Published: May 14 , 2025 05:46 PM IST
1 minute Read
മുംബൈ∙ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് വിരാട് കോലി ടെസ്റ്റ് ഫോർമാറ്റിൽനിന്നു വിരമിച്ചത്. രോഹിത് ശർമ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചതിനു പിന്നാലെയായിരുന്നു കോലിയുടെ വിരമിക്കൽ പ്രഖ്യാപനം. കോലിയുടെ അപ്രതീക്ഷിത നീക്കത്തിൽ ആരാധകർ ഞെട്ടലിലാണെങ്കിലും, ഏറെക്കാലം ആലോചിച്ച ശേഷമാണ് സൂപ്പർ താരം ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യൻ ടെസ്റ്റ് ടീം മാറ്റത്തിന്റെ ഘട്ടത്തിലെത്തുമ്പോൾ ക്യാപ്റ്റൻ സ്ഥാനം കോലി ആഗ്രഹിച്ചിരുന്നതായും ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു.
എന്നാൽ ഒരു യുവതാരത്തെ ക്യാപ്റ്റനാക്കാനാണ് ബിസിസിഐയുടെ താൽപര്യം. ഇതോടെയാണ് കോലി കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നുമാണു വിവരം. പുതിയ മാനേജ്മെന്റിലുള്ള അതൃപ്തിയും കോലിയുടെ നീക്കത്തിനു കാരണമായി. കോലി ആഗ്രഹിച്ച രീതിയിലുള്ള സ്വാതന്ത്ര്യം ടീമിന്റെ ഡ്രസിങ് റൂമിൽ ലഭിക്കാത്തതു താരത്തെ അസ്വസ്ഥനാക്കിയിരുന്നു. വിരമിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനു മുൻപ് കോലി മുൻ ഇന്ത്യൻ പരിശീലകനും അടുത്ത സുഹൃത്തുമായ രവി ശാസ്ത്രിയുമായാണു സംസാരിച്ചത്. പിന്നീട് ബിസിസിഐ സെക്രട്ടറി ജയ് ഷായെ വിളിച്ച് തീരുമാനം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ചീഫ് സിലക്ടർ അജിത് അഗാർക്കറുമായി കോലി രണ്ടു തവണ ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ വിരമിക്കൽ തീരുമാനം മാറ്റാൻ സൂപ്പർ താരം തയാറായില്ല. ഇന്ത്യയ്ക്കായി 123 ടെസ്റ്റുകൾ കളിച്ച കോലി, അതിൽ 68 എണ്ണത്തിലും ടീമിന്റെ നായകനായിരുന്നു. 123 ടെസ്റ്റുകളിലായി 210 ഇന്നിങ്സുകളിൽനിന്ന് 46.85 ശരാശരിയിൽ 9230 റൺസാണ് കോലിയുടെ സമ്പാദ്യം. ഇതിൽ 30 സെഞ്ചറികളും 31 അർധസെഞ്ചറികളും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 254 റൺസാണ് ഉയർന്ന സ്കോർ. കരിയറിലാകെ 1027 ഫോറുകളും 30 സിക്സറുകളും നേടി.
11 ഇന്നിങ്സുകളിൽ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും വിക്കറ്റുകളൊന്നും ലഭിച്ചിട്ടില്ല. ആകെ 175 പന്തുകൾ ബോൾ ചെയ്ത കോലി 84 റൺസാണ് വിട്ടുകൊടുത്തത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൽഡർമാരിൽപ്പെടുന്ന കോലി, ടെസ്റ്റിൽ 121 ക്യാച്ചുകളും സ്വന്തമാക്കിയിട്ടുണ്ട്. നായകനെന്ന നിലയിലും ഇന്ത്യൻ ക്രിക്കറ്റിൽ സമാനതകളില്ലാത്ത പുതിയൊരു അധ്യായം കൂട്ടിച്ചേർത്താണ് കോലി പാഡഴിക്കുന്നത്. കോലി നയിച്ച 68 ടെസ്റ്റുകളിൽ 40 എണ്ണത്തിലും ഇന്ത്യ ജയിച്ചു. തോറ്റത് 17 ടെസ്റ്റുകളിൽ മാത്രം.
ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻമാരിൽ ഏറ്റവും ഉയർന്ന വിജയശതമാനവും കോലിക്കു തന്നെ. മഹേന്ദ്രസിങ് ധോണി നയിച്ച 60 ടെസ്റ്റുകളിൽ ഇന്ത്യ ജയിച്ചത് 27 എണ്ണത്തിലാണ്. സൗരവ് ഗാംഗുലി നയിച്ച 49 ടെസ്റ്റുകളിൽ 21 എണ്ണത്തിലും ഇന്ത്യ ജയിച്ചു. രാജ്യാന്തര ക്രിക്കറ്റിൽത്തന്നെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുള്ള നായകൻമാരിൽ നാലാമനാണ് കോലി. ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത് (109 ടെസ്റ്റുകളിൽനിന്ന് 53 വിജയം), റിക്കി പോണ്ടിങ് (77 ടെസ്റ്റുകളിൽനിന്ന് 48 വിജയം), സ്റ്റീവ് വോ (57 ടെസ്റ്റിൽനിന്ന് 41 ജയം) എന്നിവർ മാത്രം മുന്നിൽ.
English Summary:








English (US) ·