള്ള ഫൈറ്റിനും പറ്റിയ ബോഡി ലാംഗ്വേജായിരുന്നു കമലഹസന്റെത്. ത്യാഗരാജനൊരുക്കിയ നിരവധി സംഘട്ടനരംഗങ്ങൾ ഡ്യുപ്പില്ലാതെ കമൽ ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി മാത്രം പിറന്ന ഒരാളായാണ് പലപ്പോഴും കമലിനെക്കുറിച്ച് ത്യാഗരാജന് തോന്നിയത്. എന്നും പുതുമ ആഗ്രഹിക്കുന്ന കമൽ ചില ഫൈറ്റ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ചോദിക്കും :"മാസ്റ്റർ ഞാൻ ഇങ്ങനെ ചെയ്യട്ടെ, അങ്ങനെ ചെയ്യട്ടെ എന്നൊക്കെ.." വേണ്ട എന്നൊരിക്കലും ത്യാഗരാജൻ കമലിനോട് പറഞ്ഞിട്ടില്ല. കാരണം ഫൈറ്റിനെക്കുറിച്ച് കമലിന് നല്ല അറിവുണ്ടായിരുന്നു. കമലിന്റെ ഒരുപാട് നല്ല നിർദ്ദേശങ്ങൾ സിനിമയിൽ ത്യാഗരാജൻ ഉപയോഗിച്ചിട്ടുമുണ്ട്. ഒരുപക്ഷേ, അഭിനേതാവായിരുന്നില്ലെങ്കിൽ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഫൈറ്റ് മാസ്റ്റർമാരിലൊരാളായി കമൽഹാസൻ മാറുമായിരുന്നു. അൻപത് വർഷത്തിലേറെ നീണ്ട അനുഭവത്തിൽ നിന്നും കമൽഹാസൻ എന്ന ബഹുമുഖപ്രതിഭയെക്കുറിച്ച് ത്യാഗരാജൻ ഉൾക്കൊണ്ട പാഠം കൂടിയാണിത്.

(തുടരും)

Content Highlights: Thyagarajan, a seasoned combat master, shares his acquisition moving connected Kamal Haasan`s Indian 2

ABOUT THE AUTHOR

എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article